കേരളത്തില്‍ മുമ്പൊക്കെ കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, ഇവയൊക്കെ ഇടുക്കി, വയനാട് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു കൃഷിയിറക്കിയിരുന്നത്. എന്നാലിപ്പോള്‍ കാബേജ്, കോളിഫ്‌ളവര്‍ എന്നീ വിളകള്‍ കേരളത്തിലെല്ലായിടത്തും കൃഷിയിറക്കിയാല്‍ വിജയിക്കുമെന്ന് കര്‍ഷകര്‍ കണ്ടെത്തിയിരിക്കുന്നു. വിത്തുപാകി, കിളിര്‍പ്പിക്കുകയാണീ കൃഷിയിലെ പ്രധാന കടമ്പ. നല്ല വിത്തിന്റെ ലഭ്യതയുറപ്പാക്കി, കൃത്യസമയംതന്നെ വിത്തിട്ട്, തൈകള്‍ കിളിര്‍പ്പിക്കണം.

ഒക്ടോബര്‍ മധ്യത്തോടെ വിത്തുകള്‍ നഴ്‌സറിയില്‍ പാകിയശേഷം, നവംബര്‍ 10-നുമുമ്പായി തൈകള്‍ പിഴുതുനടണം. നല്ല തവാരണയുണ്ടാക്കി മണ്ണ്, മണല്‍, കാലിവളം എന്നിവ നന്നായിചേര്‍ക്കണം. വിത്ത് ചെറിയതായതിനാല്‍ മഴയില്‍നിന്ന് സംരക്ഷിക്കാന്‍ പുതയിടണം. പരന്ന ട്രേകളിലോ വലിയ പരന്ന ചട്ടിയിലോ ചാക്കില്‍ നടീല്‍മിശ്രിതം  നിറച്ചോ  തുറസ്സായഭാഗത്തോ വിത്തുവിതയ്ക്കാം. മണ്ണിലാണെങ്കില്‍  ആവശ്യത്തിന് നീളവും മൂന്നടി വീതിയും അരയടി ഉയരവുംവരുന്ന തടമാണുത്തമം.

നല്ലമണല്‍, മേല്‍മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, കമ്പോസ്റ്റ്, ഇവ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ക്കാന്‍ മറക്കരുത്. വിത്ത് നടുന്നതിനുമുമ്പായി തവാരണയില്‍ 'ഫൈറ്റോലാന്‍' അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് അടങ്ങിയ കുമിള്‍നാശിനി നാലുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി നന്നായിയൊഴിച്ച്  ഇളക്കിയിടണം.

ഇനി പൂര്‍ണമായി ജൈവരീതിയിലാണ് താത്പര്യമെങ്കില്‍ സ്യൂഡോമോണസ് എന്ന മിത്ര ബാക്ടീരിയാ ലായനി മാത്രം തടത്തില്‍ ഒഴിച്ചാല്‍ മതി. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയാണ് താരണയില്‍ കുതിര്‍ക്കേണ്ടത്. സ്യൂഡോമോണോസ് ലായനി മണ്ണുത്തി ബയോ കണ്‍ട്രോള്‍ ലാബില്‍നിന്ന് വാങ്ങിക്കാം. അല്ലെങ്കില്‍ തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍ മതി.

തവാരണയിലെ മണ്ണ് ലായനിയില്‍ കുതിര്‍ത്തശേഷം അഞ്ചുദിവസത്തിനകം വിത്ത് പാകണം. നാലോ അഞ്ചോ ദിവസംകൊണ്ട് വിത്തുകള്‍ നന്നായിമുളച്ചുപൊങ്ങും. 30 ദിവസം പ്രായമാവുമ്പോള്‍, തൈകള്‍ പറിച്ചുനടണം.

നല്ല സൂര്യപ്രകാശം കിട്ടുന്നഭാഗം, നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ്, ഇവയാണ് കൃഷിയുടെ വിജയമന്ത്രങ്ങള്‍. ഒരടിവീതിയിലും അരയടിതാഴ്ചയിലും ആവശ്യത്തിന് നീളത്തിലും രണ്ടടിയകലത്തില്‍ ചാലുകള്‍ കീറണം. ഇതില്‍, മേല്‍മണ്ണ്, ചാണകപ്പൊടി, ഇവ സെന്റിന് 100 കിലോ എന്നയളവില്‍ ചേര്‍ത്ത് ചാലിന്റെ മുക്കാല്‍ഭാഗംവരെ നന്നായിമൂടണം. വൈകിട്ട് തടം കുതിര്‍ത്ത് നനച്ച് വേരുപൊട്ടാതെ തൈ പിഴുതുനടണം. നട്ടതിനുശേഷം നനച്ച്, തണല്‍ കുത്തിക്കൊടുക്കണം.

