കോഴിക്കോട്:കൊപ്രയ്ക്ക് വില കുറയുന്ന സാഹചര്യത്തില്‍ കേരഫെഡ് വഴിയുള്ള പച്ചത്തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു.

 സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പണം നല്‍കാത്തത് കേരഫെഡിനെ പ്രതിസന്ധിയിലാക്കിയ വസ്തുത 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടര്‍ന്നാണ് പണം അനുവദിച്ചത്.കഴിഞ്ഞ ജൂണ്‍ അവസാനം സ്വകാര്യ വെളിച്ചെണ്ണ ക്കമ്പനികളുടെ ഇടപെടല്‍ മൂലം പച്ചത്തേങ്ങയ്ക്ക് കിലോ നിരക്ക് 17 രൂപയായി കുറഞ്ഞപ്പോഴാണ് സര്‍ക്കാര്‍ കേരഫെഡ് മുഖേനയുള്ള സംഭരണത്തിന് 10 കോടി രൂപ അനുവദിച്ചത്.

 20 കോടി രൂപ നല്‍കാനായിരുന്നു മന്ത്രിസഭാ തീരുമാനം.പക്ഷെ ഉത്തരവ് വന്നപ്പോഴത് 10 കോടി രൂപയായി കുറഞ്ഞു.എന്നിട്ട് നല്‍കിയത് അഞ്ചു കോടി രൂപമാത്രമായിരുന്നു.വിപണിയില്‍ വില എത്ര കുറഞ്ഞാലും കിലോയ്ക്ക് 25 രൂപ നല്‍കിയാണ് കേരഫെഡ് കൃഷിഭവനുകള്‍ മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നത്.വലിയൊരുപരിധി വരെ ഇത് വില പിടിച്ചുനിര്‍ത്താന്‍ സഹായകമാണ്.

 വിപണിയില്‍ ഇടപെടണമെന്ന നിര്‍ദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അഞ്ചു കോടി രൂപ കേരഫെഡിന് അനുവദിച്ചത്.കൊപ്രയുടെ വില കുറയുന്ന അവസ്ഥയാണിപ്പോള്‍.തമിഴ്‌നാട്ടില്‍ ക്വിന്റലിന് 6800 രൂപയായി.ദീപാവലി വരെ ഈ നില തുടര്‍ന്നേക്കാം.എന്നാല്‍ ദീപാവലി കഴിഞ്ഞാല്‍ വില മെച്ചപ്പെടുമെന്നാണ് സൂചന.

കൊപ്രയുടെ വിലക്കുറവ് വലിയതോതില്‍ നാളികേര വിപണിയെ ബാധിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.കോഴിക്കോട്ട് ഇപ്പോഴും പച്ചത്തേങ്ങയ്ക്ക് 23 രൂപ വരെ വിലയുണ്ട്.എന്നാല്‍ പാലക്കാട്ട് 18 രൂപയായി കുറഞ്ഞു.കോഴിക്കോട്ടെ തേങ്ങയ്ക്ക് ഗുണനിലവാരം കൂടുമെന്നതാണ് വ്യത്യാസം.
വില കുറയുമ്പോള്‍ കര്‍ഷകര്‍ കൃഷിഭവന്‍ മുഖേനയുള്ള പച്ചത്തേങ്ങ സംഭരണം പ്രയോജനപ്പെടുത്തണം.പച്ചത്തേങ്ങ വന്‍തോതില്‍ സംഭരിച്ചതു കൊണ്ടുതന്നെ കേരഫെഡ് ഇപ്പോള്‍ കൊപ്ര വാങ്ങുന്നത് നിര്‍ത്തിയിരിക്കയാണ്.