മില്‍മ 'മലയാളിക്ക് ഒരു പാല്‍പാക്കറ്റ് മാത്രമല്ല, ഗൃഹാതുരമായ ചില ഓര്‍മകളും അനുഭവങ്ങളും കൂടിയാണ്.  ടൂത്ത്‌പേസ്റ്റെന്നാല്‍ കോള്‍ഗേറ്റെന്ന പോലെ, മണ്ണുമാന്തിയെന്നാല്‍ ജെ.സി.ബി. എന്ന പോലെ പകരം വെക്കാനില്ലാത്ത ഒരു 'ബ്രാന്‍ഡ് നെയിം'.  പശുവിന്റെ മുഖത്തോട് സാമ്യമുള്ള നീല മുദ്ര കുട്ടികള്‍ക്ക് പോലും സുപരിചിതമായിരുന്നു. പക്ഷേ, മലബാറിലെ ആറ് ജില്ലകളിലേക്ക് മില്‍മയെത്തുന്നത് ഒരുപതിറ്റാണ്ട് വൈകിയാണ്. 'കരയുന്ന കുട്ടിക്കേ പാലുള്ളു'  എന്നാണല്ലോ ചൊല്ല്. പിന്നീട്  പലരും ഉറക്കെ കരഞ്ഞതിന്റെ ഫലമായാണ് മില്‍മ മലബാറിലും തുടങ്ങിയത്.   അതിന് അമരക്കാരനായത് ചങ്ങനാശ്ശേരിക്കാരനായ കെ.ടി തോമസും.   പിന്നീടുണ്ടായത് മില്‍മയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായങ്ങളാണ്.  

അല്‍പം ചരിത്രം....

സ്വാതന്ത്ര്യലബ്ധിക്കുശേഷം മധ്യവര്‍ഗക്കാരുടെ എണ്ണം കൂടിയപ്പോള്‍ ഇന്ത്യയില്‍ പാലിന് ആവശ്യവും കൂടി. ഇത് മുന്‍കൂട്ടിക്കണ്ട് ചില വിദേശരാജ്യങ്ങള്‍ പാലുത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ദ്യഘട്ടത്തില്‍ സൗജന്യമായായിരുന്നു വിതരണം. എന്നാല്‍ ഗുജറാത്തില്‍ 'അമുല്‍' വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഡോ.വര്‍ഗീസ് കുര്യന്‍ ഇതിനെ എതിര്‍ത്തു. കര്‍ഷകരുടെ വില കളയുന്ന നടപടിയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.  പകരം പാല്‍വിറ്റ പണം കൊണ്ട് ഒരു സഹകരണ പ്രസ്ഥാനം കെട്ടിപ്പൊക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.  

 അന്നത്തെ ക്ഷീരവികസ മന്ത്രിയായ കെ.ആര്‍.ഗൗരിയമ്മ 1976 ല്‍ 'ഓപ്പറേഷന്‍ ഫ്‌ളഡ്2' പദ്ധതിയില്‍ പെടുത്തി 'കേരളാ ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ആന്‍ഡ് മില്‍ക്ക് മാര്‍ക്കറ്റിങ് ബോര്‍ഡ്'  രൂപവത്കരിച്ചു.  പക്ഷേ, വൈകാതെ ബോര്‍ഡ് നഷ്ടത്തിലായി. പശ്‌നം പരിഹരിക്കാന്‍ വീണ്ടും ഗൗരിയമ്മ കുര്യന്റെ സഹായം തേടി. ഇത് നേരെയാവണമെങ്കില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിന്ന് കര്‍ഷകരുടെ ഉടമസ്ഥതയിലേക്ക് മാറണമെന്നായിരുന്നു കുര്യന്റെ ഉപദേശം. കൃഷിക്കാരന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് വേണ്ടത്. നിലവിലുള്ള സര്‍ക്കാര്‍ പാല്‍വിപണന സംവിധാനം മുഴുവന്‍ ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനത്തിന് കൈമാറണമെന്ന് കുര്യന്‍ ആവശ്യപ്പെട്ടു.

