കേരളത്തിലെ മണ്ണ് മുഖ്യമായി എട്ടുതരമാണ്. തീരദേശമണ്ണ്, എക്കല്‍മണ്ണ്, വെട്ടുകല്‍ മണ്ണ്, കറുത്ത പരുത്തിമണ്ണ്, കരിമണ്ണ്, ചെമ്മണ്ണ്, മലയോരമണ്ണ്, വനമണ്ണ് എന്നിവയാണിവ. ഓരോതരം മണ്ണും കൃഷിക്കായി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്

തീരദേശമണ്ണ്: ഇതിനെ  മണല്‍മണ്ണ് എന്നും പറയും. കേരളത്തിലെ പടിഞ്ഞാറന്‍ സമുദ്രതീരത്തും അതിനോട് ചേര്‍ന്നുകിടക്കുന്ന സമതലഭാഗങ്ങളിലും ഈ മണ്ണ് കാണപ്പെടുന്നു. ഇതില്‍ 80 ശതമാനത്തിലധികം മണലായതിനാല്‍ ജലസംഭരണശേഷിയും ഫലപുഷ്ടിയും കുറവാണ്. ധാരാളം ജൈവവളം ചേര്‍ത്താല്‍, വിളകള്‍ വളര്‍ത്താം. മണല്‍മണ്ണില്‍, ചെളികലര്‍ന്ന മണ്ണ് ചേര്‍ക്കുന്നത് നല്ലതാണ്. ചകിരിത്തൊണ്ട്, ചകിരിച്ചോറ് എന്നിവ ചേര്‍ക്കാം. വേനലില്‍ തുള്ളിനന നല്‍കണം. രാസവളമാണെങ്കില്‍ പല തവണകളായി ചേര്‍ക്കണം. തെങ്ങ്, കശുമാവ് എന്നിവയ്ക്കുപുറമെ വ്യത്യസ്ത ഫലവൃക്ഷങ്ങളും നടാന്‍ നല്ല മണ്ണാണിത്. നല്ല മഴയുള്ള അവസരങ്ങളില്‍ ഇത്തരം മണ്ണില്‍ വളം ചേര്‍ക്കരുത്.

എക്കല്‍മണ്ണ്: നദിയോരങ്ങളിലും അതിനടുത്തുള്ള സമതലപ്രദേശങ്ങളിലുമുള്ള മണ്ണാണിത്. നല്ല ജൈവാംശമുള്ള ഇതില്‍ കളിമണ്ണും കൂടുതലുണ്ട്. നല്ല ഫലപുഷ്ടിയുള്ള എക്കല്‍മണ്ണില്‍, നെല്ല്, തെങ്ങ്, വാഴ, പച്ചക്കറിവിളകള്‍ എന്നിവ കൃഷിചെയ്യാം. മഴക്കാലമായാല്‍ നല്ല വെള്ളക്കെട്ടും വേനലില്‍ മണ്ണ് വറ്റിവരണ്ട് വിണ്ടുകീറാനും സാധ്യതയേറെയാണ്. നല്ലവണ്ണം സംരക്ഷിച്ചില്ലെങ്കില്‍ മണ്ണൊലിച്ച് നാശമാവും. നല്ല നീര്‍വാര്‍ച്ചയുണ്ടാക്കി മണ്ണുസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

വെട്ടുകല്‍മണ്ണ്: ഈ മണ്ണിനെ ചരല്‍മണ്ണ്, ലാറ്ററൈറ്റ് മണ്ണ്, എന്നെല്ലാം പറയും. നമ്മുടെ നാട്ടില്‍ ഏറ്റവുമധികം സ്ഥലങ്ങളിലുള്ള മണ്ണാണിത്.ചരലധികമായതും പശിമരാശി മണ്ണുമായ ലാറ്ററൈറ്റിന് അമ്ലത്വമേറെയാണ്. കുറഞ്ഞ ധനായണ വിനിമയശേഷിയുള്ള മണ്ണായതിനാല്‍ സസ്യാഹാരമൂലകങ്ങളുടെ ലഭ്യത കുറയും. ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും അംശമേറിയതിനാല്‍ അമ്‌ളത്വവും ചരലംശവും കൂടും. നല്ലരീതിയില്‍ സസ്യാവരണം എല്ലായ്‌പ്പോഴും നിലനിര്‍ത്തിയാല്‍ ലാറ്ററൈറ്റ് മണ്ണ് നന്നാക്കാം. കുമ്മായം ചേര്‍ക്കണം. പുതയിടീലും സമീകൃത വളപ്രയോഗവും വേനലിലെ നനയും മണ്ണിനെ നന്നാക്കും. തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, മരച്ചീനി, കൈതച്ചക്ക ഇവയെല്ലാം നടാം.

