റബ്ബര്‍ത്തോട്ടങ്ങളില്‍ മഴക്കാലമാകുമ്പോള്‍ പച്ചനിറത്തില്‍ ഞൊറിയിട്ട് പാവാടചാര്‍ത്തിയതുപോലെ നിരനിരയായി റബ്ബര്‍മരങ്ങള്‍ നില്‍ക്കുന്ന കൗതുകകരമായ കാഴ്ചകാണാം. ഈ കാഴ്ച യുടെ ശാസ്ത്രീയവശമാണ് 'റെയിന്‍ ഗാര്‍ഡിങ്' എന്ന 'മഴക്കവചം.' മഴക്കാലത്ത്  ഉത്പാദനനഷ്ടം ഒഴിവാക്കാന്‍ സ്വീകരിക്കുന്ന തന്ത്രമാണ് 'റെയിന്‍ ഗാര്‍ഡിങ്.'

മരത്തിന്റെ തായ്ത്തടിയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി വെട്ടുപട്ടയിലെത്തി നഷ്ടം വരുന്നത് തടയാന്‍, വെട്ടുചാലിനുമുകളില്‍ നിശ്ചിത അകലത്തിലാണ് 'റെയിന്‍ ഗാര്‍ഡ്' എന്ന കവചം ഘടിപ്പിക്കുന്നത്. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മഴക്കാലത്തും തുടര്‍ന്നുവരുന്ന തുലാവര്‍ഷസമയത്തും റെയിന്‍ ഗാര്‍ഡ് കെട്ടണം. യഥാസമയം ചെയ്താല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും ഉത്പാദനവര്‍ധനയുണ്ടാകും.

ഇത് നാലുതരമുണ്ട്. പരമ്പരാഗതരീതിയിലുള്ള പോളിത്തീന്‍ പാവാട, ടാപ്പിങ് ഷേഡ്, ഗാര്‍ഡിയന്‍ റെയിന്‍ ഗാര്‍ഡ്, ടാപ്പിങ് ഷീല്‍ഡ്, 45 സെ.മീ. വീതിയും 300 ഗേജ് കനവുമുള്ള എല്‍.ഡി.പി.ഇ. പോളിത്തീന്‍, ബിറ്റുമെന്‍ ചേര്‍ന്ന റെയിന്‍ഗാര്‍ഡ് കോമ്പൗണ്ട്, ഒരിഞ്ചുവീതിയുള്ള കോറത്തുണിനാട, സ്റ്റേപ്‌ളര്‍ പിന്‍ ഇത്രയുമാണ് പാവാട റെയിന്‍ഗാര്‍ഡിനുവേണ്ട ചേരുവകള്‍. റെയിന്‍ഗാര്‍ഡ് കോമ്പൗണ്ട് തീയില്‍ ചൂടാക്കരുത്. വേണമെങ്കില്‍ കോമ്പൗണ്ടുള്ള ടിന്‍ വെയിലത്തോ മറ്റോവെച്ച് അയവുവരുത്താം. പോളിത്തീന്‍ തയ്യല്‍മെഷീ ന്റെ സഹായത്തോടെ തുല്യയകലത്തില്‍ ചെറിയ ഞൊറിയിട്ട് തയ്ക്കുക, പ്‌ളാസ്റ്റിക്കിന്റെ അരികില്‍നിന്ന് ഒരു സെ.മീ. ഉള്ളില്‍ മാറ്റി തയ്ക്കണം.

ഗാര്‍ഡ് ചെയ്യുന്ന മരത്തിന്റെ വെട്ടുചാലിന് 10. സെ.മീ. മുകളില്‍, ചാലിന് സമാന്തരമായി നാലുസെ.മീ. വീതിയില്‍ മൊരി ചുരണ്ടി പൊടിതുടച്ച് ബിറ്റുമെന്‍ പശ ഒരിഞ്ചു വീതിയില്‍ നേര്‍മയായി ഒരേകനത്തില്‍ തേക്കുക. പശ തേച്ചതിന്റെ താഴ്പകുതി മറയുംവിധം ഞൊറിയിട്ട പോളത്തീന്‍ ഒട്ടിച്ച്  രണ്ടറ്റത്തും യോജ്യമായ സ്റ്റേപ്‌ളര്‍ പിന്നടിച്ച് ഉറപ്പിക്കുക. തുടര്‍ന്ന് കോറത്തുണിനാട ഏറ്റവും പിന്നില്‍ ഉറപ്പിച്ച് ഞൊറിയിട്ടിടത്തെ പോളിത്തീന്‍ ഉപരിതലം മറയുമാറ് മുമ്പോട്ട് വലിച്ചുമുറുക്കി മുന്നിലും ഇടയ്ക്ക് മൂന്നുനാലിടത്തും പിന്നടിച്ച് ഉറപ്പിക്കുക. നാടയുടെ മുകള്‍ഭാഗം മൂടുംവിധം രണ്ടാമതും പശതേച്ചു പിടിപ്പിക്കുക. ഇതാണ് പാവാട റെയിന്‍ഗാര്‍ഡ്. 

പാവാടയില്‍ ചോര്‍ച്ചകണ്ടാല്‍ കൂടുതല്‍ പശതേച്ച് ചോര്‍ച്ചതടയണം. മഴയ്ക്കുമുമ്പ്, റെയിന്‍ഗാര്‍ഡ് ചെയ്യണം. മൊരി ചുരണ്ടുമ്പോള്‍ പാല് പൊടിയരുത്. മഴ കഴിഞ്ഞ് പോളിത്തീന്‍ പറിച്ചെടുക്കാതെ, 23 ഇഞ്ച് നിലനിര്‍ത്തി മാത്രമേ മുറിച്ചെടുക്കാന്‍ പാടുള്ളൂ. റെയിന്‍ഗാര്‍ഡ് ചെയ്താല്‍ ഉത്പാദനം കുറയില്ല, പട്ടമരപ്പ് വരില്ല.  

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04812301231