കൃഷി വകുപ്പിന്റെ ഏക കശുമാവ് തോട്ടമാണ് കാസര്‍ഗോഡ് അധൂരിലും ഗ്വാളിമുഖയിലുമുള്ള കാഷ്യു പ്രോജനി ഓര്‍ച്ചാര്‍ഡ്. 52 ഹെക്ടര്‍ വീതമാണ് ഈ കൃഷിത്തോട്ടങ്ങള്‍. 1976 ല്‍ അത്യുത്പാദന ശേഷിയുള്ള  കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ ഉത്പാദിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിതമായി.

കൃഷിഭൂമിയുടെ 80 ശതമാനവും കശുമാവ് തോട്ടങ്ങളാണ്. 8-36 വര്‍ഷം പ്രായമുള്ള മരങ്ങളാണ് ഈ തോട്ടങ്ങളിലുള്ളത്. ബാക്കി ഭാഗം കശുമാവ് ഗ്രാഫ്റ്റ് പ്രജനനത്തിനുള്ള സയോണ്‍ ബാങ്ക്. ഇവിടെ നല്ലയിനം കശുമാവ് മരങ്ങള്‍ നിലനിര്‍ത്തി വരുന്നു. ഗ്രാഫ്റ്റ് ചെയ്യുന്നതിനുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നത് ഇവിടെ നിന്നാണ്. 

അടുത്തകാലത്ത് 250 എണ്ണം കുറിയ ഇനം തെങ്ങിന്‍തൈകളും 350 എണ്ണം മാവ് ഒട്ടുതൈത്തോട്ടവും നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിന് വളര്‍ത്തിയിട്ടുണ്ട്.

ഫാം ടീം

കശുമാവ് വികസന ഓഫീസറാണ് ഫാമിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കശുമാവ് പ്രോജനിത്തോട്ടം അധൂര്‍, കശുമാവ് തോട്ടം ഗ്വാളിമുഖ എന്നിവ കൃഷി ഓഫീസര്‍മാരുടെ പ്രത്യേക ഓഫീസ് സംവിധാനത്തിലും നിയന്ത്രണത്തിലുമാണ് . 70 സ്ഥിരം തൊഴിലാളികളും 9 കാഷ്വല്‍ തൊഴിലാളികളുമുണ്ട്.

കശുമാവ് നടീല്‍ വസ്തുക്കള്‍

കശുമാവ് തൈകള്‍, എയര്‍ ലേയര്‍, സോഫ്റ്റ് വുഡ്  ഗ്രാഫ്റ്റിങ്ങ് എന്നീ രീതികളിലൂടെ നടീല്‍ വസ്തു ഉത്പാദിപ്പിച്ച് കൃഷി ചെയ്യാം. ഇത്തരം ഗ്രാഫ്റ്റുകള്‍ നേരത്തെ ഉത്പാദനം തുടങ്ങുന്നതിനും ഉത്പാദന വര്‍ദ്ദനവിനും സഹായകമാണ്. 

നല്ല ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍: കശുമാവിനങ്ങളായ ധന, ധനശ്രീ, പ്രിയങ്ക, കനക, മാടക്കത്തറ, വൃധാചലം, രാഘവ, അമൃത,അക്ഷയ, പൂര്‍ണിമ, മാവിനങ്ങളായ അല്‍ഫോണ്‍സ, ബങ്കനപ്പള്ളി, നീലം, കര്‍പ്പൂരം, ഹിമായുദ്ദീന്‍, കാലപ്പൊടി എന്നിവ ലഭ്യമാണ്. 

(കശുമാവ് വികസന ഓഫീസറാണ് ലേഖകന്‍)

(കടപ്പാട്: കേരള കര്‍ഷകന്‍)