ചെടികളുടെ ശ്വസനം, പ്രകാശ സംശ്‌ളേഷണം എന്നീ ജീവത്പ്രധാന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന മൂലകമായ ഇരുമ്പിന്റെ പ്രാധാന്യമാണ് ഇവിടെ വിവരിക്കുന്നത്. ഹരിതക നിര്‍മിതിക്ക് ഇരുമ്പ് അത്യാവശ്യമാണ്. മണ്ണിലെ ഇരുമ്പിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചും നീര്‍വാര്‍ച്ചയെക്കുറിച്ചുമെല്ലാം വിവരിച്ചു കഴിഞ്ഞു. ഇരുമ്പ് ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും ദൗര്‍ലഭ്യ ലക്ഷണങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം.

iron

 ഇരുമ്പ് ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യങ്ങള്‍

ഭൂമിയുടെ അകക്കാമ്പില്‍ ധാരാളമായുള്ള മൂലകമെന്ന നിലയില്‍ മിക്ക മണ്ണിനങ്ങളിലും ആകെയുള്ള ഇരുമ്പിന്റെ അംശം ഗണ്യമായി കുറയാനിടയില്ല. എന്നാല്‍ മണ്ണില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ മൂലം ചെടികള്‍ക്ക് ലഭ്യമാകുന്ന ഇരുമ്പിന്റെ് അളവില്‍ പലപ്പോഴും കുറവനുഭവപ്പെടാറുണ്ട്. ഇവയെന്തല്ലാമെന്ന് നോക്കാം. 

  1. മണ്ണിലെ ക്ഷാരാംശം: ക്ഷാരാംശമുള്ള മണ്ണില്‍ ഇരുമ്പ് അതിന്റെ ഹൈഡ്രോക്‌സൈഡുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ക്ഷാരാംശമുള്ള മണല്‍ മണ്ണിലും, ഉയര്‍ന്ന സോഡിയം സാന്നിധ്യമുള്ള മണ്ണിലുമാണ് ദൗര്‍ലഭ്യം ഏറ്റവും അധികം അനുഭവപ്പെടുക. ക്ഷാരംശമുള്ള സാഹചര്യത്തിലും താഴ്ന്നതും വെള്ളക്കെട്ടുള്ളതുമായ നിലങ്ങളില്‍ ഇരുമ്പിന്റെ ദൗര്‍ലഭ്യം കാര്യമായി അനുഭവപ്പെടാറില്ല.

2. അമ്ലാംശമുള്ള മണ്ണില്‍ കൂടുതലായി കക്ക, കുമ്മായം മുതലായവ പ്രയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ മണ്ണിലുള്ള ഇരുമ്പിന്റെ തോത് കാലികമായി അലഭ്യമാകുന്നു. ഇതിനെ കക്ക/കുമ്മായം മൂലമുള്ള ഇരുമ്പിന്റെ ദൗര്‍ലഭ്യം എന്നുപറയുന്നു.

3. മൂലക സംഭരണശേഷി തീരെ കുറവുള്ളതും ഗ്രാനൈറ്റിക് ശിലകള്‍ പൊടിഞ്ഞുണ്ടായതുമായ മണല്‍മണ്ണില്‍ ഇതരമൂലകങ്ങള്‍ക്കൊപ്പം ഇരുമ്പിന്റെയും ദൗര്‍ലഭ്യം അനുഭവപ്പെടുന്നു.

4. മണ്ണിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇരുമ്പ് ആഗിരണയോഗ്യമല്ലാത്ത ഫെറിക് അയോണുകളായി നിലനില്‍ക്കുന്നതിനാല്‍ ചെടികള്‍ക്ക് ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നു.

5. മണ്ണില്‍ ഇരുമ്പിനെ അപേക്ഷിച്ച് ചെമ്പ്, മാംഗനീസ്, സിങ്ക്, നിക്കല്‍, മോളിബ്ഡിനം മുതലായ ഘനമൂലകങ്ങളുടെ അളവ് കൂടുന്ന സാഹചര്യത്തില്‍ ഇരുമ്പിന്റെ ലഭ്യത കുറയുന്നു. (ഉദാഹരണത്തിന് മണ്ണിലെ ഇരുമ്പ്: മാംഗനീസ് അനുപാതം 2.5:1 ല്‍ കുറയുന്ന സാഹചര്യത്തില്‍ ഇരുമ്പിന്റെ ലഭ്യത കുറയുന്നു.)

6. മണ്ണിലെ ബൈകാര്‍ബണേറ്റ് അയോണുകളുടെ സാന്ദ്രത 200 പി.പി. എമ്മിനു മുകളിലാവുമ്പോള്‍ ഇരുമ്പിന്റെ ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ ഇലകളില്‍ പ്രകടമാവുന്നു.