 അങ്ങനെയാണ് 1981 ഏപ്രില്‍ ഒന്നിന് മില്‍മയെ സഹകരണ മേഖലയ്ക്ക് കൈമാറുന്നത്.  അത് ഒരു ചരിത്രമായിരുന്നു.  ഗുജറാത്തിലെ 'ആനന്ദി'ല്‍ വിദഗ്ധ പരിശീലനം നേടിയവരെ മില്‍മയുടെ തലപ്പത്തേക്ക് കൊണ്ടുവന്നു.  'അമുല്‍' മാതൃകയില്‍ കേരളത്തില്‍ രണ്ട് സഹകരണ യൂണിയനുകള്‍ രൂപവത്കരിച്ചു.  എറണാകുളവും തിരുവനന്തപുരവും ആസ്ഥാനമാക്കിയായിരുന്നു അത്.   ത്രിതലസംവിധാനമായിരുന്നു ഇതിന്റെ പ്രത്യേകത.  വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ സൊസൈറ്റികള്‍, ഈ സൊസൈറ്റികള്‍ ചേര്‍ന്ന് മേഖലാതലത്തില്‍ ക്ഷീരോത്പാദന യൂണിയനുകള്‍, ഇവചേര്‍ന്ന് സംസ്ഥാന തലത്തില്‍ ഫെഡറേഷന്‍ എന്നിങ്ങനെയാണ് ഘടന.

മില്‍മ മലബാറിലേക്കും...

തെക്കന്‍ കേരളത്തില്‍ മില്‍മ വന്‍ വിജയമായി.  ഇതിനിടയില്‍ മലബാര്‍ മേഖലയില്‍ നിന്ന് മില്‍മയ്ക്കുവേണ്ടി ആവശ്യങ്ങളുയര്‍ന്നു.  പാലക്കാട് മുന്‍ എം.എല്‍.എ.  ആര്‍.കൃഷ്ണനെപ്പോലുള്ളവര്‍ ഇതിനുവേണ്ടി ശക്തമായി വാദിച്ചു. അന്ന് ക്ഷീരവികസന മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അതിന് മുന്‍കൈയെടുത്തു. അങ്ങനെ 1990 ല്‍ മില്‍മ മലബാറിലേക്കുമൊഴുകാന്‍ തുടങ്ങി.  സ്വിസ് വികസന ഏജന്‍സിയുടെ ഫണ്ടാണ് മലബാര്‍ മേഖലാ ക്ഷീരോത്പാദന യൂണിയന്  ലഭിച്ചത്.  മലബാറില്‍ മില്‍മയ്ക്ക് നേതൃത്വം നല്‍കാന്‍ കെ.ടി.തോമസ് നിയോഗിക്കപ്പെട്ടു.  പൂജ്യത്തില്‍ നിന്ന് തുടങ്ങുകയായിരുന്നു അദ്ദേഹം.  2010ല്‍ കെ.ടി തോമസ് മലബാര്‍ മേഖലാ എം.ഡിയായി.  അതിനുശേഷമാണ് മില്‍മയുടെ ചരിത്രം വഴിമാറിയൊഴുകിയത്. 