തൈനട്ടശേഷം പത്ത് - പതിനഞ്ചുദിവസമായാല്‍ ഒരു സെന്റിന് ഒരു കിലോഗ്രാം ഫാക്ടംഫോസ്, അരകിലോ പൊട്ടാഷ് ഇവ ചേര്‍ക്കണം. 35 ദിവസമാകുമ്പോള്‍ ഒരു കിലോഗ്രാം ഫാക്ടം ഫോസും അരകിലോഗ്രാം പൊട്ടാഷും വീണ്ടും ചേര്‍ക്കണം. 

തൈനട്ട് 50 ദിവസമായാല്‍ കടലപ്പിണ്ണാക്ക്  മണ്ണിരവളം ഇവ ഒരു സെന്റിന് രണ്ടു കിലോവീതം നല്‍കണം. ഓരോ പ്രാവശ്യം വളമിടുമ്പോഴും മണ്ണ് കയറ്റിയിടണം. മുളച്ചുവരുന്ന തൈകള്‍ക്ക്, സാധാരണ 'കടചീയല്‍', കുമിള്‍രോഗം എന്നിവ തലവേദനയാവാറുണ്ട്. ഇതിന് ഫൈറ്റോലിന്‍ ലായിനി, ആദ്യംതന്നെ തളിച്ചാല്‍മതി.മഴയില്ലെങ്കില്‍ ഒന്നിടവിട്ടദിവസം നന നിര്‍ബന്ധമാണ്. കാബേജ്, കോളിഫ്‌ളവര്‍ തൈകള്‍ മാറ്റിനട്ട് 50-55 ദിവസത്തിനുള്ളില്‍ മുകുളം ഉണ്ടായി തുടങ്ങും. എട്ട് മുതല്‍ 16 ദിവസത്തിനുള്ളില്‍ ഇവ നല്ല വളര്‍ച്ചവരും. വിളവെടുക്കാന്‍ വൈകിയാല്‍ ഇവ വിടര്‍ന്നുപോകും. 

ബീറ്റ്‌റൂട്ട് നടാനും നല്ലത് സെപ്തംബര്‍-ഒക്ടോബര്‍ മുതല്‍ ജനവരി വരെയാണ്. ഒരു സെന്റില്‍ നടാന്‍ 32 ഗ്രാം വിത്താവശ്യമാണ്. തടങ്ങള്‍ ഉണ്ടാക്കി 20 സെ.മീറ്റര്‍ അകലത്തില്‍ രണ്ടുവരികളിലായി ബീറ്റ്‌റൂട്ട് വിത്തിടണം. പുതയിട്ട് നനച്ചാല്‍ തൈ വളര്‍ന്നുകിട്ടും. ഒരു സെന്റിന് 100 കി.ഗ്രാം ഉണക്കച്ചാണകം 650 ഗ്രാം യൂറിയ, 750 ഗ്രാം മസൂറിഫോസ്, 250 ഗ്രാം മ്യൂറിയേറ്റ് ഓപ് പൊട്ടാഷ് ഇവ ചേര്‍ക്കണം. വിത്തിട്ട് 10 ദിവസം കഴിഞ്ഞാല്‍ മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും പകുതിയളവ് യൂറിയയുംചേര്‍ക്കണം. ബാക്കിയളവ് യൂറിയ,  ചെടി നന്നായി വളര്‍ന്നുവരുമ്പോള്‍ മേല്‍വളമായി ചേര്‍ക്കണം.  നട്ട് രണ്ടര-മൂന്ന് മാസത്തോടെ വിളവെടുക്കാം. 

ബീറ്റ്‌റൂട്ടുപോലെതന്നെ സപ്തംബര്‍-ഒക്ടോബര്‍ മുതല്‍  ജനവരി വരെ കാരറ്റും നടാം. തനിവിളയാക്കി കാരറ്റ് നടുമ്പോള്‍ സെന്റിന് 25 ഗ്രാം വിത്തുവേണം. തൈ മാറ്റിനടാറില്ല. ഒരു സെന്റില്‍ 100 കിലോ ജൈവവളം, 650 ഗ്രാം യൂറിയ, 1250 ഗ്രാം മസൂരിഫോസ്, 330 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ഇവയാണ് കാരറ്റിനുവേണ്ടത്. നട്ട് രണ്ട് ആഴ്ചയ്ക്കുക്കുള്ളില്‍തന്നെ മുഴുവന്‍ മസൂരിഫോസും പൊട്ടാഷും പകുതിയളവ് യൂറിയയും നല്‍കണം. ബാക്കിയളവ് യൂറിയ, നട്ട് ഒരുമാസശേഷം മേല്‍വളമായിട്ടിടണം.

വേരിന്റെ വളര്‍ച്ച ശരിയായി കിട്ടാന്‍ മണ്ണിളക്കിയിടണം. മൂന്നരമാസമായാല്‍ വളവെടുക്കാം.  ഇതിനുപുറമേ റാഡിഷ്, കാപ്‌സിക്കം, പാലക്ചീര, ബീന്‍സ് ഇവയെല്ലാം എല്ലായിടങ്ങളിലും സുഗമമായി നടാം.