കേരളത്തില്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാനുള്ള ഏകമാര്‍ഗം അത്യുത്പാദനശേഷിയുള്ള വിദേശയിനം കോഴികളെയോ അവയുടെ സങ്കരയിനങ്ങളെയോ കൂടുതലായി വളര്‍ത്തുക എന്നതുമാത്രമാണ്. 

ഇക്കൂട്ടത്തില്‍ വൈറ്റ്‌ലഗോണ്‍, മൈനോര്‍ക്ക എന്നീയിനം കോഴികളെ മുട്ടയ്ക്കായി വളര്‍ത്താം. മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്താവുന്ന ഇനങ്ങളാണ് റോഡ് ഐലന്റ് റെഡ്, ന്യൂഹാംഷെയര്‍, വൈറ്റ് പ്ലിമത്ത് റോക്ക് എന്നിവ.

ഇക്കൂട്ടത്തില്‍ പ്രധാനയിനങ്ങളായ വൈറ്റ്‌ലഗോണ്‍, മൈനോര്‍ക്ക, റോഡ് ഐലന്റ് റെഡ് എന്നിവയുടെ പ്രത്യേകതകള്‍:
വൈറ്റ്‌ലഗോണ്‍: ലോകത്തിലേറ്റവും പ്രസിദ്ധമായ കോഴിയാണിത്. ഏറ്റവുമധികം മുട്ടയിടുന്ന കോഴിയും ഇതുതന്നെ. പേരുപോലെ ഇവയ്ക്ക് തൂവെള്ള നിറമാണ്. ഇറ്റലിയാണ് ഉത്ഭവം. കോഴികള്‍ വലുപ്പത്തില്‍ ശരാശരിയാണെങ്കിലും ഉന്മേഷവാന്മാരായിരിക്കും. നീണ്ട ചുണ്ട്, പ്രകടമായ നെഞ്ച്, ഒറ്റപ്പൂവ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 

അഞ്ചുമാസമാവുമ്പോഴേക്കും മുട്ടയിട്ടുതുടങ്ങും. പൂവന്‍കോഴികള്‍ക്ക് മൂന്നുകിലോയും പിടയ്ക്ക് രണ്ടരക്കിലോയും തൂക്കംകാണും. മൈനോര്‍ക്ക: സ്‌പെയിനില്‍ ഉത്ഭവിച്ച ഇനമാണിത്. നിറം വെളുപ്പ് മുതല്‍ കറുപ്പുവരെയാണ്. മുട്ടകള്‍ വലിപ്പം കൂടിയവയാണ്.

റോഡ് ഐലന്റ് റെഡ്: മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന കോഴിയാണിത്. ആര്‍.ഐ.ആര്‍. എന്ന ചുരുക്കപ്പേരില്‍ ഇതറിയപ്പെടുന്നു. ഇത് ചുവന്ന ലഗോണ്‍ കോഴിയാണെന്നൊരു തെറ്റിദ്ധാരണ സാധാരണക്കാരിലുണ്ട്. ഇംഗ്ലണ്ടിലാണ് ഉത്ഭവം. കോഴിമുട്ടയ്ക്ക് തവിട്ടുനിറമാണ്. മാംസം വളരെ സ്വാദുള്ളതാണ്. ശരാശരി മുട്ടയുത്പാദനം വര്‍ഷത്തില്‍ 150 ആണ്. പൂവന് നാലുകിലോഗ്രാമും പിടയ്ക്ക് മൂന്നു കിലോഗ്രാമും ഭാരം കാണും. വൈറ്റ്‌ലഗോണ്‍, റോഡ് ഐലന്റ് റെഡ് സങ്കരയിനം കോഴികള്‍ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യമാണ്.