മന്തുരോഗമുണ്ടാക്കുന്ന പരാദങ്ങള്‍ പൊതുവില്‍ ഫൈലേറിയ വിരകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ പ്രായപൂര്‍ത്തിയാകാത്ത ലാര്‍വകളായ മൈക്രോഫൈലേറിയകളാണ്  ഈ രോഗമുണ്ടാക്കുന്നത്. നായ്ക്കളില്‍ സാധാരണയായി കാണുന്ന മൈക്രോഫൈലേറിയകള്‍ ഡൈറോഫൈലേറിയ റിപ്പന്‍സ്, ഡൈറോഫൈലേറിയ ഇമൈറ്റിസ് എന്നീ ഇനങ്ങളില്‍പ്പെടുന്നവയാണ്.

മനുഷ്യരില്‍ മന്തുരോഗമുണ്ടാക്കുന്ന പരാദങ്ങള്‍ ബ്രൂജിയ മലായ് , വുച്ചറേറിയ ബാന്‍ക്രോഫ്റ്റി എന്നീ ഇനങ്ങളില്‍പ്പെട്ട ഫൈലേറിയ വിരകള്‍ ആണ്. ബ്രൂജിയ മലായ് , വുച്ചറേറിയ ബാന്‍ക്രോഫ്റ്റി എന്നീ ഇനങ്ങളില്‍പ്പെട്ട ഫൈലേറിയ വിരകള്‍ ലസിക ധമനികളില്‍ വസിക്കുകയും അതുമൂലം ധമനികളില്‍ തടസ്സമുണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് മന്ത് അഥവാ ലിംഫാറ്റിക് ഫൈലേറിയോസിസ് എന്ന രോഗമുണ്ടാകുന്നത്. കൊതുകുകളാണ് ഈ രോഗത്തിന്റെ പ്രധാന വാഹകര്‍. 

തീരദേശങ്ങളായ ആലപ്പുഴ, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ വസിക്കുന്ന മനുഷ്യരില്‍ മന്തുരോഗം വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും ഈ രോഗം ഇല്ലായ്മ ചെയ്യാന്‍ ലോകാരോഗ്യസംഘടനയും ഭാരത സര്‍ക്കാരും ചേര്‍ന്ന് ഗ്ലോബല്‍ പ്രോഗ്രാം ഫോര്‍ ദി എലിമിനേഷന്‍ ഓഫ് ലിംഫാറ്റിക് ഫൈലേറിയോസിസ് എന്ന പദ്ധതയിലൂടെ നിരവധി വര്‍ഷങ്ങളായി ശ്രമിച്ചു വരുകയാണ്. എന്നാല്‍ മൃഗങ്ങളില്‍ ഈ രോഗം അജ്ഞാതമായിരുന്നു.

2009 ല്‍  മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടന്ന ഗവേഷണത്തില്‍ മനുഷ്യരില്‍ കാണുന്ന ബ്രൂജിയ മലായ് ഇനത്തില്‍പ്പെട്ട മന്തുരോഗപരാദങ്ങള്‍ നായ്ക്കളിലും രോഗമുണ്ടാക്കുന്നുവെന്ന് ആദ്യമായി കണ്ടെത്തുകയുണ്ടായി. ഈ അടുത്തകാലത്ത് അത് വളര്‍ത്തു പൂച്ചകളിലും രോഗമുണ്ടാക്കുന്നതായി കണ്ടുവരുന്നു. കേരളത്തിലെ നായ്ക്കളിലും  പൂച്ചകളിലും ഡൈറോഫൈലേറിയ റിപ്പന്‍സ്, ബ്രൂജിയ മലായ് എന്നീ ഇനങ്ങളില്‍പ്പെട്ട മൈക്രോഫൈലേറിയകളാണ് കണ്ടുവരുന്നത്.

രോഗലക്ഷണങ്ങള്‍ 

നായ്ക്കളില്‍ മന്തുരോഗത്തിന്റെ  പ്രധാന ലക്ഷണങ്ങള്‍  കൈകാലുകളിലും വൃഷണത്തിലുമുണ്ടാകുന്ന നീര്‍ക്കെട്ടും വേദനയുമാണ്. കൂടാതെ വിശപ്പില്ലായ്മ , ഛര്‍ദി ,പനി എന്നിവയും ചിലപ്പോള്‍ കാണാം. പൂച്ചകളില്‍ വിശപ്പില്ലായ്മ, തളര്‍ച്ച , ക്ഷീണം, പനി എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. കരള്‍ ,വൃക്ക ,ഹൃദയം തുടങ്ങിയ ആന്തരാവയങ്ങളേയും ഈ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രോഗനിര്‍ണ്ണയവും ചികിത്സയും

വളരെ ലളിതമായ രക്തപരിശോധനയിലൂടെ  രോഗനിര്‍ണ്ണയം സാധ്യമാണ്. തുടക്കത്തില്‍ തന്നെ നമ്മുടെ ഓമനമൃഗങ്ങളെ ചികിത്സാവിധേയമാക്കിയാല്‍ ഈ രോഗത്തെ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും. മൈക്രോഫൈലേറിയയുടെ ഇനങ്ങളനുസരിച്ച് ഫലപ്രദമായ മരുന്നിലും വ്യത്യാസമുണ്ട്. ഡൈറോഫൈലേറിയ റിപ്പന്‍സ് കൊണ്ടുണ്ടാകുന്ന രോഗത്തിന് ഐവര്‍മെക്ടിന്‍ ഫലപ്രദമാണ് എന്നാല്‍ ബ്രൂജിയ മലായ് മൈക്രോഫൈലേറിയക്ക് ലവാമിസോള്‍ ഹൈഡ്രോക്ക്‌ ലോറൈഡ് ആണ് ഫലപ്രദമായി കണ്ടുവരുന്നത്.  

മനുഷ്യരില്‍ മന്തുരോഗമുണ്ടാക്കുന്ന പരാദങ്ങള്‍ മൃഗങ്ങളിലും രോഗമുണ്ടാക്കുന്നതായി കണ്ടുവരുന്നതിനാല്‍ മനുഷ്യരിലെ മന്തുരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക വിജയത്തിന് ഒരുപക്ഷേ ഈ രോഗം നമ്മുടെ വളര്‍ത്തു നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും തുടച്ചു നീക്കേണ്ടതായി വന്നേക്കാം.

(മണ്ണുത്തി വെറ്ററിനറി കോളേജിലെ വെറ്ററിനറി ക്ലിനിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖിക)