കോഴിക്കോട്: കേരംതിങ്ങും കേരളനാട്ടില്‍, തെങ്ങിന്‍ചോട്ടില്‍ നിസ്സഹായനായി നില്‍ക്കുകയാണ് കേരകര്‍ഷകന്‍.

കൂലി കൂടിയതും തെങ്ങുകയറാനാളില്ലാത്തതും പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കയ്യാലപ്പുറത്തെ തേങ്ങപോലെ നില്‍ക്കുകയാണ് കര്‍ഷകര്‍. 

ഒരു തെങ്ങില്‍നിന്ന് കിട്ടുന്നത് ശരാശരി 10-15 തേങ്ങ. കയറാന്‍ തെങ്ങൊന്നിന് തൊഴിലാളിക്ക് കൊടുക്കണം 30 മുതല്‍ 80 രൂപ വരെ. പത്ത് തെങ്ങുകയറിയാല്‍ കൂലി 300 മുതല്‍ 800 രൂപ വരെ. തേങ്ങ പൊതിക്കാന്‍ ഒന്നിന് 80 പൈസ. പച്ചത്തേങ്ങയ്ക്ക് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 10-15 രൂപ.

കൊപ്രയാക്കിയാല്‍ കര്‍ഷകന് കിട്ടുന്നത് ഒരു തേങ്ങയ്ക്ക് അഞ്ചോ ആറോ രൂപമാത്രം. കര്‍ഷകന് നഷ്ടക്കണക്കുമാത്രം. പച്ചത്തേങ്ങ സംഭരിച്ച വകയില്‍ കേരഫെഡ് കര്‍ഷകന് നല്‍കാനുള്ളതോ 77 കോടിയും. 

കര്‍ഷകരുടെ ചോദ്യത്തിന് ആരുത്തരം പറയും

തേങ്ങയിടാന്‍ ആളെ കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഉള്‍നാടുകളില്‍ 30 രൂപവരെയാണ് ഒരു തെങ്ങിന് നല്‍കേണ്ടത്. നഗരത്തിലെത്തിയാല്‍ സ്ഥിതി മാറി. 'ചോദിക്കുന്ന കൂലി കൊടുക്കണം. തെങ്ങ് കുറവാണെങ്കില്‍ 100 രൂപവരെ കൊടുക്കേണ്ടിവരും. ചിലപ്പോള്‍ ഉണങ്ങിയ തേങ്ങ വീഴുന്നത് കാത്തിരിക്കും'-കര്‍ഷകരുടെ വാക്കുകളില്‍ നിറയുന്നത് നിസ്സഹായത. 

ആറുമാസമായി കൊപ്രവിലയിലുണ്ടായ വര്‍ധനയിലാണ് ഇപ്പോള്‍ പ്രതീക്ഷ. 'മുമ്പ് പറമ്പിലുള്ള മരമെല്ലാം വെട്ടി റബ്ബര്‍ വെച്ചവരുണ്ട്. റബ്ബര്‍ കാക്കുമെന്ന് വിശ്വസിച്ചു. അത് നഷ്ടത്തിലായി. ഇത്തവണ കുരുമുളക് എല്ലായിടത്തും നല്ലരീതിയില്‍ ഉണ്ടായി. അതുകൊണ്ട് വിലയിടിഞ്ഞു. കൊപ്രയ്ക്ക് ഇപ്പോള്‍ വില കൂടിയിട്ടുണ്ട്. അത് എത്രനാളുണ്ടാകുമെന്നറിയില്ല. ചാഞ്ചാടുന്നത് ഞങ്ങളുടെ ജീവിതമാണ്'-മലയോരത്തെ കര്‍ഷകന്‍ ജോസഫ് പറഞ്ഞു.

തെങ്ങുകയറാന്‍ തയ്യാറാകുന്നവര്‍ക്ക് വിമാനടിക്കറ്റ് വാഗ്ദാനംചെയ്ത് പരസ്യം വന്നതും നമ്മുടെ നാട്ടില്‍ത്തന്നെ! 

എവിടെപ്പോയി ചങ്ങാതിക്കൂട്ടം?

നാളികേര വികസന ബോര്‍ഡ് 2011 മുതല്‍ 2015 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെങ്ങുകയറ്റപരിശീലനം നല്‍കി. ഏതാണ്ട് 25,000 പേരാണ് ചങ്ങാതിക്കൂട്ടം പരിശീലനത്തില്‍ പങ്കെടുത്തത്. ആറുദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തെങ്ങുകയറ്റയന്ത്രവും നല്‍കി. 

ഇവര്‍ ഒരുവര്‍ഷം ഈ മേഖലയില്‍ തുടരണമെന്ന് കരാറും ഒപ്പിട്ടു. 30 അടിയുള്ള ഒരു തെങ്ങില്‍ കയറാന്‍ 20 രൂപയും അതിന് മുകളിലാണെങ്കില്‍ 30 രൂപയുമായിരുന്നു നിശ്ചയിച്ച കൂലി. തെങ്ങിന് മരുന്നടിക്കാനാണെങ്കില്‍ 50 രൂപ നല്‍കണം. എന്നാല്‍, പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ചുരുക്കംചിലര്‍ മാത്രമാണ് ഈ തൊഴിലുമായി മുന്നോട്ടുപോകുന്നത്.
എത്രപേര്‍ ഇപ്പോള്‍ തെങ്ങുകയറ്റരംഗത്തുണ്ടെന്ന കൃത്യമായ കണക്ക് നാളികേര വികസന ബോര്‍ഡിനും ലഭ്യമല്ല.

'എനിക്ക് 50 തെങ്ങുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയശേഷം കുറച്ചുനാള്‍ പണിയെടുത്തു. സ്വന്തം പറമ്പിലെ തേങ്ങയിടാന്‍ പറ്റുന്നതാണ് ഏക ആശ്വാസം'-പരിശീലനം പൂര്‍ത്തിയാക്കിയ ഒരാളുടെ വാക്കുകള്‍. എന്നാല്‍, തൊഴില്‍ തുടരുന്നവരുമുണ്ട്. 'ജീവിക്കാന്‍ വേണ്ടിയാണ് പരിശീലനത്തിന് പോയത്. ഇപ്പോഴും അതുതന്നെയാണ് തുണ'-വടകരയിലെ കെ.എം. ബീന പറയുന്നു.