'പൊക്കാളി'' എന്നാല്‍ 'പൊക്കത്തില്‍ ആളുന്നത്' എന്നര്‍ത്ഥം. ആറടിയോളം ഉയരത്തില്‍ വളരുന്ന, ഉയര്‍ന്ന പ്രതിരോധശേഷിയും പോഷകമൂല്യങ്ങളും ഉള്ള പൊക്കാളി അരി കേരളത്തില്‍ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. സമാനതകളില്ലാത്ത  കൃഷി രീതിയാലും ഗുണവിശേഷങ്ങളാലും ഭൂപ്രദേശ സൂചിക ലഭിച്ചിട്ടുള്ള അപൂര്‍വ തരം നെല്ലിനമാണിത്. 

 ചെമ്മീന്‍ വളര്‍ത്തലും നെല്‍ കൃഷിയും മാറിമാറി ചെയ്യുന്ന ജൈവ കൃഷി രീതിയാണ് പൊക്കാളി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സമ്മിശ്ര ജനിതക വിത്തുകള്‍ വികസിപ്പിച്ചെടുക്കാന്‍ പൊക്കാളി അരിയുടെ ജനിതകമായ പ്രത്യേകതകള്‍ കാനഡ, ഫിലിപ്പീന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. 

കടമക്കുടി സന്ദര്‍ശനം

pokali

നുവാല്‍സ്, കൊച്ചി ബൗദ്ധിക സ്വത്തവകാശ സെന്റര്‍ (സി.ഐ.പി.ആര്‍.) ഡയറക്ടര്‍ ഡോ. ആതിര പി.എസിന്റെ  നേതൃത്വത്തില്‍ മാര്‍ച്ച് 4, 5 തീയതികളില്‍ 'കേരളത്തിലെ ഭൂപ്രദേശ സൂചികകള്‍: പൊക്കാളി അരി മാതൃക' എന്ന വിഷയത്തില്‍ പഠനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതിന്റെ  ഭാഗമായി ജില്ലയില്‍ പൊക്കാളി പ്രധാനമായും കൃഷി ചെയ്യുന്ന കടമക്കുടി ഗ്രാമം സന്ദര്‍ശിച്ചു. പൊക്കാളി കൃഷിക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കര്‍ഷകന്‍ കെ.എ. തോമസ് വിദ്യാര്‍ഥികളോട് പൊക്കാളി കൃഷി രീതിയെ കുറിച്ചും കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വിവരിച്ചു. 

2007-ല്‍ ഭൂപ്രദേശ സൂചിക ലഭിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് അതുകൊണ്ട് കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ല. പൂര്‍ണമായും പ്രകൃതിദത്തമായി വിളയിച്ചെടുക്കുന്ന പൊക്കാളിക്ക് ഒരു തരത്തിലുള്ള വളപ്രയോഗവും നടത്താറില്ല. ഉയര്‍ന്ന മുതല്‍മുടക്കും താരതമ്യേന കുറഞ്ഞ വിളവുമാണ് പൊക്കാളിക്ക്. 

എന്നാലും കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്ന സര്‍ക്കാര്‍ പൊക്കാളി അരിക്ക് മറ്റ് അരിക്ക് നല്‍കുന്ന അതേ വിലയാണ് നല്‍കുന്നത്. പൊക്കാളിയുടെ ജൈവ കൃഷി രീതിയും ഔഷധഗുണവും പോഷക സമ്പുഷ്ടതയും മറ്റ് പ്രത്യേകതകളും വാണിജ്യവത്കരിച്ച് വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ വൈദഗ്ദ്ധ്യം ഇല്ലാത്ത കര്‍ഷകര്‍ക്ക് ഇത്  വലിയ തിരിച്ചടിയാണ്. പൊക്കാളിപ്പാടങ്ങള്‍ സന്ദര്‍ശിക്കാനും കെ.എ. തോമസ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി. 

കൃഷി ശോഷിച്ചു

എഴുപതുകളിലെ 25,000 ഹെക്ടറില്‍ നിന്ന് വെറും 2,500 ഹെക്ടറായി ഇന്ന് പൊക്കാളി കൃഷി ചുരുങ്ങിയിരിക്കുന്നു. കര്‍ഷകരുടെ അഭിപ്രായത്തില്‍, സര്‍ക്കാറിന്റേയും മറ്റും ഭാഗത്തു നിന്ന് സഹായം ലഭിച്ചാല്‍ 7000 മുതല്‍ 8000 ഹെക്ടര്‍ വരെ കൃഷി ചെയ്യാനുള്ള ശേഷി ഇന്നും നമുക്കുണ്ട്. വലിയ തോതിലുള്ള നെല്‍വയല്‍ നികത്തലാണ് പൊക്കാളി കൃഷി നശിക്കാന്‍ പ്രധാന കാരണം. കൊയ്ത്തിന് പറ്റിയ യന്ത്രത്തിന്റെ അഭാവം, തൊഴിലാളി ക്ഷാമം, പ്രകൃതിക്ഷോഭങ്ങള്‍, ആവശ്യമായ  വിപണന സാധ്യതകള്‍ ഇല്ലാത്തത് തുടങ്ങിയവ മറ്റു പ്രശ്‌നങ്ങളാണ്.