7. ജൈവാംശം കുറഞ്ഞ മണ്ണില്‍, ഉയര്‍ന്ന തോതിലുള്ള ഫോസ്‌ഫേറ്റ് (Po 4 3) നൈട്രേറ്റ് (No 3 ) അയോണുകളുടെ സാന്നിധ്യം ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു.

plant

ഇരുമ്പ്  ദൗര്‍ലഭ്യ ലക്ഷണങ്ങള്‍

ചെടിക്കുള്ളില്‍ സംവഹനശേഷി തീരെ കുറഞ്ഞ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത് മുകളിലകളിലാണ്. ഇരുമ്പിന്റെ ദൗര്‍ലഭ്യം ഹരിതക നിര്‍മ്മിതിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ മുകളിലകളുടെ പച്ചനിറം നഷ്ടമാവുകയാണ് ആദ്യലക്ഷണം.

ഇല ഞരമ്പുകള്‍ക്കിടയിലുള്ള സ്ഥലം ആദ്യം മഞ്ഞനിറത്തിലാവുന്നു. പിന്നീട് മഞ്ഞളിപ്പ് ഇല മുഴുവനും വ്യാപിക്കുന്നു. കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മുകളിലകള്‍ ബ്ലീച്ചു ചെയ്തതുപോലെ വെ്ള്ളനിറത്തിലും കാണപ്പെടാം. ഇരുമ്പിന്റെ ദൗര്‍ലഭ്യം മൂലമുണ്ടാകുന്ന ഇതര ലക്ഷണങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഇലകള്‍ മഞ്ഞയോ, മഞ്ഞ കലര്‍ന്ന വെള്ളയോ, പൂര്‍ണ്ണമായും വെള്ള നിറത്തിലോ ആകുന്നതിനെ തുടര്‍ന്ന് പിന്നീട് വരുന്ന ഇലകളുടെ വലിപ്പം കുറയുകയും ഇലകള്‍ കൊഴിഞ്ഞു പോവുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇലത്തുമ്പുകളും അരികുകളും കരിഞ്ഞതുപോലെ കാണപ്പെടും.

ഇലത്തണ്ടുകളുടെ നീളവും വണ്ണവും കുറയുന്നു.

ഫല വര്‍ഗ്ഗ വിളകളില്‍, കായഉത്പാദനം, വിത്തുത്പാദനം എന്നിവ തീരെ കുറയുകയോ പൂര്‍ണ്ണമായും തടസ്സപ്പെടുകയോ ചെയ്യും. ഇല മഞ്ഞളിപ്പിനെ തുടര്‍ന്ന് ഫലവൃക്ഷങ്ങളില്‍ ഏറ്റവും മുകളിലെ കൊമ്പുകള്‍ പൂര്‍ണ്ണമായും ഉണങ്ങിപ്പോകുന്നു.

ഇരുമ്പിന്റെ ദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കാം?

1. ഇരുമ്പ് ഉള്‍പ്പെടെയുള്ള മിക്ക സൂക്ഷ്മ മൂലകങ്ങളുടെയും ആഗിരണം ജനിതകമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരേ വിളയുടെ തന്നെ വ്യത്യസ്ത ഇനങ്ങളുടെ മൂലക ആഗിരണശേഷി വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മണ്ണിനങ്ങളില്‍ മെച്ചപ്പെട്ട മൂലക ആഗിരണശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.

2. മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കുക. ജൈവാംശത്തിലടങ്ങിയിരിക്കുന്ന ചിലേറ്റിംഗ് പദാര്‍ത്ഥങ്ങള്‍, ഇരുമ്പിനെ ചീലേറ്റഡ് രൂപത്തിലാക്കി ചെടികള്‍ക്ക് ആഗിരണ യോഗ്യമാക്കുന്നു.

3. ഉയര്‍ന്ന ക്ഷാരംശമുള്ള മണ്ണില്‍ (കേരളത്തില്‍ ചിറ്റൂര്‍ താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രമേ ക്ഷാരംശമുള്ള മണ്ണുള്ളൂ) അല്ലെങ്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണിലെ പി.എച്ച്. 7 നു മുകളില്‍ വന്നാല്‍ അമ്ലോത്പാദക നൈട്രജന്‍ വളങ്ങള്‍ ഉപയോഗിച്ച് പി.എച്ച്. 7ന് താഴെയാക്കുക. (ഉദാ: യൂറിയ്ക്കു പകരം ഫാക്ടംഫോസ്, അമോണിയം സള്‍ഫേറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിക്കുക).

