അപൂര്‍വപശുക്കളുടെ വളര്‍ത്തുകേന്ദ്രമാണ് കോഴിക്കോട് വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ കാമധേനു നാച്വറല്‍ ഫാം. ലോകത്തിലെതന്നെ ഏറ്റവും ചെറിയയിനം പശുക്കള്‍ ഉള്‍പ്പെടെ  15 ഇനത്തിലുള്ള 50 പശുക്കളെയാണ് ലാഭനഷ്ടം നോക്കാതെ ഇദ്ദേഹം പരിപാലിക്കുന്നത്.Manikyam

കോട്ടയം വെച്ചൂര്‍ ഗ്രാമത്തിലെ പശുക്കളാണ് വെച്ചൂര്‍ പശു. ഈ ഇനത്തില്‍പ്പെട്ട ലോകത്തിലെ ഏറ്റവും ചെറിയ പശുവായ മാണിക്യം ബാലകൃഷ്ണന്റെ പറമ്പിലും വീട്ടുമുറ്റത്തും മേഞ്ഞുനടക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഭാഷയാണ് ലോകത്തിലെ ഏറ്റവും ചെറിയ പശുവിന് മാണിക്യം എന്ന് പേരിട്ടത്. 

മാണിക്യത്തിന് ഇപ്പോള്‍ ആറു വയസ്സു കഴിഞ്ഞു. ഉയരം 61.1 സെ. മീറ്റര്‍. 2015ല്‍ ഗിന്നസ് അധികൃതരുടെ റെക്കോഡ് പ്രകാരം മാണിക്യത്തെ ലോകത്തിലെ ഏറ്റവും ചെറിയ പശുവായി അംഗീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് ഗിന്നസ് അതോറിറ്റി ടീം ലീഡര്‍ മൈക്കിള്‍ വിറ്റിയും സിദ്ധാര്‍ഥ്‌രാമയും ബാലകൃഷ്ണന്റെ ഫാം സന്ദര്‍ശിച്ചിരുന്നു.

സുഭാഷ് പാലേക്കര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഫാം സന്ദര്‍ശിച്ചിട്ടുണ്ട്. തറവാട്ടുമുറ്റത്തെ 125 വര്‍ഷം പഴക്കമുള്ള വലിയ കാലിത്തൊഴുത്തിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്. ചെറുവള്ളി, മലനാട്, ഗിഡ, കാസര്‍കോട് കുള്ളന്‍, കൃഷ്ണവാലി പശു, വടകര ഡാര്‍ഫ്, പൊന്‍വാര്‍, മോട്ടു, ജവാരി, പൊങ്കന്നൂര്‍, കിലാരി, ഗീര്‍, റെഡ്‌സിഡി, ബരാഗൂര്‍, വെച്ചൂര്‍ തുടങ്ങിയയിനം പശുക്കളെ പത്തുവര്‍ഷംമുമ്പ്  ഇന്ത്യയിലെ  വിവിധ പ്രദേശങ്ങളിലെ കര്‍ഷകരെ കണ്ടെത്തി സംഘടിപ്പിച്ചതാണ്. ഭാര്യ ഭാഷയും യുവകര്‍ഷകനായ മകന്‍ അക്ഷയും വിദ്യാര്‍ഥിനിയായ മകള്‍ തേജസയും ബാലകൃഷ്ണനെ പശുപരിപാലനത്തില്‍ സഹായിക്കുന്നുണ്ട്. രണ്ടു തൊഴിലാളികളും കൂടെയുണ്ട്. പതിനഞ്ചോളം പശുക്കള്‍ക്ക് കറവയുണ്ട്. പശുക്കള്‍ക്കുള്ള ചെലവ് ദിവസം 2000 രൂപയിലധികംവരും. ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന  വൈക്കോലും പച്ചപ്പുല്ലുമാണ് തീറ്റയായി നല്‍കുന്നത്.

ചാണകത്തില്‍നിന്ന് ഘരജീവാമൃതം എന്ന ജൈവവളം നിര്‍മിക്കുന്നുണ്ട്. തേങ്ങാപ്പിണ്ണാക്ക്, കഞ്ഞിവെള്ളം, തവിട് തുടങ്ങിയവകൊണ്ട് നിര്‍മിക്കുന്ന തീറ്റയാണ് പശുക്കള്‍ക്ക് നല്‍കുന്നത്. കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച നാടന്‍ ഇനം കന്നുകാലിസംരക്ഷകനുള്ള പുരസ്‌കാരം ബാലകൃഷ്ണന് ലഭിച്ചിരുന്നു.