 പഠന ക്യാമ്പിന്റെ രണ്ടാം ദിനം, കേരള കാര്‍ഷിക സര്‍വകലാശാലാ ബൗദ്ധിക സ്വത്തവകാശ സെല്‍ മേധാവി ഡോ. സി.ആര്‍ എല്‍സി പൊക്കാളിക്ക് ഭൂപ്രദേശ സൂചിക ലഭിക്കാന്‍  നടത്തിയ പ്രയത്‌നങ്ങളെ വിവരിച്ചു. കേരളത്തിലെ മറ്റു ഭൂപ്രദേശ സൂചികകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഭൂപ്രദേശ സൂചിക ലഭിച്ചുകഴിഞ്ഞാല്‍ അതിന്റെ വിപണന സാധ്യതകള്‍ കര്‍ഷകര്‍ കണ്ടെത്തണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

പൊക്കാളിയെ രക്ഷിക്കാം

പൊക്കാളിയെ രക്ഷിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ ക്യാമ്പില്‍ ഉയര്‍ന്നു. സര്‍ക്കാര്‍ തലത്തില്‍ കേരളത്തിലെ ഭൂപ്രദേശ സൂചിക ലഭിച്ചിട്ടുള്ള ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി സമയബന്ധിതമായ പദ്ധതികള്‍  വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്, പ്രത്യേകിച്ച് ടൂറിസം വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കാം. 21 ഭൂപ്രദേശ സൂചിക ലഭിച്ച ഉത്പന്നങ്ങള്‍ കേരളത്തിലുണ്ട്. അതുകൊണ്ടു തന്നെ ഒരു ഭൂപ്രദേശ സൂചിക നയം സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. 

 പൊക്കാളിക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും ഒരു പ്രത്യേക വിപണി പ്രദാനം ചെയ്യാനും ഭൂപ്രദേശ സൂചിക ലഭിച്ച ഉത്പന്നങ്ങളുടെ പരിരക്ഷയ്ക്കായി ഒരു സംസ്ഥാന തല വിദഗ്ദ്ധ സംഘത്തെ രൂപപ്പെടുത്താനും നയത്തില്‍ വ്യവസ്ഥ ചെയ്യാം. 
 കൊയ്ത്ത് യന്ത്രം സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുക, പൊക്കാളി ഭൂമി വികസന ഏജന്‍സിയുടെ   (പി.എല്‍.ഡി.എ.) സാരഥ്യം, മുഴുവന്‍ സമയം അതിനായി ചെലവഴിക്കാന്‍ സാവകാശമുള്ള ഒരു ഉദ്യോഗസ്ഥനെ ഏല്പിക്കുക, തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ഒരു തൊഴിലാളി കൂട്ടായ്മ ഉണ്ടാക്കുക, പൊക്കാളിക്ക് പ്രത്യേക താങ്ങുവില പ്രഖ്യാപിക്കുക, പ്രമുഖ റിസോര്‍ട്ടുകളുടേയും ഹോട്ടലുകളുടെയും തീന്മേശയില്‍ പോക്കാളിയെ എത്തിച്ച് ഉയര്‍ന്ന വില ലഭിക്കാനുള്ള നടപടി സ്വീകരിക്കുക, പൊക്കാളി വില്പനയ്ക്കായി വെബ്സൈറ്റ് ഉണ്ടാക്കുക തുടങ്ങിയവയായിരുന്നു മറ്റ് പ്രധാന നിര്‍ദേശങ്ങള്‍. കര്‍ഷകരുടെ നിയമ സഹായത്തിനായി കൊച്ചി ദേശീയ നിയമ സര്‍വകലാശാല (നുവാല്‍സ്) ഒരു ഭൂപ്രദേശ സൂചിക സെല്‍ (ജി.ഐ. സെല്‍) രൂപവത്കരിക്കാനും ആവശ്യം ഉയര്‍ന്നു. പൊക്കാളി അന്യംനിന്ന് പോവുന്നത് തടയാന്‍ അടിയന്തര നടപടികള്‍ അനിവാര്യമായിരിക്കുന്നു. ഇതിലേക്ക് നുവാല്‍സിന്റെ ആദ്യ കാല്‍വെപ്പായിരുന്നു ഈ ഉദ്യമം.