കഠിനാദ്ധ്വാനത്തിലൂടെയും നൂതന സാങ്കേതിക മാര്‍ഗങ്ങളിലൂടെയും പശുവളര്‍ത്തല്‍ ആദായകരമാക്കിയ സംരംഭമാക്കുകയാണ് മലപ്പുറം കോഡൂര്‍ ഡയറിഫാം ഉടമ താജ്മന്‍സൂര്‍.

 പശുക്കളെ കൂടപ്പിറപ്പുകളെപ്പോലെ സ്‌നേഹിച്ചിരുന്ന അച്ഛന്റെ നിര്‍ബന്ധം മൂലമാണ് പശുവളര്‍ത്തല്‍ മേഖലയിലേക്ക് തിരിഞ്ഞത്. ദിവസവും 240 ലിറ്റര്‍ പാലും പാലുത്പന്നങ്ങളായ തൈര്,മോര്,വെണ്ണ,നെയ്യ് തുടങ്ങിയവയും വാണിജ്യസ്ഥാപനങ്ങളിലും ഹോട്ടലുകളിലുമായി വിപണനം നടത്തുന്നു. 

മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പാല്‍ വിതരണം നടത്തുന്നുണ്ട്. കോഡൂര്‍ മില്‍ക് സൊസൈറ്റിയുടെ പ്രവര്‍ത്തനം 2005 വരെ മരവിച്ചിരിക്കുകയായിരുന്നു. താജ്മന്‍സൂറിന്റെ നേതൃത്വത്തില്‍ 350 ലിറ്റര്‍ പാല്‍ സംഭരിച്ച് ചെറുകിട ക്ഷീരകര്‍ഷകരെ സഹായിക്കുന്നു.

മാലിന്യ സംസ്‌കരണത്തിലും വിപണനത്തിലും തീര്‍ത്തും വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കോഡൂര്‍ ഡയറി ഫാമിന് മാസംതോറും 75000 രൂപയും വര്‍ഷത്തില്‍ ശരാശരി നാലുലക്ഷം രൂപയും വരുമാനമുണ്ട്. 

സ്‌നേഹത്തോടെയുള്ള പരിചരണവും ജൈവകാലിത്തീറ്റയുമാണ് പശുപരിപാലനത്തില്‍ താജ്മന്‍സൂറിന്റെ വിജയം. 

പാട്ടത്തിനെടുത്ത 8 ഏക്കര്‍ സ്ഥലത്ത് ജൈവനെല്‍കൃഷി ചെയ്യുന്നു. ഈ ജൈവവൈക്കോലും 2 ഏക്കര്‍ സ്ഥലത്തെ ജൈവപുല്ലും ഭക്ഷണമായി പശുക്കള്‍ക്ക് നല്‍കുന്നു. 

പരുത്തിപിണ്ണാക്ക്, ചെറുപയര്‍ പരിപ്പിന്റെ തോട്, പട്ടാണിക്കടല വേസ്റ്റ്, പൂളത്തൊലി, സോയാബീന്‍ തവിട്, ഉഴുന്നു തവിട്, അരിത്തവിട്, ഗോതമ്പ് തവിട് എന്നിവയും നല്‍കുന്നു. ഇതിന്റെ ഫലമായി കൂടുതല്‍ കൊഴുപ്പുള്ള വെണ്ണ,നെയ്യ്, പാല്‍ എന്നില ലഭിക്കുന്നു.കേരള ഫീഡ്‌സ് കാലിത്തീറ്റയും നല്‍കുന്നു. 

മാലിന്യ സംസ്‌കരണത്തിലും തൊഴുത്തിന്റെ സംവിധാനത്തിലും തികഞ്ഞ ചിട്ട പുലര്‍ത്തുന്ന മന്‍സൂര്‍ തൊഴുത്തില്‍ മാലിന്യം നീക്കം ചെയ്യാനും ചാണകം സംഭരിക്കാനുമായി പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ലഭിക്കുന്ന ചാണകവും ഗോമൂത്രവും ജൈവനെല്‍കൃഷിക്കും പുല്‍കൃഷിക്കും ഉപയോഗിക്കുന്നു. 

നെല്‍കൃഷി 8 ഏക്കറില്‍

കോട്ടക്കല്‍ ഈസ്റ്റ്  വില്ലൂരിലെ 8 ഏക്കര്‍ തരിശുപാടത്ത് നിന്നും 'ചിറ്റേനി'  ഇനം ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് നെല്‍കൃഷിയിലും മന്‍സൂര്‍ വിജയിച്ചു. 

ക്ഷീര വികസന വകുപ്പിന്റെ കാമധേനു അവാര്‍ഡ്, മികച്ച ക്ഷീര കര്‍ഷകനുള്ള മില്‍മയുടെ അവാര്‍ഡ,് ജില്ലാക്ഷീര വികസന വകുപ്പിന്റെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ്, കോഡൂര്‍ പഞ്ചായത്തിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരംതുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. 

കോഡൂര്‍ മില്‍ക് സൊസൈറ്റി കണ്‍വീനര്‍, ജില്ലാ ഡയറി ഫാം അസോസിയേഷന്‍ സെക്രട്ടറി, ജില്ലാ ഫാര്‍മേഴ്‌സ് അഡൈ്വസറി കമ്മിറ്റി ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 

(കടപ്പാട്:  കേരള കര്‍ഷകന്‍)

 

Contact number : 94950 15555