ചിറ്റില്ലഞ്ചേരി: മഴയുടെ കുറവില്‍നിന്ന് നെല്‍ക്കൃഷിയെ രക്ഷിച്ചെടുക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ജലസേചനത്തിനായി ഉപയോഗിക്കുന്ന കുളത്തില്‍ മത്സ്യക്കൃഷി നടത്താന്‍ തീരുമാനിച്ചത്.

സാധാരണ രണ്ടാംവിളയ്ക്ക് പോത്തുണ്ടി കനാല്‍വെള്ളം ഉപയോഗിച്ച് നടീല്‍ നടത്തുമെങ്കിലും അവസാനസമയത്ത് ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുക. എന്നാല്‍ ഇത്തവണ വിളയിറക്കാന്‍പോലും പോത്തുണ്ടി കനാല്‍വെള്ളം ലഭിക്കാതായതോടെയാണ് മേലാര്‍കോട് കവലോട് നവരമ്യക്കളത്തില്‍ വേലായുധന്‍ കുളത്തില്‍ മത്സ്യക്കൃഷി തുടങ്ങിയത്.

വീടിനോടുചേര്‍ന്നുള്ള 70 സെന്റ് കുളത്തിലാണ് മത്സ്യക്കൃഷിയൊരുക്കിയത്. ഇതിനായി ഫിഷറീസ് വകുപ്പിന്റെ മത്സ്യസമൃദ്ധി പദ്ധതിപ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി കുളത്തിലിട്ടു. കടഌ മൃഗാല, സൈപ്രസ്, ഓവു തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ശരിയായ പരിചരണം നല്‍കി. തീറ്റയായി തവിടും ചാണകവും പിണ്ണാക്കുമാണ് നല്‍കിയത്. 10 മാസത്തെ പരിചരണത്തിനൊടുവില്‍ കുളത്തില്‍ മത്സ്യം സമൃദ്ധമായി. ഒരുകിലോ മുതല്‍ മൂന്നുകിലോ വരെ തൂക്കംവരുന്ന മത്സ്യങ്ങളെയാണ് വിളവെടുപ്പില്‍ ലഭിച്ചത്. വളര്‍ച്ചയെത്താത്ത മീന്‍ കുഞ്ഞുങ്ങളെ തിരിച്ച് കുളത്തില്‍ത്തന്നെ വിട്ടു. പ്രദേശത്ത് വേലകളുടെ തിരക്കില്‍ വേലായുധന് മത്സ്യക്കൃഷി വിളവെടുപ്പിന്റെ തിരക്കായിരുന്നു. 

വിളവെടുപ്പുത്സവം മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. മായന്‍ നിര്‍വഹിച്ചു.