വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴമൊഴി കാലിച്ചാംപൊതിയിലെ മാധവിയെന്ന വീട്ടമ്മയുടെ കാര്യത്തില്‍ യാഥാര്‍ഥ്യം. കരിങ്കല്ല് പൊട്ടിച്ചെടുത്ത ക്വാറിയില്‍ മീന്‍കൃഷി നടത്തി വിജയഗാഥ പാടുകയാണീ വീട്ടമ്മ. aqua culture

നാട്ടുകാര്‍ക്ക് അപകടക്കെണിയൊരുക്കി ക്വാറികള്‍ വെറുതെയിടുന്നവര്‍ക്ക് ഒരു പാഠം കൂടിയാണ് മാധവിയുടെ മീന്‍ കൃഷി. തന്റെ വീടിനടുത്ത് രണ്ടു ക്വാറികളില്‍ അഞ്ചു വര്‍ഷമായി മീന്‍ വളര്‍ത്തുന്നു. എട്ടു കിലോ തൂക്കംവരുന്ന കട്‌ല ഇനത്തില്‍പ്പെട്ട മീന്‍ പിടിച്ചെടുത്ത സന്തോഷത്തിലാണിപ്പോള്‍. 

മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കട്‌ല കൃഷി

ക്വാറിയായതിനാല്‍ വിളവെടുപ്പിന് അല്പം ബുദ്ധിമുട്ടുണ്ട്. സ്വന്തം ആവശ്യത്തിന് മീന്‍പിടിച്ച് ഉപയോഗിക്കുകയും ബാക്കിവരുന്നവ വില്‍പ്പന നടത്തുകയും ചെയ്യും.  കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നര ടണ്ണിലധികം മീന്‍ കിട്ടിയെന്ന് മാധവി പറഞ്ഞു. അടുക്കള അവശിഷ്ടങ്ങള്‍, പിണ്ണാക്ക്, തവിട്, പച്ചപ്പുല്ല്, കപ്പയില എന്നിവയാണ് മീനിന് തീറ്റയായി കൊടുക്കുന്നത്. ജലസമൃദ്ധമായ കപ്പണകളും ക്വാറികളും കുളങ്ങളുമുള്ള പ്രദേശത്ത് മത്സ്യകൃഷിക്ക് മികച്ച  സാധുതയുണ്ടെന്നതിന് തെളിവാണ് മാധവിയുടെ വിജയഗാഥയെന്ന് പ്രൊജക്ട് അസിസ്റ്റന്റ് കെ.വി. രതീഷ്‌കുമാര്‍ പറയുന്നു.