ഒരു ഗ്രാം കാശ്മീരി കുങ്കുമത്തിന്റെ വില വെബ്‌സൈറ്റില്‍ നോക്കിയപ്പോള്‍ 470 രൂപ. അപ്പോള്‍ ഒരു കിലോയ്ക്ക് വില നാലര ലക്ഷത്തിലേറെ. തീര്‍ച്ചയായും നമുക്ക് കിട്ടുന്നത് യഥാര്‍ഥ കുങ്കുമമാണെന്ന് ഉറപ്പുവരുത്തണം. നമ്മള്‍ കുങ്കുമത്തെക്കുറിച്ച് എല്ലാമറിയണം.

സമുദ്ര നിരപ്പില്‍ നിന്നും 1600 മീറ്ററെങ്കിലും ഉയരമുള്ള തണുപ്പുള്ള, വര്‍ഷത്തില്‍ 40-45 സെന്റീമീറ്ററെങ്കിലും മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് കുങ്കുമം കൃഷി ചെയ്യുന്നത്. ഉള്ളിയുടെ വര്‍ഗത്തില്‍പ്പെട്ട ഇവയുടെ കിഴങ്ങ് തണുപ്പിനെ അതിജീവിച്ച് മണ്ണിനടിയില്‍ കിടക്കുകയും അനുയോജ്യമായ കാലാവസ്ഥയില്‍ മുളപൊട്ടി വളരുകയും ചെയ്യുന്നു. 

അതീവ മനോഹരിയായ വയലറ്റ് പൂക്കളില്‍ നിന്നും ഉന്തി നില്‍ക്കുന്ന ജനി തന്തുക്കള്‍ നീണ്ടുചുവന്ന നാരുകള്‍ പോലെ കാണപ്പെടുന്ന പൂക്കളില്‍ നിന്നും ഇത് ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത് ഗുണം നഷ്ടപ്പെടാതെ ഉണക്കി പായ്ക്ക് ചെയ്ത് മാര്‍ക്കറ്റിലെത്തുന്നു. കുങ്കുമത്തില്‍ അടങ്ങിയിരിക്കുന്ന പിക്രോക്രോസിന്‍, സാഫ്രനാല്‍ എന്നിവ സവിശേഷ നിറവും മണവും നല്‍കുന്നു.

പേര്‍ഷ്യന്‍, അറബിക്, യൂറോപ്യന്‍ പാചകവിധികളില്‍  പലതിലും കുങ്കുമപ്പൂക്കള്‍ ഒരു സവിശേഷ ചേരുവയാണ്. വിലയേറിയ മധുരപലഹാരങ്ങളിലും മുന്തിയ മദ്യങ്ങള്‍ക്കും നിറം പകരാന്‍ അത് ഉപയോഗിക്കുന്നു. 

ചില പൗരാണിക ഔഷധക്കൂട്ടുകളിലും കുങ്കുമം ഒരു ചേരുവയാണ്. പട്ടുവസ്ത്രങ്ങള്‍ക്ക് നിറം പകരാനും സുഗന്ധദ്രവ്യങ്ങളിലും മതപരമായ ചടങ്ങുകളിലും വിവിധ സംസ്‌കാരങ്ങളില്‍ കുങ്കുമം പരിലസിക്കുന്നു. വിറ്റാമിന്‍ ബിയും ധാതുപദാര്‍ഥങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. വിഷാദരോഗികളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

ഇറാന്‍, ഗ്രീസ്, സ്‌പെയിന്‍, ഇന്‍ഡ്യ എന്നീ രാജ്യങ്ങളാണ് ഉത്പാദനത്തില്‍ മുന്‍പന്തിയില്‍. ഇന്ത്യയില്‍ കാശ്മീരിലാണ് കൃഷിയായി ചെയ്തുവരുന്നത്. എല്ലായിടത്തും കുങ്കുമത്തിന്റെ ഗുണമേന്മ ഒരുപോലെയല്ല. ഇറാനിയന്‍ കുങ്കുമം ഗുണം കുറഞ്ഞവയാണ്. 