4. ഇരുമ്പിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫെറസ് സള്‍ഫേറ്റ് (Fe So 4 7H 2 O) ഉപയോഗിക്കലാണ്. ഈ സാഹചര്യത്തില്‍ മണ്ണില്‍ പ്രയോഗിക്കുന്ന ഫെറസ് സള്‍ഫേറ്റ്, ഫെറിക് ഹൈഡ്രോക്‌സൈഡായി (Fe Co H 3) പരിവര്‍ത്തനം ചെയ്യപ്പെടുന്നു. അതുകൊണ്ട് ഫെറസ് സള്‍ഫേറ്റ് ലായനി രൂപത്തില്‍ തളിച്ചു കൊടുക്കുകയാണ് ഉത്തമം.

വിളയുടെ സ്വഭാവം, ദൗര്‍ലഭ്യത്തിന്റെ തീവ്രത എന്നിവയനുസരിച്ച് 0.2 - 2% വീര്യമുള്ള ഫെറസ് സള്‍ഫേറ്റ് ലായനി ഇലകളില്‍ തളിച്ച് കൊടുക്കാം. എന്നാല്‍ ഇതിനും പരിമിതിയുണ്ട്. ഇലകള്‍ക്കുള്ളില്‍ ഇരുമ്പിന്റെ സംവഹനം തീര്‍ത്തും പരിമിതമാണ്. അതുകൊണ്ട് രണ്ടാഴ്ച ഇടവിട്ട് ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ മാറുന്നതുവരെ രണ്ടോ മൂന്നോ പ്രാവശ്യം തളിക്കേണ്ടിവരും.

നെല്പാടങ്ങളില്‍ ചിനപ്പുപൊട്ടുന്ന സമയമാണ് ഫെറസ് സള്‍ഫേറ്റ്. ലായനി രൂപത്തില്‍ തളിച്ചുകൊടുക്കാന്‍ ഉത്തമം. 10 ഗ്രാം ഫെറസ് സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ 2.5 ഗ്രാം ഫെറസ് സള്‍ഫേറ്റ് 20 ഗ്രാം യൂറിയയുമായി ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കാം.

പച്ചക്കറി വിളകളില്‍ 5 ഗ്രാം ഫെറസ് സള്‍ഫേറ്റ് 2.5 ഗ്രാം കുമ്മായവുമായി (Ca Co H) 2) ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ പ്രയോഗിക്കാം. വാഴയ്ക്കും ഇതേ അളവില്‍ പ്രയോഗിക്കാം. ഫലവര്‍ഗ്ഗ വിളകളില്‍ 10 ഗ്രാം ഫെറസ് സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ പ്രയോഗിക്കാം. പുതുതായി വരുന്ന ഇലകളില്‍ ദൗര്‍ലഭ്യ ലക്ഷണം കാണുകയാണെങ്കില്‍ വീണ്ടും തളിക്കേണ്ടതായി വരും.

5. ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ പ്രകടമായതിനുശേഷം പരിഹരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മൂലകമാണ് ഇരുമ്പ്. ഇരുമ്പിനെ അതിന്റെ ചീലേറ്റഡ് സംയുക്തങ്ങളുടെ രൂപത്തില്‍ തളിച്ചു കൊടുക്കുകയാണ് ഏറ്റവും ഫലപ്രദം. 0.1% -0.5% വീര്യമുള്ള ഇരുമ്പ് ചീലേറ്റുകള്‍ ലായനി രൂപത്തില്‍ തളിച്ചു കൊടുക്കാം. ഇതു മെച്ചപ്പെട്ട ആഗിരണം ഉറപ്പാക്കും. പക്ഷേ ചീലേറ്റുകള്‍ക്ക് വില കൂടുതലാണ്.

6. ഇപ്പോള്‍ ഇരുമ്പ് അടങ്ങിയ ജൈവ സംയുക്തങ്ങള്‍ ലഭ്യമാണ്. പക്ഷേ ഇവ ചീലേറ്റുകളുടെ അത്രയും ഫലപ്രദമല്ല. വില അതിലും അധികവുമാണ്.

7. ചാണകം, കമ്പോസ്റ്റ്, ഇതര ജൈവവളങ്ങള്‍ എന്നിവ തുടര്‍ച്ചയായി നല്‍കുക വഴി ഇരുമ്പുള്‍പ്പെടെയുള്ള എല്ലാ സൂക്ഷ്മ മൂലകങ്ങളുടെയും മെച്ചപ്പെട്ട ലഭ്യത ഉറപ്പാക്കാം.

8. പച്ചില വളപ്രയോഗവും സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യതയ്ക്കുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗമാണ്.