ഫിഷറീസ് വകുപ്പിന്റെ മത്സ്യസമൃദ്ധി പദ്ധതി രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച കല്ലുമ്മക്കായക്കൃഷി കര്‍ഷകര്‍ക്കുള്ള അവാര്‍ഡിനര്‍ഹരായി ഇടയിലക്കാട്ടെ വീട്ടമ്മമാര്‍. ഇടയിലക്കാട് ഉദയ വനിത സ്വയംസഹായസംഘം   4.5 ടണ്‍ കല്ലുമ്മക്കായ ഉത്പാദിപ്പിച്ചാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഈവര്‍ഷം 516 കയര്‍തണ്ടുകളിലാണ് കൃഷിയിറക്കിയത്. 80,000 രൂപയാണ് സംഘത്തിന് ചെലവായത്. കൃഷിയിലൂടെ 3,20,000 രൂപയുടെ വരുമാനം ലഭിച്ചു.മഴയാരംഭിക്കുന്നതിനുമുമ്പ് മേയ് 2, 5, 8 തീയതികളില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ മികച്ച വില ലഭിക്കുകയുണ്ടായി.

ഇത്തവണ വിത്തിന് വിലക്കുറവുണ്ടായതും ഉത്പന്നത്തിനു മികച്ച വില ലഭിക്കുകയും ചെയ്തത് തുണയായി. മത്സ്യഫെഡ് അസി. പ്രോജക്ട് ഓഫീസര്‍മാരായ കെ.വി.രതീഷ് കുമാര്‍, സ്മിത എന്നിവരുടെയും പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ വിനീഷും സംഘത്തിന് നല്‍കിയ സാങ്കേതികസഹായവും തുണയായി. 10ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവത്തില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ പത്തംഗ സംഘം തിരുവനന്തപുരത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

ഇ.പൂമണിയാണ് സംഘത്തിന്റെ പ്രസിഡന്റ്. പി.വി.അനിത സെക്രട്ടറിയും കെ.വി.മിനി ട്രഷറുമാണ്. പി.പി.സുലോചന, പി.വി.വിശാലാക്ഷി, എം.കെ.കാര്‍ത്യായനി, സി.ഗീത, എം.കെ.തങ്കമണി, വി.കുഞ്ഞിമാണിക്കം, ഇ.വി.ശ്രീലത എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. ജില്ലയില്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, ചെറുവത്തൂര്‍ പഞ്ചായത്തുകളിലാണ് കല്ലുമ്മക്കായ കൃഷിചെയ്യുന്നത്. മുളയില്‍ കയര്‍ കെട്ടിയുള്ള ക്രാഫ്റ്റ് കള്‍ച്ചര്‍ രീതിയിലാണ് കൃഷി.

ഈ വര്‍ഷം ജില്ലയില്‍ 194 സംഘങ്ങളും 808 വ്യക്തികളുമാണ് കൃഷിചെയ്തത്. ആകെ 2,75,600 കൈ കയര്‍തണ്ടുകളില്‍ കൃഷിചെയ്തു. 900 ടണ്‍ കല്ലുമ്മക്കായയാണ് മൊത്തം ഉത്പാദിപ്പിച്ചത്.