തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂര്‍ വാട്ടരോഗം കാസര്‍കോട് ജില്ലയില്‍ വ്യാപകമാകുന്നതായി കണ്ടെത്തി. മടിക്കൈ പഞ്ചായത്തിലെ തെങ്ങുകളിലാണ് കഴിഞ്ഞദിവസം രോഗം കണ്ടെത്തിയത്. കഴിഞ്ഞദിവസം മടിക്കൈ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സി.പി.സി.ആര്‍.ഐ.യിലെ സസ്യസംരക്ഷണ വിഭാഗം തലവന്‍ വിനായക് ഹെഗ്‌ഡെ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ കാഞ്ഞിരപ്പൊയിലിലെ കര്‍ഷകന്‍ എ.രാജന്റെ തോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗലക്ഷണം കണ്ടെത്തിയത്.

തെങ്ങിന്‍തലപ്പത്തെ താഴത്തെ നിരകളിലുള്ള ഓലകള്‍ നിറംമങ്ങി പെട്ടെന്ന് വാടാന്‍തുടങ്ങുന്നതാണ് പ്രകടമായ ആദ്യത്തെ രോഗലക്ഷണം. രോഗം പിടിപെട്ട് തെങ്ങുകളുടെ വേരുകള്‍ ചീഞ്ഞുനശിക്കുമ്പോഴാണ് ഓലകളില്‍ നിറവ്യത്യാസം പ്രത്യക്ഷപ്പെടുക. പിന്നീട് ഓലകളെല്ലാം ഉണങ്ങി മണ്ട മറിഞ്ഞുപോകുന്നതോടെ നശീകരണം പൂര്‍ത്തിയാകുന്നു.

ഓലകള്‍ വാടുന്നതോടൊപ്പം വ്യാപകമായി തേങ്ങയും പൊഴിയും. ശക്തമായി കറയൊലിക്കുന്നതും കാണാം. രോഗബാധയുടെ അവസാനഘട്ടത്തില്‍ ചില തെങ്ങുകളില്‍ കൂണുപോലെ ഉറച്ച ഭാഗങ്ങള്‍ വളരുന്നത് കാണാം. ഗാനോഡെര്‍മ ലൂസിഡം, ഗാനോഡെര്‍മ അപ്ലനേറ്റ എന്നീ കുമിളുകളാണ് രോഗത്തിനു കാരണമാകുന്നത്. വെള്ളക്കെട്ടുകളുള്ളസ്ഥലത്താണ് രോഗം പടരാനുള്ള സാധ്യത കൂടുതല്‍. വേനല്‍ക്കാലത്ത് പൈപ്പുപയോഗിച്ചോ കണിക ജലസേചനരീതിയിലോ തെങ്ങുകള്‍ക്ക് ജലസേചനം ചെയ്യുക. തോട്ടം മുഴുവന്‍ നനയുന്ന രീതിയിലുള്ള നന ഒഴിവാക്കണം.

നിയന്ത്രണരീതികള്‍

രോഗം ബാധിച്ച് പൂര്‍ണമായും നശിച്ച തെങ്ങുകള്‍ വേരോടെ പിഴുത് നശിപ്പിക്കുക, രോഗം ബാധിച്ച തെങ്ങിന് ചുറ്റും 60 സെന്റിമിറ്റര്‍ ആഴത്തിലും 30 സെന്റിമീറ്റര്‍ വീതിയിലുമായി കിടങ്ങ് കുഴിച്ച് മറ്റുതെങ്ങുകളിലേക്ക് രോഗം പടരുന്നത് തടയുക, തെങ്ങിന് നിര്‍ദേശിച്ച അളവില്‍ ജൈവവളങ്ങളും രാസവളങ്ങളും ചേര്‍ത്തുകൊടുത്ത് അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുക, എതിര് കുമിളുകളായ ട്രൈക്കോഡെര്‍മ ചേര്‍ത്ത വേപ്പിന്‍ പിണ്ണാക്ക് ഒരുതടത്തില്‍ അഞ്ചുകിലോഗ്രാം എന്ന തോതില്‍ ഇടുക.

ടാല്‍ക്ക് മാധ്യമത്തില്‍ ഒരുകിലോഗ്രാം ട്രൈക്കോഡെര്‍മ 100 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കില്‍ എന്ന തോതില്‍ കലര്‍ത്തി തടത്തില്‍ ചേര്‍ക്കുന്നതിനുള്ള മിശ്രിതം തയ്യാറാക്കുക. നാലുദിവസത്തിലൊരിക്കല്‍ തെങ്ങിന്‍തടം നനച്ചുകൊടുക്കുക, അതോടൊപ്പം ഉണങ്ങിയ ഓലകളും ചപ്പു ചവറുകളും ഉപയോഗിച്ച് പുതയിടുക. വാഴ ഇടവിളയായി കൃഷിചെയ്യുന്നത് രോഗനിയന്ത്രണത്തിന് സഹായിക്കും. വാഴയുടെ വേരുകളില്‍നിന്നുള്ള സ്രവങ്ങള്‍ രോഗകാരിയായ കുമിളിനെതിരേ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.