ചെറുതാഴത്തിന്റെ കാര്‍ഷിക സംസ്‌കൃതിയില്‍ പുത്തന്‍ ഏടുകള്‍ എഴുതിച്ചേര്‍ക്കുകയാണ് ഈ കര്‍ഷകക്കൂട്ടായ്മ. ചെങ്കല്‍ മണ്ണും കുന്നിന്‍പ്രദേശങ്ങളുമായി കുരുമുളക് കൃഷിക്ക് യോഗ്യമായ ഇടങ്ങളെല്ലാംകറുത്തപൊന്നിന്റെ വിളനിലമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ഈ നാടൊന്നാകെ.

 അഞ്ചുസെന്റ് മുതല്‍ 11 ഏക്കര്‍ വരെ ഭൂമി സ്വന്തമായുള്ള, 1400 അംഗങ്ങളിലൂടെ, 340 ഏക്കര്‍ സ്ഥലത്ത്, കുരുമുളക് കൃഷി വ്യാപിച്ചുകൊണ്ടാണ് കറുത്തപൊന്നിന്റെ ചെറുതാഴപ്പെരുമ കാര്‍ഷികഭൂപടത്തില്‍ പ്രഥമ സ്ഥാനത്തെത്തുന്നത്. 2013ല്‍ കൃഷിഭവനുകീഴില്‍ നാമമാത്ര കര്‍ഷകരുമായി രൂപംകൊണ്ട ചെറുതാഴം കുരുമുളക് സംരക്ഷണസമിതിയാണ് ഇത്രയും വളര്‍ന്ന്, വള്ളിപോലെ പന്തലിച്ച് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്.

ചെറുതാഴം പഞ്ചായത്ത് കൃഷിഭവനുകീഴില്‍ തുടങ്ങിയ കുരുമുളക് സംരക്ഷണസമിതിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കാര്‍ഷിക സൗഹൃദ കുരുമുളകുഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് നാട് മുന്നേറുന്നത്. 2014ല്‍ കൃഷിവകുപ്പ് അനുവദിച്ച 12,000 തൈകള്‍ വിതരണം ചെയ്തുകൊണ്ട് കുരുമുളക് കൃഷി വ്യാപനത്തിന് തുടക്കമിട്ടത്. 2015ല്‍ പഞ്ചായത്ത്  അനുവദിച്ച മൂന്നുലക്ഷം രൂപയുപയോഗിച്ച് കണ്ണൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍നിന്ന്

26,400 തൈകള്‍ കര്‍ഷകരിലെത്തിച്ചു. 2016ല്‍  പഞ്ചായത്ത് നല്‍കിയ നാലുലക്ഷം രൂപയുപയോഗിച്ച് തൈകളും വളവും വിതരണംചെയ്തു. പ്രസ്തുതവര്‍ഷം കൃഷിവിജ്ഞാന കേന്ദ്രത്തില്‍നിന്ന് എത്തിച്ച 39,000 തൈകളാണ് കൃഷിസാധ്യത വിലയിരുത്തി നാട്ടിലാകെ വിതരണം നടത്തിയത്. കൂടാതെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് രണ്ടരലക്ഷം നല്‍കുകയും 2500 കുറ്റി കുരുമുളക് തൈകള്‍ കര്‍ഷകരിലെത്തിക്കുകയും ചെയ്തു. ഇങ്ങനെ കുരുമുളക് കൃഷിവ്യാപനത്തില്‍ കര്‍മരംഗത്തിറങ്ങിയ സമിതിയുടെ മുന്നേറ്റത്തിന് കോഴിക്കോട് അടയ്ക്കസുഗന്ധവിള ഡയറക്ടറേറ്റ് ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍ ഒന്നാംഘട്ടത്തില്‍ അനുവദിച്ച് നല്‍കിയ 10 ലക്ഷം രൂപ ഉപയോഗിച്ച് കൃഷിവിജ്ഞാന്‍കേന്ദ്രം വഴി കര്‍ഷകര്‍ക്ക് അയര്‍, ഡോളോമെറ്റ്, ജൈവവളങ്ങള്‍ എന്നിങ്ങനെ കൃഷിക്കാവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്തു.

സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പദ്ധതിപ്രവര്‍ത്തനങ്ങള്‍ മൂന്നുവര്‍ഷത്തിനുശേഷം ഡയറക്ടറേറ്റ് വിദഗ്ധസമിതി സന്ദര്‍ശിച്ച് പരിശോധിക്കുകയും തൃപ്തിയായതിന്റെ പേരില്‍ രണ്ടാംഘട്ടമെന്ന നിലയില്‍ ഹരിതകേരളം കുരുമുളക് കൃഷി പങ്കാളിത്ത വികസനപദ്ധതിക്കായി 10 ലക്ഷം രൂപകൂടി അനുവദിക്കുകയും ചെയ്തു. ആയതിന്റെ ശില്പശാലയും പ്രഖ്യാപനവും കഴിഞ്ഞദിവസം നടന്നു കഴിഞ്ഞു. കരിമുണ്ട, ഒറ്റക്കന്‍മുണ്ട, പന്നിയൂര്‍ വണ്‍, നാരായക്കൊടി, അറയാന്‍ മുണ്ട തുടങ്ങിയ ഇനങ്ങളാണ് ചെറുതാഴത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും വിലയിരുത്തി കൃഷി ചെയ്യുന്നത്.

