ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ച് മനോജ് നേരേ ഇറങ്ങിയത് മത്സ്യകൃഷിയിലേക്കാണ്. കോഴിക്കോട് അത്തോളി പഞ്ചായത്തിലെ വേളൂരില്‍ അഞ്ചേക്കര്‍ പാടത്തും വെള്ളക്കെട്ടിലുമായാണ് മത്സ്യകൃഷി.പുഴയോരത്തുള്ള പാടത്ത് നെല്‍കൃഷിയും പിന്നീട് ചെമ്മീന്‍കൃഷിയുമിറക്കിയ കര്‍ഷകനായിരുന്ന കൂടത്തുംകണ്ടി ദേവദാസിന്റെ മകനാണ് കെ.കെ. മനോജ്.

manoj
ഫാമില്‍ നിന്നുള്ള മത്സ്യവുമായി മനോജ്

അത്തോളി ഹൈസ്‌കൂളിലെ എസ്.എല്‍.എല്‍.സി. പഠനത്തിനുശേഷം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി.അതിനുശേഷമാണ് അച്ഛന്റെ കുടുംബസ്വത്തായി കിട്ടിയ പാടത്തും വെള്ളക്കെട്ടിലും നാഷണല്‍ അക്വാഫാം എന്ന സ്ഥാപനം തുടങ്ങിയത്. ആദ്യം പരമ്പരാഗതരീതിയിലായിരുന്നു മത്സ്യംവളര്‍ത്തല്‍. പിന്നീട് ശാസ്ത്രീയകൃഷിയായി.

തുടക്കത്തില്‍ കരിമീന്‍, കണമ്പ്, നാരന്‍ ചെമ്മീന്‍ തുടങ്ങിയവയായിരുന്നു കൃഷിചെയ്തിരുന്നത്. ചെമ്മീന്‍ കയറ്റുമതി ഏജന്റുമാര്‍ക്കും നാട്ടിന്‍പുറത്തുള്ളവര്‍ക്കുമാണ് മത്സ്യങ്ങള്‍ നല്‍കിയിരുന്നത്. പത്തുവര്‍ഷംമുമ്പുവരെ കാരച്ചെമ്മീന്‍കൃഷിയുണ്ടായിരുന്നു.

പിന്നീട് വിലത്തകര്‍ച്ചയും വൈറസ്‌രോഗബാധയും കാരണം  ചെമ്മീന്‍കൃഷി നഷ്ടത്തിലായി. അതിനുശേഷം കരിമീന്‍, കരിമീന്‍കൂട്, നാടന്‍മത്സ്യങ്ങള്‍, പൂമീന്‍, ചെമ്പല്ലി എന്നിവയുടെ കൃഷി തുടങ്ങിയതോടെ നേട്ടങ്ങള്‍ മനോജിനെ തേടിയെത്തി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് 2011ലും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2012ലും മനോജിന് പുരസ്‌കാരംനല്‍കി ആദരിച്ചിട്ടുണ്ട്.

കേരള സിലബസില്‍ ആറാംക്‌ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാമൂഹികശാസ്ത്രം പുസ്തകത്തിലെ കൃഷിപാഠത്തില്‍ മനോജിന്റെ കൃഷിരീതികള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്. കരിമീന്‍വിത്തുത്പാദനം, മത്സ്യങ്ങളുടെ കൂടുനിര്‍മാണം, മീന്‍പിടിക്കാനുള്ള കെണി, മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കാനുള്ള അമ്മത്തൊട്ടില്‍, മഴക്കാലങ്ങളില്‍ വെള്ളത്തില്‍ മത്സ്യങ്ങള്‍ ഒഴുകിപ്പോകാതെ സംരക്ഷിച്ചുനിര്‍ത്തല്‍ തുടങ്ങി ചെലവുകുറഞ്ഞരീതിയില്‍ മത്സ്യം വളര്‍ത്തുന്നതിനുള്ള കണ്ടെത്തലുകള്‍ മനോജ് നടത്തിയിട്ടുണ്ട്.

പാടത്തിലെ വെള്ളക്കെട്ടിനുമുകളില്‍ മുളകൊണ്ട് നിര്‍മിച്ച വലയിട്ട രണ്ടുകൂടുകളിലായി 30ഓളം താറാവുകളെയും വളര്‍ത്തുന്നുണ്ട്. താറാവുകളുടെ കാഷ്ഠം വെള്ളത്തില്‍ വീഴുമ്പോള്‍ പ്‌ളവഗ വളര്‍ച്ചകൂടുകയും മത്സ്യങ്ങള്‍ക്ക് ഭക്ഷണമാവുകയും ചെയ്യും. ഓര്‍ഡര്‍പ്രകാരം ജില്ലയ്ക്കകത്തും പുറത്തുമുള്ളവര്‍  മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുപോകാറുണ്ട്. കരിമീന്‍ കുഞ്ഞിന് എട്ടുരൂപയാണ്. കൂടാതെ വലിയ മത്സ്യങ്ങളെ ഹോട്ടലുകളിലേക്കും മറ്റ് ഭക്ഷണശാലകളിലേക്കും നല്‍കുന്നുണ്ട്. കരിമീനിന് കിലോ 400 മുതല്‍ 500 രൂപവരെയാണ്. പൂമീനിന് 250 മുതല്‍ 350 രൂപവരെയും.  പത്തുലക്ഷത്തോളം രൂപയുടെ മീന്‍ കൃഷിയില്‍നിന്ന് കിട്ടാറുണ്ട്.