തടതുരപ്പന്‍പുഴു വാഴയ്ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. കാലംമാറി. ദ്വിതീയ മൂലകങ്ങള്‍ എന്ന ശ്രേണിയില്‍പ്പെട്ട കാത്സ്യവും മഗ്‌നീഷ്യവും മണ്ണില്‍ തീരേ ഇല്ലാതായി. വിളകള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന കണക്കുകൂട്ടലില്‍ പ്രാഥമിക മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ.) എന്നിവ ധാരാളമായി ഉപയോഗിക്കുകയും ജൈവവളങ്ങളും കുമ്മായവസ്തുക്കളും തീരേ അവഗണിക്കുകയും ചെയ്തത് പ്രശ്‌നത്തിന്റെ രൂക്ഷത കൂട്ടി.

കാത്സ്യവും മഗ്‌നീഷ്യവും മണ്ണില്‍ ഇല്ലാതായതോടെ വിളകള്‍ക്കുണ്ടായ ദുരിതം ചില്ലറയല്ല. കോശഭിത്തിയുടെ നിര്‍മാണത്തിനും കോശവിഭജനത്തിനും ഈ മൂലകങ്ങള്‍ അത്യാവശ്യം. കോശവിഭജനമുണ്ടായാലേ വിളകള്‍ക്ക് വളര്‍ച്ചയുണ്ടാകൂ.

കോശഭിത്തിക്ക് ഉറപ്പുണ്ടാകണമെങ്കിലും കാത്സ്യവും മഗ്‌നീഷ്യവും കൂടിയേ തീരൂ. കോശഭിത്തി ഉറപ്പില്ലാതായതോടെ കീടങ്ങള്‍ക്ക് വിളകളില്‍ തുളച്ചുകയറാനുള്ള സാഹചര്യം കൂടി. തടതുരപ്പന്‍ പുഴുവും കായതുരപ്പന്‍ പുഴുവും എന്തിന് മാമ്പഴയീച്ച വരെ ആക്രമണത്തില്‍ മുന്നാക്കക്കാരായി.

വിളകളുടെ വളര്‍ച്ചയില്‍ ആദ്യഘട്ടത്തില്‍ത്തന്നെ അത്യാവശ്യമായ മൂലകങ്ങളാണ് കാത്സ്യവും മഗ്‌നീഷ്യവും. വേരുകളുടെ വളര്‍ച്ചയ്ക്കും വിത്തിന്റെ ഗുണത്തിനും കാത്സ്യംവേണം. സസ്യങ്ങളിലെ അമ്ലഅയോണുകളെ തുലനംചെയ്യാന്‍ കാത്സ്യത്തിന് കഴിയും. കാത്സ്യം കുറവ് പുതുനാമ്പുകളിലും വേരുകളിലുമാണ് ആദ്യം പ്രത്യക്ഷപ്പെടുക. 

വേര് മുരടിക്കലും  കൂമ്പിലയുടെ അറ്റം മുതല്‍ കരിഞ്ഞുതുടങ്ങുന്നതും കാത്സ്യത്തിന്റെ അഭാവലക്ഷണമാണ്. പുതിയ ഇലകളുടെയും കായയുടെയും വലിപ്പം കുറഞ്ഞ് ആകൃതിയില്‍ വ്യത്യാസംവന്നാല്‍ കാല്‍സ്യം മണ്ണിലില്ലെന്ന് ഉറപ്പിക്കാം.

ഹരിതകത്തിലെ പ്രധാന ഘടകമാണ് മഗ്‌നീഷ്യം. പല എന്‍സൈമുകളുടെയും പ്രവര്‍ത്തനത്തിന് മഗ്‌നീഷ്യം അത്യന്താപേക്ഷിതമാണ്. മഗ്‌നീഷ്യത്തിന്റെ കുറവ് ആദ്യം പ്രത്യക്ഷപ്പെടുന്നത് പ്രായമായ ഇലകളിലാണ്. 
ഇലകളില്‍ ഞരമ്പുകള്‍ പച്ചയാവുകയും ഞരമ്പുകള്‍ക്കിടയിലെ ഭാഗങ്ങള്‍ മഞ്ഞളിക്കുകയും ചെയ്യും.
 
ക്ലോറോഫില്‍ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നതിനാല്‍ പ്രകാശസംശ്ലേഷണത്തിന്റെ തോത് നിര്‍ണയിക്കുന്ന പ്രധാനകണ്ണിയാണ് മഗ്‌നീഷ്യം. മണ്ണൊലിപ്പ് രൂക്ഷമായ നമ്മുടെ മണ്ണില്‍ കാല്‍സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും ലഭ്യത കുറവാണ്. മണ്ണുപരിേശാധനാ ലാബിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ല.

കുമ്മായമാണ് കാത്സ്യത്തിന്റെ സ്രോതസ്സ് പച്ചക്കറിക്ക് നിലമൊരുക്കുമ്പോള്‍ത്തന്നെ 10 സെന്റിന് 30 കിലോഗ്രാം കുമ്മായമോ ഡോളമൈറ്റോ നല്‍കാം. നെല്‍കൃഷിക്കാണെങ്കില്‍ ആദ്യ ഉഴവുചാലിനൊപ്പംതന്നെ  24 കിലോഗ്രാം കുമ്മായം ചേര്‍ക്കണം. തെങ്ങിന് മഴ തുടങ്ങുമ്പോള്‍ തടമെടുത്ത് ഒരു കിലോഗ്രാം കുമ്മായവും ഡോളമൈറ്റും മണ്ണില്‍ ഇളക്കിച്ചേര്‍ക്കണം.

മഗ്‌നീഷ്യം ലഭ്യമാക്കുന്നതിനാല്‍ മഗ്‌നീഷ്യം സള്‍ഫേറ്റാണ് ഫലപ്രദം. 10 സെന്റ് കൃഷിക്ക് മൂന്നരകിലോഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ക്കാം. തെങ്ങൊന്നിന് പ്രതിവര്‍ഷം അരകിലോഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് നല്‍കണം. മഗ്‌നീഷ്യത്തിന്റെ കുറവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ എട്ടുഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കണം.