  ഇതില്‍ 50 സെന്റിനുമുകളില്‍ നാല്പതിലധികം വള്ളിക്കാലുകളുള്ള 40 തോട്ടങ്ങള്‍ കൃഷിവിജ്ഞാനകേന്ദ്രം തിരഞ്ഞെടുത്ത് പരിചരണം നടത്തി വരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ അഞ്ച് സ്‌പെയറുകള്‍ കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

 പഞ്ചായത്തിലെ 40 കര്‍ഷകര്‍ക്ക് നഴ്‌സറി തുടങ്ങുന്നതിന് കൃഷിവിജ്ഞാനകേന്ദ്രം പരിശീലനം നല്‍കിയിട്ടുണ്ട്.ഇവര്‍ക്ക് നാഗപതി തൈകളുണ്ടാക്കുന്നതിന് മാതൃതൈകള്‍, കൊട്ടകള്‍, ചകിരിച്ചോറ്, വളം, ഷീറ്റ് തുടങ്ങിയവ സൗജന്യമായി നല്‍കി. ശ്രീസ്ഥയിലെ റിട്ട. സിവില്‍ പോലീസ് ഓഫീസര്‍ രാഘവന്‍, പുത്തൂരിലെ റിട്ട. അധ്യാപകന്‍ കെ.എം.പ്രഭാകരന്‍, കെ.എം. സുബ്രഹ്മണ്യ വാരിയര്‍, പി.വി.പദ്മനാഭന്‍ എന്നിവരുടെ നഴ്‌സറികള്‍ മാതൃകാപരമാണ്.

 കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.ജയരാജന്റെ പൂര്‍ണപിന്തുണയും മേല്‍നോട്ടവും ചെറുതാഴത്തെ കുരുമുളക് വികസനപദ്ധതിക്ക് ആവേശം പകരുന്നു. വര്‍ഷത്തില്‍ നാലുതവണ കര്‍ഷകരെയെല്ലാം വിളിച്ചുചേര്‍ത്ത് ശില്പശാല നടത്തുകയും ഡോ. ജയരാജ് ക്ലാസെടുത്ത് ചര്‍ച്ച നയിക്കുകയും ചെയ്തുവരുന്നു.

കൃത്യമായ മണ്ണുപരിശോധന, നിരന്തര സമ്പര്‍ക്കം, രോഗപ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം കൃഷി വകുപ്പുമായി ബന്ധപ്പെട്ടവരും സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തി വരുന്നു. സ്ഥലം എം.എല്‍.എ. ടി.വി.രാജേഷ്, ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം കുരുമുളക് ഗ്രാമം പദ്ധതിക്ക് സഹായ സഹകരണവുമായി മുന്നിലുണ്ട്.

 കുളപ്പുറത്തെ റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടറും മാതൃകാ കര്‍ഷകനുമായ എന്‍.ചന്ദ്രന്‍ പ്രസിഡന്റായി നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സമിതിയുടെ സെക്രട്ടറി പി.പി.അംബുജാക്ഷനും 13 പ്രവര്‍ത്തക അംഗങ്ങളുണ്ട്. ഇതിന്റെ കീഴില്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പ്രവര്‍ത്തിക്കുന്ന പഞ്ചായത്തംഗം ചെയര്‍മാനും കുരുമുളക് കര്‍ഷകന്‍ കണ്‍വീനറുമായ 13 അംഗ കമ്മിറ്റി മുഖേനയാണ് കുരുമുളക് കൃഷി പദ്ധതി താഴെത്തട്ടില്‍ നടപ്പാക്കിവരുന്നത്.

 അംഗത്വഫീസില്‍നിന്നുള്ള തുച്ഛമായ വരുമാനത്തിലാണ് സമിതിയുടെ ദൈനംദിന പ്രവര്‍ത്തനം. കൃഷിഭവനടുത്ത് പഞ്ചായത്ത് ആസ്ഥാനത്ത് ഓഫീസ് സെക്രട്ടറിയടക്കമുള്ള ഓഫീസും പ്രവര്‍ത്തിക്കുന്നു.

 സംരക്ഷണസമിതി അംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ ഉന്നതവിജയികള്‍ക്ക് എന്‍ഡോവ്‌മെന്റുകളടക്കമുള്ള വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളും സമിതി നടത്തിവരുന്നുണ്ട്.

 പഞ്ചായത്ത് പരിധിയിലെ അര്‍ഹരെയെല്ലാം അംഗങ്ങളാക്കി എല്ലാ പറമ്പിലും കുരുമുളക് കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സമിതി പ്രസിഡന്റ് എന്‍.ചന്ദ്രന്‍ പറഞ്ഞു.