കറുത്ത പരുത്തിമണ്ണ്: പാലക്കാട്ടെ ചിറ്റൂര്‍ താലൂക്കിലെ കിഴക്കന്‍ പ്രദേശങ്ങളില്‍മാത്രമുള്ള ക്ഷാരഗുണമുള്ള മണ്ണാണിത്. ഇത് കളിമണ്ണാണ്. കടുപ്പമേറിയ നല്ല കറുത്ത നിറമുള്ള മണ്ണില്‍ പൊട്ടാസ്യം, കാത്സ്യം എന്നിവയധികമാണ്. വരള്‍ച്ചയായാല്‍ വിണ്ടുകീറുന്ന ഈ മണ്ണ് നീര്‍വാര്‍ച്ചയില്ലാത്തതാണ്. കരിമ്പ്, നെല്ല്, പരുത്തി, നിലക്കടല എന്നിവ കൃഷിയിറക്കാം.

കരിമണ്ണ്: കുട്ടനാടന്‍ നെല്‍പ്പാടങ്ങള്‍ കാണുന്ന ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ സമുദ്രനിരപ്പില്‍നിന്ന് താെഴയായി കാണുന്ന മണ്ണാണിത്. ഇത്തരം മണ്ണില്‍ നെല്‍കൃഷിയാണ് ഉത്തമം. സള്‍ഫര്‍ (ഗന്ധകം) അയേണ്‍ സള്‍ഫൈഡ് എന്നിവ കൂടിയതോതിലുള്ള കരിമണ്ണില്‍ ഭാവഹം, കാത്സ്യം എന്നിവ കുറവാണ്. വെള്ളം കയറ്റിയിറക്കിയശേഷമേ കൃഷിയിറക്കാവൂ. സമീകൃത വളപ്രയോഗവും കുമ്മായമിടലും വേണം. ഇത്തരം മണ്ണ് ഒരു കാരണവശാലും ഉണങ്ങി വരളാന്‍ പാടില്ല. ഇത് അമ്‌ളത്വം കൂട്ടും. നല്ല ജൈവാംശമുള്ള മണ്ണാണിത്.

ചെമ്മണ്ണ്: കേരളത്തില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഏറെ കാണുന്ന ചെമ്മണ്ണില്‍ അമ്‌ളത്വമേറെയാണ്. മണല്‍ കലര്‍ന്ന പശിമരാശി രചനയുള്ള മണ്ണാണിത്. മണ്ണൊലിപ്പ് സാധ്യത ഏറെയുണ്ട്. കുറഞ്ഞ ഫലപുഷ്ടിയാണുള്ളത്. മണ്ണില്‍ കുമ്മായമിടണം. സമീകൃത വളപ്രയോഗം നിര്‍ബന്ധമാണ്. തെങ്ങ്, കുരുമുളക്, വാഴ, കശുമാവ്, ഇവയ്ക്കുപുറമെ വ്യത്യസ്ത പച്ചക്കറിവിളകള്‍ നടാം.

മലയോരമണ്ണ്: കേരളത്തിന്റെ കിഴക്കന്‍ഭാഗത്ത് ചരിവുകൂടിയ പ്രദേശങ്ങളില്‍ കണ്ടുവരുന്ന മലയോരമണ്ണില്‍ ഉരുണ്ട പാറകള്‍കാണും. വെട്ടുകല്‍ മണ്ണിന്റെയത്രയ്ക്ക് അമ്‌ളത്വമില്ല. ചരലിന്റെയംശവും തവട്ടുകല്ലിനെക്കാള്‍ കുറവാണിതില്‍. സാമാന്യം നല്ല താഴ്ചയും നല്ല നീര്‍വാര്‍ച്ചയുമുള്ള മലയോരമണ്ണില്‍ താഴ്ന്ന ജലനിരപ്പും കൂടിയ മണ്ണൊലിപ്പും പ്രശ്‌നമായതിനാല്‍ ശരിയായ വിധത്തില്‍ മണ്ണുസംരക്ഷണമാവശ്യമാണ്. ഇത്തരം മണ്ണില്‍ ജലസംഭരണികള്‍, മഴക്കുഴികള്‍ എന്നിവയുണ്ടാക്കണം. റബ്ബര്‍, തെങ്ങ്, കുരുമുളക്, കൈതച്ചക്ക, കശുമാവ്, പഴവിളകള്‍, തേയില, കാപ്പി ഇവയെല്ലാം ഈ മണ്ണില്‍ കൃഷിചെയ്തുവരുന്നു.

വനമണ്ണ്: വനമേഖലയില്‍ കാണപ്പെടുന്ന മണ്ണാണിത്. ഇത് നാടിന്റെ ജൈവവൈവിധ്യം സംരക്ഷിച്ചുനിര്‍ത്താന്‍ മുഖ്യ പങ്കുവഹിച്ചുവരുന്നുണ്ട്. നല്ല ആഴവും ഫലപുഷ്ടിയുമുള്ള ഇതിന് നല്ല നീര്‍വാര്‍ച്ചയുമുണ്ട്. ഈ മണ്ണില്‍ വ്യത്യസ്ത സസ്യങ്ങള്‍ സ്ഥിരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വനനശീകരണം നിമിത്തം മണ്ണൊലിപ്പ് വരാന്‍ സാധ്യതയുള്ള മണ്ണാണിത്.