സ്വിസ് ഫണ്ടുപയോഗിച്ച് എല്ലാ പ്ലാന്റുകളും വിപുലീകരിക്കുകയാണ് ആദ്യം അദ്ദേഹം ചെയ്തത്. കോഴിക്കോട്ട് പുതിയ പ്ലാന്റ് തുടങ്ങി.  തുടക്കത്തില്‍ മലബാറില്‍ അമ്പതിനായിരം ലിറ്ററായിരുന്നു പാല്‍ സംഭരണ ശേഷി.  ഇന്ന് അത് ആറുലക്ഷം ലിറ്ററാണ്. ശ്രീകണ്ഠപുരത്ത് പുതിയ ഒരു പ്ലാന്റ് ജൂലായ് ഒന്നിന് തുടങ്ങും.  ആറുമാസം വരെ പാല്‍ കേടുകൂടാതിരിക്കാനുള്ള സാങ്കേതിക വിദ്യയുമായാണ് ഈ പ്ലാന്റ് വരുന്നത്.  മറ്റൊരു പ്ലാന്റ് മലപ്പുറം മൂര്‍ക്കനാട്ട് ഒരുങ്ങിക്കൊണ്ടിരിക്കുയാണ്. കോഴിക്കോട് കുന്നമംഗലത്ത് പുതിയൊരു ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു.  ദിവസം അയ്യായിരം ലിറ്റര്‍ ഐസ്‌ക്രീം ഇതില്‍ ഉത്പാദിപ്പിക്കാം. രാജ്യത്തെ പത്ത് മികച്ച മില്‍ക്ക് യൂണിയനുകളിലൊന്നാക്കി മലബാറിലെ മില്‍മയെ മാറ്റിയതിന് ശേഷമാണ് കെ.ടി.തോമസ് വിടപറയുന്നത്.   തുടങ്ങിയകാലത്ത് തെക്കന്‍ ജില്ലകളില്‍ നിന്നാണ് മലബാറില്‍ പാലെത്തിച്ചിരുന്നതെങ്കില്‍ രണ്ട് വര്‍ഷം മുമ്പ് തെക്കന്‍ജില്ലകളില്‍ മുഴുവന്‍ പാലുനല്‍കാനുള്ള ശേഷി മലബാറിന് അദ്ദേഹം ഉണ്ടാക്കിക്കൊടുത്തു.

വിറ്റുവരവ് ആയിരം കോടി ...

മില്‍മയ്ക്ക് ആധുനികതയുടെ മുഖം നല്‍കുകയായിരുന്നു കെ.ടി. അതത് കാലത്തെ അത്യാധുനികമായ സാങ്കേതിക വിദ്യ മില്‍മയില്‍ കൊണ്ടുവന്നു.  അതിന് ഫലവുമുണ്ടായി. ഇന്ന് മില്‍മയുടെ മലബാര്‍ മേഖലയിലെ വിറ്റുവരവ് ആയിരം കോടിരൂപയാണ്.  ഇതില്‍ 250 കോടിരൂപ പാലുത്പന്നങ്ങളില്‍ നിന്നാണ്.   വിറ്റുവരവിന്റെ 82 ശതമാനം പാല്‍വിലയായും മറ്റ് ആനുകൂല്യങ്ങളായും കര്‍ഷകര്‍ക്ക് തന്നെ നല്‍കുന്നു. മികച്ച സേവനവേതന വ്യവസ്ഥ. കൃഷിക്കാരോടുള്ള പ്രതിബദ്ധത ഓരോ തീരുമാനങ്ങളിലും മുഴച്ചു നിന്നു.  എല്ലാ കൃഷിക്കാര്‍ക്കും അപകടമരണ ഇന്‍ഷൂറന്‍സ്.  അമ്പത് ലക്ഷം രൂപവരെ  കവറേജ്. എല്ലാ കൃഷിക്കാര്‍ക്കും 5000 രൂപവരെയുള്ള ചികിത്സ സൗജന്യം. കൃഷിക്കാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് മാത്രം വര്‍ഷം ഒരു കോടിയോളം രൂപയാണ്  നല്‍കുന്നത്.  എട്ട് ഗ്രാമങ്ങളില്‍ സ്വന്തം വെറ്ററിനറി സര്‍വീസുണ്ട്.  സ്വന്തം മൃഗഡോക്ടര്‍മാര്‍. മാസം അയ്യായിരം ടണ്‍ കാലിത്തീറ്റ സ്വന്തം പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നു.   മില്‍മയില്‍ രൂപവത്കരിച്ച ട്രസ്റ്റ് വഴി അവശതയനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു.  ഈവര്‍ഷം 40 ലക്ഷം രൂപയുടെ സഹായങ്ങളാണ് പാവങ്ങള്‍ക്ക് നല്‍കിയത്.  
       
