നേന്ത്രവാഴക്കൃഷിയില്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതും നഷ്ടത്തിലേക്ക് നയിക്കുന്നതുമായ വൈറസ്രോഗമാണ് കൊക്കാന്‍. വാഴയിനങ്ങള്‍ അനവധിയുണ്ടെങ്കിലും നേന്ത്രനെയാണ് കൊക്കാന്‍ എളുപ്പം വരുതിയിലാക്കുക. മൈസൂര്‍, പൂവന്‍, ചെങ്കദളി എന്നീ ഇനങ്ങളിലും കൊക്കാന്‍ പ്രത്യക്ഷപ്പെടാറുണ്ട്. 

വാഴത്തടയുടെ പുറംപോളകളില്‍  നീളത്തില്‍ ചുവന്നപാടുകള്‍ കാണുന്നെങ്കില്‍ കൊക്കാന്റെ തുടക്കമായി. 10 സെന്റീമീറ്റര്‍ നീളത്തില്‍വരെ കാണുന്ന ഈ പാടുകള്‍ ചുവപ്പില്‍നിന്ന് കറുപ്പിലേക്ക് മാറുന്നുണ്ടെങ്കില്‍ കൊക്കാന്‍ പ്രബലനായെന്ന് കണക്കാക്കാം. പുറംതട മുഴുവനായും ചുവക്കുന്നതും അകത്തേക്ക് ചുവപ്പ് പടര്‍ന്നുപിടിക്കുന്നതും വൈറസിന്റെ തുടര്‍ചലനങ്ങള്‍ മാത്രം.

ഇരുഭാഗത്തുനിന്നും പുറംപോള അടര്‍ന്നകലുന്നതും മരവാഴയുടെ ലക്ഷണത്തിലെത്തുന്നതും കൊക്കാനില്‍ സാധാരണം. വളരെ ചെറിയ കുലകള്‍ ഉണ്ടാകാമെങ്കിലും പഴം മൂക്കുകയോ പഴുക്കുകയോ ഇല്ലെന്നത് കൊക്കാന്റെ വലിയ വികൃതി.

കന്ന് തിരഞ്ഞെടുക്കുന്ന സമയത്തുതന്നെ ശ്രദ്ധിച്ചാല്‍ കൊക്കാനെ പൂര്‍ണമായും ഒഴിവാക്കാം. രോഗം ബാധിച്ച വാഴയുടെ കന്ന് ഒരിക്കലും നടാനായി എടുക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുവരുന്ന കന്നുകള്‍ രോഗബാധയില്ലാത്തതാണെന്ന് ഉറപ്പിക്കണ്ടത് അത്യാവശ്യമാണ്. നല്ലയിനം ടിഷ്യൂക്കള്‍ച്ചര്‍ തൈകള്‍ നടുന്നതാണ് അഭികാമ്യം. കൊക്കാന്‍ ബാധിച്ച വാഴ ചെടിയോടെ പിഴുതെടുത്ത് നശിപ്പിക്കണം.

 ഒരു വാഴക്കെങ്കിലും രോഗബാധയുണ്ടായാല്‍ വൈറസ് പടര്‍ത്തുന്ന വെള്ളീച്ചയെ നിയന്ത്രിക്കാനായി വേപ്പെണ്ണ എമള്‍ഷന്‍ ഇടയ്‌ക്കെങ്കിലും തളിക്കേണ്ടതാണ്.