മണ്ണിന്റെ മുകള്‍പാളികളെ അപേക്ഷിച്ച് താഴെയുള്ള പാളികളില്‍ സിങ്കിന്റെ അംശം കുറവായിരിക്കും. അതുകൊണ്ടും കൂടുതല്‍ ആഴത്തില്‍ വേരിറങ്ങുന്ന ചെടികള്‍ക്കാണ് ദൗര്‍ല്ലഭ്യം കൂടുതലായി അനുഭവപ്പെടുന്നത്.

വളര്‍ച്ച മുരടിച്ച്, തണ്ടുകളുടെ നീളം കുറയുക, മുകളിലകളുടെ വളര്‍ച്ച ക്രമാനുഗതമായി കുറയുക (താഴത്തെ ഇലകള്‍ക്ക് സാധാരണ വലിപ്പമുണ്ടാകും), വലിപ്പം കുറഞ്ഞ മുകളിലകള്‍ അഗ്രഭാഗത്ത് കൂട്ടംകൂടി വളരുക എന്നിവ സിങ്കിന്റെ ദൗര്‍ല്ലഭ്യ ലക്ഷണങ്ങളാണ്.

ഹരിതക കോശങ്ങളുടെ ഉത്പാദനം കുറയുന്നതിനാല്‍ മുകളിലെ ഇലഞരമ്പുകള്‍ക്കിടയില്‍ നിയതരൂപത്തിലല്ലാത്ത മഞ്ഞപ്പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. ദൗര്‍ല്ലഭ്യം കൂടുതലാവുമ്പോള്‍ മുകളിലകള്‍ പൂര്‍ണമായി മഞ്ഞനിറത്തിലാകുന്നു. അതോടൊപ്പം താഴെയുള്ള ഇലകള്‍ ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തില്‍ (ഇരുമ്പു നിറത്തില്‍) ആകുന്നു. നെല്ലുള്‍പ്പെടെയുള്ള ധാന്യവര്‍ഗ്ഗവിളകളിലാണ് ഇത്തരം ദൗര്‍ല്ലഭ്യലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നത്. വിളകളിലെ അന്നജ ഉത്പാദനം കുറയുകയും ഒപ്പം ടാനിന്‍, കൊഴപ്പ്, കാല്‍സ്യം ഓക്‌സലേറ്റ് മുതലായവ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതു കൊണ്ടാണിത്.

വിത്തുകളുടെ രൂപീകരണത്തിന് സിങ്ക് അനിവാര്യമാണ്. കായ് രൂപീകരണത്തോടെ ഇതര സസ്യഭാഗങ്ങളില്‍ ശേഖരിച്ചു വച്ചിരിക്കുന്ന സിങ്ക് കായകളിലേക്ക് സംവഹനം ചെയ്യപ്പെടുന്നു. സിങ്കിന്റെ ദൗര്‍ല്ലഭ്യം വിത്തുകളുടെ രൂപീകരണത്തിനു തടസ്സമാവുന്നു. പലപ്പോഴും വിത്തുകളുടെ വലിപ്പം തീരെ കുറയുന്നു. നെല്ലില്‍ ഇത് പതിരിന്റെ അംശം കൂടുന്നതിന് കാരണമാകുന്നു. ഫലവര്‍ഗവിളകളിലും ഉദ്പാദനം ഗണ്യമായി കുറയുന്നു.

സിങ്കിന്റെ ദൗര്‍ലഭ്യം മൂലം തണ്ടുകളുടെ അഗ്രഭാഗത്ത് കുരുടിച്ച ഇലകള്‍ കൂടിനില്‍ക്കുന്നതുപോലെ, വേരുകളുടെ അഗ്രഭാഗത്ത് നാരുവേരുകള്‍ (root hairs) വലയരൂപത്തില്‍ കാണപ്പെടുന്നു.

ജല ആഗിരണം ഗണ്യമായി കുറയുകയും ചെടിയ്ക്കുള്ളിലെ ജല ലവണ തുലനാവസ്ഥ മാറ്റപ്പെടുകയും ചെയ്യുന്നു (Osmotic balance). തന്മൂലം ഇലകളില്‍ തവിട്ടു നിറത്തിലുള്ള നീണ്ട പുള്ളിപ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ ഭാഗങ്ങളില്‍ ക്രമേണ കരിഞ്ഞ തുളകള്‍ (shot holes) രൂപപ്പെടുന്നു.

സിങ്കിന്റെ ദൗര്‍ല്ലഭ്യം പലപ്പോഴും മാംഗനീസ്, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ ദൗര്‍ല്ലഭ്യ ലക്ഷണങ്ങള്‍ക്കും ഒപ്പം ഇലകളില്‍ ഉണ്ടാകുന്ന തവിട്ടുനിറവും പുള്ളികളും ഇരുമ്പിന്റെ ആധിക്യലക്ഷണങ്ങള്‍ക്കും സമാനമാണ്. പലപ്പോഴും സിങ്ക് ദൗര്‍ല്ലഭ്യം അനുഭവപ്പെടുന്ന കൃഷിയിടങ്ങളില്‍ സള്‍ഫര്‍ ദൗര്‍ല്ലഭ്യവും അനുഭവപ്പെടുന്നതായി കാണാം.

Read more 

സിങ്കിന്റെ പ്രാധാന്യം ചെടികളില്‍

ഇരുമ്പിന്റെ പ്രാധാന്യം ചെടികളില്‍ 

സസ്യങ്ങളിലെ ഇരുമ്പിന്റെ ദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കാം?

ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യങ്ങള്‍