 ഓരോ വര്‍ഷവും ഏഴ് ശതമാനത്തോളം ഉത്പാദനം കൂട്ടിക്കൊണ്ടിരിക്കുകയാണ്. 350 ടണ്‍ നെയ്യ് വര്‍ഷം ഗള്‍ഫിലേക്ക് മാത്രം കയറ്റുമതി ചെയ്യുന്നു.  35 ടണ്‍ പേട നിര്‍മിക്കുന്നു. 250 ലക്ഷം ലിറ്റര്‍ തൈരാണ് വര്‍ഷം വില്‍ക്കുന്നത്.  പാലുത്പന്നങ്ങള്‍ക്ക് മാത്രമായി ബേപ്പൂരില്‍ ഒരു പ്ലാന്റ് തുടങ്ങി.   സ്വിസ് സഹായമായി കിട്ടിയ പണം മുഴുവന്‍ പലിശയടക്കം തിരിച്ചടച്ചുകഴിഞ്ഞു.

ഇങ്ങനെ വേണം തൊഴിലാളികള്‍...

മില്‍മയ്ക്കുള്ളില്‍ ഉച്ചനീചത്വമില്ലാത്ത ഒരു തൊഴിലന്തരീക്ഷമുണ്ടാക്കിയതാണ് കെ.ടി.തോമസിന്റെ വിജയം.  തൊഴില്‍ സമരങ്ങളില്ല, തൊട്ടതിനും പിടിച്ചതിനും എതിര്‍പ്പുകളില്ല.  ഓരോ പരിഷ്‌കരണ പദ്ധതികളിലും തൊഴിലാളികള്‍ സഹകരിച്ചതാണ് വിജയത്തിന് കാരണമെന്ന് എം.ഡിയും പറയുന്നു.   രാഷ്ട്രീയക്കാര്‍ ഭരണത്തില്‍ ഇടപെടില്ല. നിയമനങ്ങള്‍ തികച്ചും സുതാര്യം.  മികച്ച വിപണനസംവിധാനം ഒരുക്കിയതും തൊഴിലാളികളുടെ സഹകരണത്തോടെത്തന്നെ.

  2022ല്‍ രണ്ടായിരം കോടിയുടെ വിറ്റുവരവ് ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് ഇദ്ദേഹം മില്‍മയില്‍ നിന്ന് പടിയിറങ്ങുന്നത്.  പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ്, അവിശ്രമം പണിയെടുക്കാനുള്ള മനസ്സ്, തൊഴിലാളികളോടുള്ള പ്രതിബദ്ധത എന്നിവയൊക്കെയാണ് ഇദ്ദേഹത്തെ മലബാറിന്റെ പാല്‍ക്കാരനാക്കിയതെന്ന് തൊഴിലാളികളും സമ്മതിക്കുന്നു. ഏത് പാതിരയ്ക്കും ഏത് ജീവനക്കാരനും എം.ഡിയെ വിളിക്കാം. ഒരു പ്രശ്‌നം പറഞ്ഞാല്‍ അത് പരിഹരിക്കാതെ ഉറക്കമില്ല. പാലെന്നല്ലാതെ വേറൊരു ചിന്തയുമില്ലാത്ത മനുഷ്യന്‍ എന്നാണ് മില്‍മയില്‍ നിന്ന് ടെക്‌നിക്കല്‍ സൂപ്രണ്ടായി വിരമിച്ച കെ.ലക്ഷ്മണന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.  കണ്ണൂര്‍ കോളയാട് സ്വദേശി റീനയാണ് ഭാര്യ.  നിധിന്‍, നെവിന്‍ എന്നിവരാണ് മക്കള്‍.  മികച്ച ആസൂത്രണമുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി. പോലെ സര്‍ക്കാരിന് എന്നും തലവേദനയുണ്ടാക്കുന്ന സംവിധാനങ്ങളും ലാഭകരമാക്കാമെന്നാണ് കെ.ടി.തോമസിന്റെ അഭിപ്രായം