ഒട്ടനവധി പദ്ധതികളാണ് അഷ്ടമുടിക്കായലിലും സമീപപ്രദേശങ്ങളിലെ ശുദ്ധജലാശയങ്ങളിലുമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പ്, ജില്ലാപഞ്ചായത്ത് മുഖേന മത്സ്യകര്‍ഷക വികസന ഏജന്‍സി (എഫ്.എഫ്.ഡി.എ) മുഖാന്തരമാണ്  വിവിധ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കി വരുന്നത്. മത്സ്യസമൃദ്ധി (2) 201617 എന്നാണ് പദ്ധതിയുടെ പേര്. ജൂണില്‍ പുതിയ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ശുദ്ധജല മത്സ്യക്കൃഷി

ജില്ലയില്‍ 69 പഞ്ചായത്തുകളിലായി 2598 കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കരിമീന്‍ കേജ് കൃഷി- ഒരു വിജയഗാഥ

അഷ്ടമുടി കായലോര പ്രദേശങ്ങളില്‍ എഫ്.എഫ്.ഡി.എ. നടത്തുന്ന കരിമീന്‍കേജ് കൃഷി  വന്‍വിജയമാണെന്ന് കര്‍ഷകര്‍ പറയുന്നു. പി.വി.സി. പൈപ്പിലും മുളയിലും  നെറ്റ് ഉപയോഗിച്ച് നിര്‍മിച്ച കൂടുകള്‍ കായലില്‍ നിക്ഷേപിച്ച് കരിമീന്‍ വിത്തുകളിട്ട് വിളവെടുക്കുന്ന പദ്ധതിയാണിത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പദ്ധതിപ്രകാരം കരിമീന്‍ വിത്തുകള്‍ നല്‍കിയിട്ടുണ്ട്. പത്ത് കൂടുകള്‍ക്ക് 40000രൂപ സബ്‌സിഡി നല്‍കും. ഒരു കൂട്ടില്‍ 200 മത്സ്യക്കുഞ്ഞുങ്ങളെ വീതമാണ് നിക്ഷേപിച്ചിരിക്കുന്നത്. ആറു മാസത്തിനുശേഷം വിളവെടുപ്പ് നടത്താം. സമീകൃതാഹാരമാണ് ഇവയ്ക്ക് നല്‍കുന്നത്.
 
പരമാവധി ഒരു ഗ്രൂപ്പിന് രണ്ട് യൂണിറ്റ് വീതം നല്‍കിയിട്ടുണ്ട്. വ്യത്യസ്തകുടുംബങ്ങളില്‍പ്പെട്ട മൂന്നുപേര്‍വീതം അടങ്ങിയ ഗ്രൂപ്പുകളാണ് പ്രവര്‍ത്തന രംഗത്തുള്ളത്. പെരുമണ്‍ ജലസമൃദ്ധി, സമൃദ്ധി തുടങ്ങിയ ഗ്രൂപ്പുകള്‍ പതിനായിരത്തോളം കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തുന്നുണ്ടെന്ന് പ്രവര്‍ത്തകരായ ജോണ്‍സണ്‍, തോമസ്, പ്രകാശ്, വിജയന്‍ എന്നിവര്‍ പറഞ്ഞു. അഷ്ടമുടി തേജസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കരിമീന്‍ കൃഷിയും വന്‍വിജയമാണെന്ന് സംഘാടകരായ ജോര്‍ജ് ജോണ്‍, ഷിജിന്‍ എന്നിവര്‍ പറഞ്ഞു

ചെമ്മീന്‍ കൃഷി

ജില്ലയില്‍ മണ്‍ട്രോതുരുത്ത്, ആദിച്ചനല്ലൂര്‍, ചിറക്കര, ആലപ്പാട് ഉള്‍പ്പെടെ എട്ടു പഞ്ചായത്തുകളില്‍ ചെമ്മീന്‍കൃഷി നടത്തുന്നുണ്ട്. 108.58 ഹെക്ടര്‍ സ്ഥലത്ത് 188 കര്‍ഷകര്‍ ചെമ്മീന്‍ കൃഷിയിലേര്‍പ്പെട്ടിട്ടുണ്ട്. മണ്‍ട്രോതുരുത്ത് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ മികച്ച രീതിയില്‍ കൃഷി നടപ്പാക്കുന്നു.

