ബ്ലാത്തൂര്‍: പാറക്കടവത്ത് അലി കുരുമുളകിനെ സ്‌നേഹിച്ച കര്‍ഷകനാണ്. ഭാര്യ ജമീലയെയും ആറ് മക്കളെയും സംരക്ഷിച്ചതുപോലെതന്നെ കുരുമുളകിന്റെയും കശുമാവിന്റെയും കൂടി സംരക്ഷകനായി മാറി അലി.  നാട്ടുകാരെല്ലാം റബ്ബറിനെ വരിച്ചപ്പോഴും കശുമാവുവെട്ടാതെ കുരുമുളകിനെ കൈവിടാത്ത അപൂര്‍വം കര്‍ഷകരിലൊരാളാണ് അദ്ദേഹം. 25ാം വയസ്സില്‍ തുടങ്ങിയതാണ് അലിയുടെ കുരുമുളക് പ്രേമം. ഭാര്യയുടെ പറമ്പില്‍ കുരുമുളക് കൃഷി നടത്തി 9394 വര്‍ഷം പടിയൂര്‍കല്യാട് പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടതുമാത്രമാണ് ഇതുവരെ ഈ കര്‍ഷകന് ലഭിച്ച അംഗീകാരം.

ചമതച്ചാലിലെ മൂന്നേക്കര്‍ സ്ഥലത്ത് കശുമാവില്‍ പടര്‍ന്നുകിടക്കുന്ന കുരുമുളക് വള്ളികളാണ് അലിയുടെ ജീവിതത്തിന്റെ എല്ലാം.ബ്ലാത്തൂരിലെ വീട്ടില്‍നിന്ന് 16വര്‍ഷംമുമ്പ് ആറുകിലോമീറ്റര്‍ നടന്ന് ചമതച്ചാലിലെ പറമ്പിലെത്തിയിരുന്ന അലി ഇന്ന് കെ.എല്‍.59എച്ച് 3907 മഹീന്ദ്ര താര്‍ ജീപ്പിലാണ് പറമ്പിലെത്തുന്നത്. ഈ മാറ്റത്തിനുപിറകില്‍ കശുമാവും കുരുമുളകും മാത്രമാണ്.ഏഴുവര്‍ഷംമുമ്പ് മാത്രമാണ് ഈ കര്‍ഷകനെ കൃഷിവകുപ്പ് ശ്രദ്ധിച്ചുതുടങ്ങിയത്. 

കഴിഞ്ഞ ആറുവര്‍ഷവും പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന് വള്ളിത്തലകള്‍ നല്‍കുന്നത് അലിയാണ്.പന്നിയൂര്‍ ഒന്ന് ഇനമാണ് തോട്ടത്തിലേറെയും. കുമ്മായവും കോഴിവളവും ആലവളവും രോഗം വരുന്നതിനുമുമ്പേ കുമിള്‍ നാശിനിയും ഇതാണ് അലിയുടെ കൃഷിയുടെ വിജയരഹസ്യം.

65 വയസ്സ് പിന്നിട്ട അലി ഈ കൃഷികൊണ്ട് സംതൃപ്തനാണ്. 10മുതല്‍ 15 ക്വിന്റല്‍വരെ കശുവണ്ടിയും കുരുമുളകും പറമ്പില്‍നിന്ന് കിട്ടുന്നുണ്ട്. മക്കള്‍ക്കൊന്നും കൃഷിയില്‍ താത്പര്യമില്ല. സര്‍ക്കാര്‍ സഹായമൊന്നും തരുന്നുമില്ല. 'എന്റെ കാലശേഷം ഇവിടെയും റബ്ബര്‍ വരുമായിരിക്കും'അലിയുടെ വേവലാതി ഇതാണ്. കശുമാവില്‍ കുരുമുളക് വിളവ് കൂടുതലാണെന്ന് അലി എവിടെയും പറയും.