കണ്ണൂര്‍: വാസ്‌കോഡഗാമ കൊണ്ടുപോയ കുരുമുളക് വള്ളിത്തല പാഴായില്ല. പോര്‍ച്ചുഗലില്‍ വലുതായി വേരുപിടിച്ചില്ലെങ്കിലും പോര്‍ച്ചുഗീസുകാര്‍ ബ്രസീലില്‍ അതിനെ നട്ടുപടര്‍ത്തി. ഇപ്പോള്‍ ബ്രസീലില്‍ ഒരു ഹെക്ടര്‍ കുരുമുളകു തോട്ടത്തില്‍നിന്ന് വര്‍ഷം വിളയിക്കുന്നത് 3000 കിലോ കുരുമുളക്. അതിന്റെ അമ്മവീടെന്നു കരുതുന്ന കേരളത്തിലാകട്ടെ വെറും 476 കിലോ.

കേരളത്തെ ലോകപ്രശസ്തമാക്കിയ കറുത്തപൊന്നിന്റെ മികവ് വീണ്ടെടുക്കാന്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷിവിജ്ഞാനകേന്ദ്രം വിപുലമായ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. കോഴിക്കോട്ടെ കേന്ദ്ര അടക്കസുഗന്ധദ്രവ്യ ഡയറക്ടറേറ്റ്, സംസ്ഥാന സര്‍ക്കാരിന്റെ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി.

കുരുമുളക് ഗ്രാമങ്ങള്‍

ഉത്പാദനം കൂട്ടുന്നതിന്റെ ആദ്യപടിയായി ഗ്രാമങ്ങളെ ദത്തെടുക്കും. രണ്ടുവര്‍ഷംമുമ്പ് കണ്ണൂര്‍ ചെറുതാവം ഗ്രാമത്തെ ദത്തെടുത്ത് ശാസ്ത്രീയ കുരുമുളക് കൃഷി പ്രോത്സാഹനപദ്ധതി തുടങ്ങിയിരുന്നു. ഈ വര്‍ഷം കുറ്റിയാട്ടൂര്‍ ഗ്രാമത്തെ കാര്‍ഷിക സര്‍വകലാശാല ദത്തെടുക്കും. ഇവിടെ തിരുവാതിര ഞാറ്റുവേലക്കാലത്ത് വിപുലമായതോതില്‍ കുരുമുളക് കൃഷി തുടങ്ങും.

പ്രത്യേക കൃഷിരീതി

ഒരു ലിറ്റര്‍ കുരുമുളകിന് 580-600 ഗ്രാം തൂക്കമുണ്ടെങ്കിലാണ് മികച്ച ഇനം കുരുമുളകെന്നു പറയുക. ഇപ്പോള്‍ ശരാശരി 480 ഗ്രാം മാത്രമാണ് കേരളത്തില്‍ കിട്ടുന്നത്. ഇതുമാറ്റി 580-600 ഗ്രാം തോതില്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

മണ്ണിലെ കുറഞ്ഞ ജൈവത, കൂടിയ അമ്ലത, പോഷകമൂലകങ്ങളുടെ അഭാവം എന്നിവ കേരളത്തിലെ മണ്ണിന്റെ ന്യൂനതയാവുകയാണ്. ഇത് പരിഹരിക്കും. ഇപ്പോള്‍ മൂന്നുവര്‍ഷംകൊണ്ട് കായ്ക്കുന്നത് ശരിയായ പരിപാലനത്തിലൂടെ ഒന്നരക്കൊല്ലംക്കൊണ്ട് കായ്പിക്കാനാവുമെന്നാണ് കരുതുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടുവില്‍ പ്രദേശത്ത് നടത്തിയ കൃഷിയില്‍ 10 മാസത്തിനകംതന്നെ കായ്ച്ച അനുഭവമുണ്ടായി.

വിത്തുവള്ളി ഉത്പാദനം

മികച്ച വിളവുണ്ടാകാന്‍ പര്യാപ്തമായ വിത്തുവള്ളി വന്‍തോതില്‍ ഉത്പാദിപ്പിച്ച് വിപണിയിലിറക്കാനും വിജ്ഞാനകേന്ദ്രം പദ്ധതി തുടങ്ങി. നിലത്തുപടര്‍ത്തി മുട്ടിനുമുട്ടിന് ഗ്രോബാഗ് വെച്ചുകൊടുത്ത് നാഗപപ്പതി രീതിയിലും പന്തലിപ്പിച്ച് റാപ്പിഡ് രീതിയിലുമാണ് വള്ളിത്തല ഉത്പാദനം. പന്നിയൂര്‍ ഒന്നുമുതല്‍ എട്ടുവരെ ഇനങ്ങള്‍ക്ക് പുറമേ കരിമുണ്ടയും വിജയുമാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ സ്വഭാവത്തില്‍വന്ന മാറ്റവുമാണ് കേരളത്തില്‍ കുരുമുളകു കൃഷിയെ പിന്നോട്ടടിപ്പിച്ചത്. കനത്തമഴയും വൃക്ഷങ്ങള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന അന്തരീക്ഷവും കുരുമുളകിന് ആവശ്യമാണ് കാര്‍ഷിക വിജ്ഞാനകേന്ദ്രം ഡയറക്ടര്‍ ഡോ. പി. ജയരാജ്