കശുവണ്ടിമേഖല ഇന്നോളം കണ്ടിട്ടില്ലാത്തത്ര വിപുലമായ ബഹുമുഖ പുനരുദ്ധാരണ ശ്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. നാടുനീങ്ങുന്ന വ്യവസായത്തെ പിടിച്ചുനിര്‍ത്താനുള്ള അവസാനശ്രമമെന്ന് വിശേഷിപ്പിക്കാവുന്ന നീക്കമാണിത്. ഇടനിലക്കാരില്ലാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ് ഏറ്റവും ഒടുവിലത്തേത്. ഇതിന് മൂന്നുനാല് മാസത്തിനുള്ളില്‍ ഫലം കാണാനാകുമെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രത്യാശ പ്രകടിപ്പിച്ചത്. ഐവറികോസ്റ്റ് മുഖേനയുള്ള ഇറക്കുമതി ഉടന്‍ സാധ്യമാകുമെന്നാണ് കരുതുന്നത്.

കശുമാവുകൃഷി പ്രോത്സാഹിപ്പിച്ച് തോട്ടണ്ടിയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് മറ്റൊന്ന്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കശുമാവ് വികസന ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ആയിരക്കണക്കിന് തൈകള്‍ മുളപ്പിച്ച് വിവിധ പദ്ധതികളിലൂടെ കൃഷിയിടങ്ങളിലും വീട്ടുമുറ്റങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും എത്തിക്കാനുള്ള ശ്രമം നടക്കുന്നു.

ചരിത്രത്തിലാദ്യമായി സ്വകാര്യ കശുവണ്ടിമേഖലയെ സഹായിക്കാനും അവര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കാനും സര്‍ക്കാര്‍ പിന്തുണയ്ക്കാനുമുള്ള ശ്രമമാണ് അടുത്തത്. ഇതിനായി സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ കേരള കാഷ്യൂ ബോര്‍ഡ് രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കശുവണ്ടി ഇറക്കുമതിയില്‍ നിര്‍ണായകപങ്ക് ബോര്‍ഡിനായിരിക്കും.

ഇടനിലക്കാരില്ലാതെ തോട്ടണ്ടി എത്തിക്കാന്‍

വേറൊരു ഭൂഖണ്ഡത്തില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിളയെ ആശ്രയിച്ച് വ്യവസായം നടത്തിക്കൊണ്ടുപോവുകയെന്ന അദ്ഭുത പ്രവൃത്തിയാണ് കേരളത്തിലെ കശുവണ്ടി വ്യവസായം. ടെന്‍ഡര്‍ വഴി ഇടനിലക്കാരായ ട്രേഡേഴ്‌സാണ് തോട്ടണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നെത്തിക്കുന്നത്. ഗുണനിലവാരത്തിന്റെ പേരിലും ഇടപാടുകളുടെ സുതാര്യതയില്ലായ്മയുടെ പേരിലും എപ്പോഴും അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്നു. ഉത്പാദകരാജ്യങ്ങളില്‍നിന്ന് നേരിട്ട് തോട്ടണ്ടി വാങ്ങാനുള്ള ശ്രമമാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കാഷ്യൂ കോണ്‍ക്ലേവിനു പിന്നില്‍ .

