ഉദ്യാനവിളകളെ ഉപദ്രവംചെയ്യുന്ന ശത്രുപ്രാണിയാണ് വെള്ളീച്ച. ആദ്യകാലത്ത് തെക്കേ അമേരിക്കയിലാണ് കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ ഇത് ആഗോളവ്യാപിയായി തീര്‍ന്നിരിക്കുന്നു. നീരൂറ്റിക്കീടമാണ് വെള്ളീച്ച.

കേരളത്തില്‍ ചിലയിടങ്ങളില്‍ തെങ്ങിലും ഇത് കണ്ടുതുടങ്ങിയിരിക്കുന്നു; പ്രത്യേകിച്ച് ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ മേഖലകളില്‍. ഇതിന്റെ പുഴുവും ഈച്ചയും ഇലകളില്‍നിന്ന് നീരൂറ്റിക്കുടിച്ച് ഒപ്പം ഒരുതരം മധുരസ്രവം പുറന്തള്ളും. 

ഈ സ്രവത്തില്‍ കറുത്ത പൂപ്പല്‍പറ്റി കരിംപൂപ്പുരോഗവും ഇതോടൊപ്പം പിടിപെടും. ഓല പാടേ കറുത്ത നിറമാകാനും ഇതുമതി. മെഴുകുകൊണ്ടുള്ള ആവരണം ശരീരത്തുള്ളതിനാല്‍ ഇവ അത്രവേഗം നശിക്കില്ല.

വെള്ളീച്ചശല്യം അധികമുള്ള ഓലകള്‍ മുറിച്ച് കത്തിച്ചും വേപ്പെണ്ണ എമല്‍ഷന്‍ തളിച്ചും രണ്ടു ലിറ്റര്‍ കഞ്ഞിവെള്ളം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിച്ചും വെള്ളീച്ചശല്യത്തിനും കരിംപൂപ്പിനും പ്രതിവിധികാണാം.