cocnutകോഴിക്കോട്:കൊപ്രാ വിലയിടിവ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കേരഫെഡിന് വാഗ്ദാനം ചെയ്ത പണം മുഴുവനായും നല്‍കിയില്ല.ഇതു കൃഷിഭവന്‍ മുഖേനയുള്ള കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തെ പ്രതിസന്ധിയിലാക്കും.

കിലോവിന് 25 രൂപ നല്‍കിയാണ് കേരഫെഡ് ഇപ്പോള്‍ പച്ചത്തേങ്ങ സംഭരിക്കുന്നത്.പൊതു വിപണിയിലുള്ളതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.കഴിഞ്ഞ ജൂലായില്‍ കൊപ്രാ വില 6800 രൂപയായപ്പോള്‍ വില പിടിച്ചു നിര്‍ത്താന്‍ അടിയന്തിരമായി 20 കോടി രൂപ കേരഫെഡിനു നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.എന്നാല്‍ യോഗത്തിന്റെ മിനിറ്റ്‌സ് വന്നപ്പോള്‍ തുക പത്ത് കോടി രൂപയായി ചുരുങ്ങി.ഒടുവില്‍ കൊടുത്തതാകട്ടെ,അഞ്ച് കോടി രൂപയും.

 വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ തേങ്ങാവില താഴുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.കാങ്കയത്ത് ക്വിന്റലിന് 7800 വരെ വന്നത് ഒരാഴ്ചയ്ക്കിടെ 400 രൂപ കുറഞ്ഞു.കേരളത്തിലും ഓണത്തിനു ശേഷം വെളിച്ചെണ്ണ വിപണിയില്‍ മാന്ദ്യമാണ്.ഇനിയും വില കുറയാമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.അത് പരിഗണിച്ച് കൃഷിഭവന്‍ മുഖേനയുള്ള കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണം ഊര്‍ജ്ജിതപ്പെടുത്തേണ്ട സമയമാണിത്.

 കര്‍ഷകന് കിലോവിന് 25 രൂപ പച്ചത്തേങ്ങയ്ക്ക് കിട്ടുക തന്നെ വേണം.അതില്ലെങ്കില്‍ അവര്‍ പ്രതിസന്ധിയിലാകും.ഈ അവസ്ഥയില്‍ സര്‍ക്കാര്‍ കേരഫെഡിനെ സഹായിക്കുകയാണ് വേണ്ടത്.എന്നാലോ വാഗ്ദാനം ചെയ്ത പണം പോലും നല്‍കാതെ പച്ചത്തേങ്ങ സംഭരണം തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ കേരഫെഡിന്റെ ഓവര്‍ഡ്രാഫ്റ്റ് 17 കോടി രൂപ കവിഞ്ഞു.

 25 രൂപയ്ക്ക് സംഭരിക്കുന്ന പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കുമ്പോള്‍ കേരഫെഡിന് ഏതാണ്ട് ക്വിന്റലിന് 10000 രൂപ ചെലവ് വരും.ശരാശരി 7500 രൂപയ്ക്ക് പൊതുവിപണിയില്‍ കൊപ്ര ലഭിക്കുമ്പോഴാണ് ഈ അധിക ബാധ്യത.കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണമെങ്കില്‍ സര്‍ക്കാര്‍ ഈ അധിക ബാധ്യത ഏറ്റെടുത്ത് പച്ചത്തേങ്ങ സംഭരണം തുടരാനുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്.

 അതിനിടെ നവംബറോടെ വില മെച്ചപ്പെടുമെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ വിലയിരുത്തല്‍.ദീപാവലി,ശബരിമല സീസണ്‍ തുടങ്ങുന്നതോടെ വെളിച്ചെണ്ണയ്ക്കും ഉണ്ടക്കൊപ്രയ്ക്കും വില കൂടുമെന്നാണ് അനുമാനം.