റാബീസ്, പന്‍ലൂക്കോപീനിയ, കാല്‍സി വൈറസ് രോഗം, ഹെര്‍പ്പിസ് വൈറസ് രോഗം എന്നിവയാണ് പൂച്ചകളില്‍ സാധാരണയായി കണ്ടുവരുന്ന വൈറസ് രോഗങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് റാബീസ്. പൂച്ചകളിലെ റാബീസിന്റെ ലക്ഷണങ്ങള്‍ പട്ടികളിലേതുപോലെത്തന്നെയാണ്. രോഗലക്ഷണങ്ങള്‍ രണ്ടുതരത്തില്‍ പ്രത്യക്ഷപ്പെടാം. തളര്‍ച്ചരൂപത്തിലോ ആക്രമണ രൂപത്തിലോ. അസുഖമുള്ള പൂച്ചകള്‍ സാധാരണയില്‍ കൂടുതലായി കരയുന്നതുപോലെയുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. അവസാനം തളര്‍ന്നുകിടന്നാണ് ചാവുന്നത്.

പന്‍ലൂക്കോപീനിയ വൈറസ് ദഹനേന്ദ്രിയത്തെ ബാധിക്കുന്ന രോഗമാണ്. കടുത്ത പനി, വിശപ്പില്ലായ്മ, ഛര്‍ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. പൂച്ചക്കുട്ടികളിലാണ് അസുഖം കൂടുതലായും കാണുന്നത്. രോഗലക്ഷണങ്ങള്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. ഇതിനിടയില്‍ മരണംവരെ സംഭവിക്കാം.

കാല്‍സി വൈറസും ഹെര്‍പ്പിസ് വൈറസും പ്രധാനമായും ശ്വസനേന്ദ്രിയത്തെയാണ് ബാധിക്കുന്നത്. രണ്ടിന്റെയും രോഗലക്ഷണങ്ങള്‍ ഒന്നുതന്നെയാണ്. പനി, മൂക്കൊലിപ്പ്, ചെങ്കണ്ണ്, കണ്ണില്‍ പീളകെട്ടല്‍, തുമ്മല്‍, ചുമ, വിശപ്പില്ലായ്മ എന്നിവയാണ് രോഗലക്ഷണങ്ങള്‍. മുകളില്‍പ്പറഞ്ഞ നാലു പ്രധാന വൈറസ് രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകള്‍ കേരളത്തില്‍തന്നെ ലഭ്യമാണ്. ബെഓഫെല്‍ പി.സി.എച്ച്.ആര്‍. എന്നുപേരുള്ള കുത്തിവെപ്പില്‍ നാലു രോഗങ്ങള്‍ക്കുമുള്ള പ്രതിരോധഘടകങ്ങളുണ്ട്. ഫെലിജന്‍ സി.ആര്‍.പി. എന്ന മരുന്നില്‍ റാബീസ് ഒഴികെയുള്ള മൂന്നു രോഗങ്ങള്‍ക്കുമുള്ള പ്രതിരോധഘടകങ്ങളുണ്ട്. രക്ഷ റാബ് എന്ന കുത്തിവെപ്പിലൂടെ റാബീസിനുമാത്രം പ്രതിരോധം ലഭിക്കുന്നു.