സ്‌പെയിനില്‍ നിന്നും വരുന്ന ' ലാ മഞ്ച' കുങ്കുമം ഗുണമേന്മയുള്ളതും വിലയേറിയതുമാണ്. കാശ്മീരി കുങ്കുമം ഗുണമേന്മയേറിയതും ലോകപ്രശസ്തവുമാണ്. എന്നാല്‍ ഗുണമേന്മ കുറഞ്ഞ ഇറാനിയന്‍ കുങ്കുമം കലര്‍ത്തി വലിയ വിലയ്ക്ക് ഇത് പലപ്പോഴും വില്‍ക്കാറുണ്ട്. കുങ്കുമത്തിലടങ്ങിയിരിക്കുന്ന ക്രോസിന്‍,പിക്രോക്രോസിന്‍, സാഫ്രനാല്‍ എന്നിവയുടെ അളവ് സ്‌പെക്ട്രോഫോട്ടോമെട്രി വഴി തിട്ടപ്പെടുത്തി iso- 3632 ഗുണമേന്മാ മാനദണ്ഡം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ ലേബല്‍ നോക്കി ഗുണമേന്‍മ ഉറപ്പു വരുത്താം.

കുങ്കുമത്തിന്റെ ഉയര്‍ന്ന വില വിവിധ തരത്തിലുള്ള മായങ്ങള്‍ ചേര്‍ത്ത് വില്‍ക്കാന്‍ കച്ചവടക്കാരെ പ്രലോഭിതരാക്കുന്നു. പൂവിന്റെ നേര്‍ത്ത ജനിതന്തുക്കളോടൊപ്പം പൂവിന്റെ സമാനമായ മറ്റുചിലഭാഗങ്ങളും ഉണക്കിച്ചേര്‍ക്കുന്നു. 

ബീറ്റ്‌റൂട്ട് നേര്‍ത്ത തന്തുക്കളാക്കി മുറിച്ച് ഉണക്കിച്ചേര്‍ക്കാറുണ്ട്. തേന്‍, എണ്ണ എന്നിവ ചേര്‍ത്ത് ഭാരം കൂട്ടി വിറ്റുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാഫ്‌ളവര്‍ എന്ന ചെടിയുടെ പുഷ്പഭാഗങ്ങള്‍ ചേര്‍ത്ത് വില്‍ക്കാറുണ്ട്. ചോളച്ചെടിയുടെ പെണ്‍പൂക്കളുടെ അടുത്തുള്ള സില്‍ക്‌നൂലുകള്‍ പോലും നിറം ചേര്‍ത്ത് കുങ്കുമത്തോടൊപ്പം കര്‍ത്താറുണ്ട്.

ഒരു പൂവില്‍ നിന്നും ലഭിക്കുന്നത് വെറും 7 മില്ലിഗ്രാം കുങ്കുമം (1000 മില്ലിഗ്രാമാണ് ഒരു ഗ്രാം). ഒരു ഗ്രാം ഉണക്ക കുങ്കുമം ലഭിക്കാന്‍ ഏകദേശം 150 പൂക്കള്‍ വേണം. ഒരു കിലോ പൂവില്‍ നിന്നും 12 ഗ്രാം കുങ്കുമം ലഭിക്കും. ഒരു കിലോ കിട്ടാന്‍ 11 ലക്ഷം മുതല്‍ 17 ലക്ഷം പൂക്കള്‍ വരെ വേണ്ടി വരും. ഇത്രയും പൂക്കള്‍ നുള്ളി കുങ്കുമം പാകപ്പെടുത്താന്‍ 40 തൊഴിലാളികള്‍ വേണം. വില കൂടുന്നതിന്റെ കാരണം പിടികിട്ടിയല്ലോ.

അവസാനമായി , നിങ്ങള്‍ അറിയാന്‍ ആഗ്രഹിച്ച കാര്യം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കുങ്കുമപ്പൂവ് പാലിലരച്ച് കുടിച്ചാല്‍ കുഞ്ഞ് വെളുക്കുമോ എന്ന കാര്യം. അങ്ങനെയായിരുന്നെങ്കില്‍ എന്തുവിലകൊടുത്തും ലോകത്തെ അപകര്‍ഷതാബോധമുള്ള പല മാതാപിതാക്കളും അത് ചെയ്യുമായിരുന്നില്ലേ എന്നൊന്ന് ഓര്‍ത്തു നോക്കൂ. ശുദ്ധ അസംബന്ധമാണത്. ഇതുസംബന്ധിച്ച് യാതൊരു ശാസ്ത്രീയ അടിത്തറയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

 

Content highlights: Saffron, Agriculture,Safranal, Picrocrocin