ചിപ്പി, മുരിങ്ങ കൃഷി

നീണ്ടകര, തൃക്കരുവ, ചവറ, തെക്കുംഭാഗം, കൊല്ലം കോര്‍പ്പറേഷന്‍, ആലപ്പാട് തുടങ്ങിയ ഭാഗങ്ങളിലാണ് ചിപ്പി, മുരിങ്ങകൃഷി (കല്ലുമ്മക്കായ) നടത്തുന്നത്. കായലോര പ്രദേശങ്ങളില്‍ അഞ്ചു മീറ്റര്‍ നീളത്തിലും അഞ്ചു മീറ്റര്‍ വീതിയിലും തട്ട് കെട്ടിയാണ് കൃഷി ചെയ്യുന്നത്. ഈ തട്ടില്‍ ഒരു റോപ്പില്‍ 100 വീതം വിത്തുകള്‍ തുന്നിച്ചേര്‍ത്താണ് മുരിങ്ങകൃഷി നടത്തുന്നത്. മുരിങ്ങകൃഷിയില്‍ വന്‍കൊയ്ത്താണ് ലഭിക്കുന്നത്. പോഷകസമൃദ്ധമായ മുരിങ്ങഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് അഷ്ടമുടി തേജസ് ഗ്രൂപ്പിന്റെ ഭാരവാഹികള്‍ അറിയിച്ചു. അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മുരിങ്ങകൃഷി വ്യാപകമായി നടത്തുന്നു. വ്യക്തികളും ഗ്രൂപ്പുകളും കൃഷിയില്‍ വ്യാപൃതരാണ്.

അടുക്കളക്കുളം കരിമീന്‍കൃഷി

മത്സ്യസമൃദ്ധി പദ്ധതിയില്‍ അടുക്കളക്കുളം കരിമീന്‍കൃഷി മറ്റൊരു പ്രത്യേകതയാണ്. 52 പഞ്ചായത്തുകളിലായി 256 കര്‍ഷകര്‍ കൃഷി ചെയ്യുന്നു.

മാതൃകാപ്രദര്‍ശന കരിമീന്‍കൂട് കൃഷി

പനയം പഞ്ചായത്തിലെ കണ്ടച്ചിറ വരമ്പുകാല്‍ചിറയില്‍ രാജുവാണ് മാതൃകാപ്രദര്‍ശന കരിമീന്‍കൂട് കൃഷി നടത്തുന്നത്.  അഷ്ടമുടിക്കായലിലെ കണ്ടച്ചിറ ചീപ്പിന് സമീപം കായലില്‍ കൂടുകള്‍ നിര്‍മിച്ച് കരിമീന്‍ വിത്തുകളെ നിക്ഷേപിച്ചാണ് മാതൃകാപ്രദര്‍ശന കരിമീന്‍കൂട് കൃഷി നടത്തുന്നത്. ഇതിനോടൊപ്പം തന്നെ മറ്റ് മത്സ്യങ്ങളും വളരുന്നുണ്ട്. കൂടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ചെറിയ മണ്‍ചട്ടികളിലാണ് മത്സ്യങ്ങള്‍ക്ക് ആഹാരംനല്‍കുന്നത്.  രണ്ടുമൂന്ന് മാസങ്ങള്‍ക്കകം കരിമീന്‍കൃഷിയുടെ വിളവെടുപ്പ് നടത്താം.

പൊതു ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം

കൊല്ലം, മയ്യനാട്, പരവൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ കായലില്‍ കാരചെമ്മീന്‍, പൂമീന്‍, നാരന്‍ ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിക്കുന്നതുമൂലം ചെമ്മീന്‍കൊയ്ത്ത് ലഭിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.  കൊല്ലം തിരുമുല്ലവാരത്തുള്ള ഗവ. വിത്തുത്പാദനകേന്ദ്രത്തില്‍ ഒരു വര്‍ഷം അഞ്ചുകോടിയോളം കാരചെമ്മീന്‍കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്.

ഇവയെല്ലാം അഷ്ടമുടിക്കായലിലും പരവൂര്‍ കായലിലുമാണ് നിക്ഷേപിക്കുന്നത്. മാര്‍ച്ച്മാസം മുതല്‍ ജൂലൈവരെ ഉത്പാദനകേന്ദ്രത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ മത്സ്യവിത്തുത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മാനേജര്‍ ഡി. ലാല്‍ പറഞ്ഞു.

നീലവിപ്ലവം പദ്ധതി

മത്സ്യസമൃദ്ധിയോടനുബന്ധിച്ച് നാല്‍പ്പത് ഗ്രൂപ്പുകള്‍ക്ക് 4000 കരിമീന്‍ വിത്തുകളും 1000 കാളാഞ്ചി വിത്തുകളും നല്‍കുന്ന പദ്ധതിയാണ് നീലവിപ്ലവം പദ്ധതി. അഷ്ടമുടി, പരവൂര്‍ കായലുകള്‍ കേന്ദ്രീകരിച്ച് 40 ഗ്രൂപ്പുകള്‍ക്ക് ആനുകൂല്യം ലഭിക്കും. 1.75 ലക്ഷം രൂപയാണ് ആനുകൂല്യം.

നൂതനപദ്ധതി

മത്സ്യകേജ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൂതനപദ്ധതിയോടനുബന്ധിച്ച് അഞ്ചു യൂണിറ്റുകള്‍ക്ക് 1.85 ലക്ഷം രൂപ ധനസഹായം നല്‍കും. മേയ് മാസത്തോടെ നിലവിലുള്ള പദ്ധതികള്‍ അവസാനിക്കുകയും ജൂണ്‍ ആദ്യം പുതിയ പദ്ധതി ആരംഭിക്കുകയും ചെയ്യുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്‌കുമാര്‍ പറഞ്ഞു.