മൂടിക്കെട്ടിയ അന്തരീക്ഷം, കൂടിയ ആര്‍ദ്രത, മഴയുടെ കുറവ്. ഇത് കുരുമുളകില്‍ ദ്രുതവാട്ടരോഗം പടര്‍ന്നുപിടിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. പറമ്പിലെ രോഗബാധിതമായ എല്ലാ കൊടികളും വേരോടെ  കത്തിച്ചുകളയുന്നതു തന്നെയാണ് ദ്രുതവാട്ടത്തെ പിടിച്ചുകെട്ടാനുള്ള ഒന്നാമത്തെ മാര്‍ഗം.
 
വെള്ളക്കെട്ടുണ്ടാക്കുന്ന സ്ഥലങ്ങളില്‍ മേല്‍മണ്ണില്‍നിന്നും അടിമണ്ണില്‍നിന്നുമുള്ള നീര്‍വാര്‍ച്ച ഉറപ്പുവരുത്തേണ്ടതുണ്ട്. പുളിരസമുള്ള മണ്ണില്‍ വളരുന്ന കുരുമുളകില്‍ ദ്രുതവാട്ടസാധ്യത കൂടും.  കൊടിയുടെ ചുറ്റും അരയടി അകലത്തില്‍ അരയടി താഴ്ചയില്‍ ഒരു കിലോഗ്രാം കുമ്മായം ചേര്‍ക്കുന്നതാണ് മണ്ണൊരുക്കുന്നതിലുള്ള ഒന്നാമത്തെ പാഠം. ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പൊടി കാലവര്‍ഷാരംഭത്തില്‍ 10 കിലോഗ്രാമും തുലാവര്‍ഷാരംഭത്തില്‍ അഞ്ച് കിലോഗ്രാമും ചേര്‍ക്കുന്നത് ദ്രുതവാട്ടത്ത ചെറുക്കാനുള്ള കരുത്തുകൂട്ടും.

ശക്തിയായ മഴമൂലം മണ്ണ് ഇലകളിലേക്ക് തെറിച്ച് രോഗം പടരാതിരിക്കുന്നതിന് തടത്തില്‍ പുതയിടുകയോ ആവരണ വിളകള്‍ വളര്‍ത്തുകയോ ചെയ്യാം. താങ്ങുമരങ്ങളുടെ കൊമ്പുകൊത്തി സൂര്യപ്രകാശംആവശ്യത്തിന് ലഭിക്കുമെന്ന് ഉറപ്പാക്കണം.

മണ്ണില്‍ കണ്ടുവരുന്ന ഫൈറ്റോഫ്‌ത്തോറ അനുകൂല സാഹചര്യത്തില്‍ കൊടിക്കകത്ത് ഇരച്ചുകയറി സൃഷ്ടിക്കുന്ന പ്രശ്‌നമാണ് ദ്രുതവാട്ടത്തിന് കാരണം. മിത്ര ബാക്ടീരിയായ  സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ക്കലക്കി ആഴ്ചയിലൊരിക്കല്‍ ചുവട്ടില്‍ ഒഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുന്നതിലൂടെ രോഗബാധയുണ്ടാകാതെ സംരക്ഷിക്കാം.

ജൈവിക നിയന്ത്രണമാര്‍ഗങ്ങള്‍ കുരുമുളകിനെ സംബന്ധിച്ചിടത്തോളം  കരുതല്‍ നടപടികളാണ്. ദ്രതവാട്ടരോഗം കണ്ടുതുടങ്ങിയാല്‍ കൊടിയൊന്നിന് 20 ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ക്കലക്കി തടം കുതിര്‍ക്കണം. ചെടിയുടെ പ്രായം അനുസരിച്ച് തോതില്‍ വ്യത്യാസം വരും. 

കൂടാതെ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഇലകളില്‍ തളിക്കാം. തുലാവര്‍ഷത്തിനുമുമ്പും ആവര്‍ത്തിക്കണം. മഴ നീണ്ടുനില്‍ക്കുകയാണെങ്കില്‍ മൂന്നാമതൊരു തവണകൂടി ബോര്‍ഡോമിശ്രിതം തളിക്കേണ്ടിവരും.