15 ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്രപ്രതിനിധികളാണ് തിരുവനന്തപുരത്തും കൊല്ലത്തുമായി നടന്ന കോണ്‍ക്ലേവില്‍ പങ്കെടുത്തത്. തങ്ങളുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്ന ഇത്തരമൊരു നീക്കത്തോട് നയതന്ത്ര പ്രതിനിധികള്‍ വളരെ ഗുണകരമായാണ് പ്രതികരിച്ചത്. ഈ ഒത്തുകൂടലിന് അവസരമൊരുക്കുന്നതില്‍ വിദേശകാര്യമന്ത്രാലയം വഹിച്ച പങ്കിനെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രശംസിക്കുകയും ചെയ്തു. അടുത്തപടിയായി കോണ്‍ക്ലേവിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച് മേഴ്‌സിക്കുട്ടിയമ്മ സുഷമസ്വരാജിന് കത്തയച്ചിട്ടുണ്ട്. വിദേശമന്ത്രാലയമാണ് വിവിധ എംബസികള്‍ മുഖേന ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് തോട്ടണ്ടി ഇറക്കുമതിക്ക് സഹകരണം തേടി ഇടപെടേണ്ടത്. അവരുടെ മറുപടി വന്നശേഷം ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികള്‍ അവിടെയെത്തി ഇറക്കുമതി സംബന്ധിച്ച നടപടികളില്‍ ധാരണയിലെത്തണം.

ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ ഓഷന്‍ റിം അസോസിയേഷന്‍ രാജ്യാന്തര സമ്മേളനത്തിനു പോയപ്പോഴാണ് കശുവണ്ടി കോണ്‍ക്ലേവിനുള്ള ആശയം മുളപൊട്ടിയതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്തെ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നുള്ള മറ്റൊരു പ്രതിനിധി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി അമരേന്ദ്ര ഖട്വയായിരുന്നു. അദ്ദേഹവുമായി കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ പ്രശ്‌നങ്ങള്‍ പങ്കുവച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദീര്‍ഘകാലം ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന ഖട്വയാണ് അവിടെനിന്ന് നേരിട്ടുള്ള ഇറക്കുമതി പരിശോധിച്ചാലോ എന്ന നിര്‍ദ്ദേശം വച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കശുവണ്ടിക്കായി നമ്മുടെ ഒരു പ്രതിനിധിയെത്തന്നെ വയ്ക്കാനാണ് ആലോചന. ഇപ്പോള്‍ സര്‍വീസില്‍നിന്ന് പിരിഞ്ഞെങ്കിലും സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഖട്വ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

സ്വകാര്യമേഖല കരിനിഴലില്‍ത്തന്നെ

കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പെക്‌സിന്റെയും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലയിലെ മുന്നൂറില്‍പ്പരം സ്വകാര്യ ഫാക്ടറികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. അമിതവില നല്‍കി തോട്ടണ്ടി വാങ്ങി ഫാക്ടറി നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് അവര്‍ പറയുന്നു. ഫാക്ടറികള്‍ക്കു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നതടക്കമുള്ള ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍പോലും വിജയിച്ചില്ല. ഒരു ഡസനിലധികം ഫാക്ടറികള്‍ സ്വന്തമായുള്ള വന്‍കിട വ്യവസായികള്‍പോലും ഫാക്ടറികള്‍ തുറക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് യോഗം വിളിച്ച് ചര്‍ച്ചചെയ്‌തെങ്കിലും പ്രശ്‌നപരിഹാരമുണ്ടാക്കാനായില്ല. ഫാക്ടറികള്‍ തുറക്കാമെന്നു പറഞ്ഞ സമയപരിധി കഴിഞ്ഞിട്ട് ഇപ്പോള്‍ മാസങ്ങള്‍ പിന്നിടുന്നു. സ്വകാര്യമേഖലയെക്കൂടി കരകയറ്റാതെ വ്യവസായത്തിന് ഇവിടെ പിടിച്ചുനില്‍ക്കാനാവില്ല. അടച്ചിട്ട ഫാക്ടറികളിലെ തൊഴിലാളികള്‍ നിത്യച്ചെലവിനുവേണ്ടി, പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ പോയി തുച്ഛമായ തുകയ്ക്ക് ജോലിചെയ്യുന്ന സാഹചര്യവുമുണ്ട്.

ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പകളുടെ തിരിച്ചടവില്‍ സാവകാശം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെന്ന് സ്വകാര്യ വ്യവസായികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും കശുവണ്ടി ഫാക്ടറികളില്‍ ബാങ്കുകളുടെ ജപ്തി നടപടി തുടരുകയാണ്.