കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ മത്സ്യമാണ് ഗിഫ്റ്റ് തിലാപ്പിയ. കുറഞ്ഞ കാലയളവില്‍ തന്നെ പെട്ടെന്ന് വളര്‍ന്ന് വിപണനത്തിന് പാകമാകുന്ന തിലാപിയ മത്സ്യമാണ് ഇത്. ഗിഫ്റ്റ്  തിലാപിയ മത്സ്യങ്ങള്‍ പൊതുജലാശയങ്ങളില്‍ എത്തിയാല്‍ നാടന്‍ തിലാപിയ മത്സ്യങ്ങളുമായി പ്രത്യുത്പാദനം നടത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. 

വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍

കൃഷി ചെയ്യുന്നതിന് ഉദ്ദേശിക്കുന്ന സ്ഥലം വെള്ളപ്പൊക്ക സാധ്യതാപ്രദേശം,ജീവസങ്കേതം,പ്രധാനപ്പെട്ട ജലസ്രോതസ്സുകള്‍ എന്നിവ ആയിരിക്കരുത്. 

ആണ്‍മത്സ്യങ്ങളെ മാത്രമേ കൃഷി ചെയ്യുന്നതിന് അനുവാദമുള്ളു

കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം 50 സെന്റിന് മുകളിലും 10 ഏക്കറിന്‌ താഴെയും ആയിരിക്കണം

തുറന്ന് വിട്ടിട്ടുള്ള കൃഷിക്ക് 10 ഗ്രാം വലിപ്പമുള്ള കുഞ്ഞുങ്ങളെ മാത്രമേ ഉപയോഗിക്കുന്നതിന് അനുവാദമുള്ളു.അതിനാല്‍ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേകം തയ്യാറാക്കിയ കുളങ്ങളിലോ ടാങ്കുകളിലോ ചെറിയ കണ്ണിവലിപ്പമുള്ള വലകള്‍ ഉപയോഗിച്ചോ 10 ഗ്രാം വലിപ്പമാകുന്നതുവരെ വളര്‍ത്തണം. ഒരു ച.മീറ്റര്‍ വിസ്തീര്‍ണത്തില്‍ പരമാവധി 5 മത്സ്യക്കുഞ്ഞുങ്ങള്‍ വരെയാണ് അനുയോജ്യം.

കൃഷി രീതികള്‍

കുളങ്ങളിലെ ഗിഫ്റ്റ് തിലാപിയ കൃഷി

തനതായ കുളങ്ങളില്‍ ഈ മത്സ്യം കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ പ്രകൃത്യായുള്ള തീറ്റ ലഭിക്കുന്നതിനാല്‍ അധിക തീറ്റ നല്‍കേണ്ടതില്ല. സമയാസമയങ്ങളില്‍ കുളങ്ങളില്‍ വളപ്രയോഗം നടത്തി പ്ലവകങ്ങളുടെ ഉത്പാദനം നടത്തിയാല്‍ മതിയാകും. ഇത്തരത്തില്‍ ചെറിയതോതില്‍ കൃഷി നടത്തുമ്പോള്‍ വര്‍ഷത്തില്‍ ഒരു ഹെക്ടര്‍ കൃഷിയിടത്തില്‍ നിന്നും 500-2000 കി.ഗ്രാം മത്സ്യം ലഭിക്കും. എന്നാല്‍ തികച്ചും ശാസ്ത്രീയ രീതിയില്‍ പുറംതീറ്റ നല്‍കി കൃഷി നടത്തുകയാണെങ്കില്‍ വര്‍ഷത്തില്‍ ഒരു ഹെക്ടര്‍ കൃഷിയിടത്തില്‍ നിന്നും ചുരുങ്ങിയത് 7500-8000 കിലോഗ്രാം മത്സ്യം ലഭിക്കാം

കൂടുമത്സ്യകൃഷി 

കൂട് മത്സ്യകൃഷിക്ക് ഏറ്റവും അനുയോജ്യമായ മത്സ്യങ്ങളില്‍ ഒന്നാണ് ഇത്. തുറസ്സായ ജലാശയങ്ങളില്‍ നിയന്ത്രിത ചുറ്റുപാടില്‍ മത്സ്യം കൃഷി ചെയ്യുന്ന രീതിയാണ് കൂട് മത്സ്യകൃഷി. കൂടുകളില്‍ മത്സ്യകൃഷി നടത്തുമ്പോള്‍ ഒരു ചതുരശ്ര അടിയില്‍ നിന്നും 10 കി.ഗ്രാം മത്സ്യം വിളവെടുക്കുന്ന രീതിയിലും ശാസ്ത്രീയാടിസ്ഥാനത്തില്‍  നടത്തുന്നവര്‍ 25 കി.ഗ്രാം വരെ വിളവെടുക്കുന്ന രീതിയിലും കൃഷി ചെയ്യണം. 

(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)