നായകളിലെ പേവിഷബാധപോലെ വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് പൂച്ചകളിലെ പേവിഷബാധ. തെരുവുനായ, കുറുക്കന്‍ എന്നിവയില്‍ക്കൂടിയാണ് സാധാരണ ഇവയ്ക്ക് രോഗം പകരുന്നത്. ഇവയുടെ ഉമിനീരിലടങ്ങിയ വൈറസ് അണുക്കളാണ് രോഗം പരത്തുന്നത്. നായകളെപ്പോലെ കൂട്ടില്‍ വളര്‍ത്തുകയോ ചങ്ങലയിലോ ബെല്‍റ്റിലോ കെട്ടിയിടുകയോ ചെയ്യാത്തതുകൊണ്ട് ഇവ വീട്ടിലും പുറത്തും യഥേഷ്ടം സഞ്ചരിക്കും. അപ്പോള്‍ രോഗവാഹകരായ മൃഗങ്ങളില്‍നിന്ന് രോഗംവരാനുള്ള സാധ്യത കൂടുതലാണ്.

പെരുമാറ്റത്തിലെ മാറ്റം, ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം, വായില്‍നിന്ന് ഉമിനീര്‍ ഒലിക്കുക, നടക്കുമ്പോള്‍ വീഴാന്‍പോകുക, കല്ലും മണ്ണും തിന്നാന്‍ ശ്രമിക്കുക, പതുങ്ങിയിരുന്ന് ചാടി ആക്രമിക്കാന്‍ ശ്രമിക്കുക, കണ്ണിന്റെമുമ്പില്‍ പ്രാണികളുണ്ടെന്ന തെറ്റിദ്ധാരണയില്‍ അതിനെ പിടിക്കാന്‍ ശ്രമിക്കുക എന്നിവയാണ് രോഗലക്ഷണം.

രോഗവാഹകരായ മൃഗങ്ങളുടെ കടിയേറ്റാല്‍ ഒരു മാസംമുതല്‍ മൂന്നുമാസത്തിനുള്ളില്‍ രോഗലക്ഷണം കാണിക്കും. ഇത് കടിയുടെ സ്വഭാവം, തലച്ചോറില്‍നിന്ന് കടിയിലേക്കുള്ള ദൂരം എന്നിവയെ ആശ്രയിച്ച് ഒരു ദിവസത്തിനുശേഷമോ ഒരു വര്‍ഷത്തിനുള്ളിലോ ആകാം ലക്ഷണങ്ങള്‍.

പൂച്ചകള്‍ക്ക് മൂന്നുമാസം പ്രായമായാല്‍ പ്രതിരോധകുത്തിവെപ്പ് എടുക്കണം. എല്ലാ വര്‍ഷവും തുടര്‍കുത്തിവെപ്പ് നല്‍കണം. കഴിയുന്നതും വളര്‍ത്തുപൂച്ചകളെ രോഗവാഹകരായ മറ്റുമൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കുക. പൂച്ചകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയചെയ്താല്‍ ഇവയുടെ ബാഹ്യസഞ്ചാരം ഒരു പരിധിവരെ ഒഴിവാക്കാം. (ഫോണ്‍: 9947452708)