പൂച്ചാക്കല്‍: വൈരാഗ്യവും വര്‍ഗവ്യത്യാസവുമില്ലാതെ വളര്‍ത്തുമൃഗങ്ങള്‍ സ്‌നേഹത്തോടെ കഴിയുന്നതുകണ്ട് മനുഷ്യര്‍ക്ക് അദ്ഭുതപ്പെടാം. ആലപ്പുഴയിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മാന്താനത്ത് ചന്ദ്രന്റെ വീട്ടിലാണ് ഒരു കൂട്ടം വളര്‍ത്തുമൃഗങ്ങള്‍ ഒന്നിച്ചു കഴിയുന്നത്. നാലുപട്ടികളും മൂന്നുപൂച്ചകളും രണ്ടുപശുക്കളും തമ്മില്‍ ഇവിടെ നല്ല കൂട്ടാണ്.

ചന്ദ്രനും ഭാര്യ അമിതയും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒന്നിച്ചാണ് ആഹാരം കൊടുക്കുന്നത്. വിളിച്ചാല്‍ പൂച്ചകളും പട്ടികളും ഒരുപോലെ ആഹാരം കഴിക്കാനെത്തും. പശുക്കള്‍ക്കും ഇവയ്‌ക്കൊപ്പം ആഹാരം നല്‍കുന്നു. എന്ത് ആഹാരവും വഴക്കില്ലാതെ കഴിച്ചുകൊള്ളും.

വിശപ്പുണ്ടെങ്കിലും ആഹാരം കഴിച്ചുകൊണ്ടിരിക്കുന്ന പൂച്ചയെ പട്ടി നക്കുന്നതല്ലാതെ ഉപദ്രവിക്കില്ല. ഒരു പാത്രത്തില്‍നിന്ന് മൂന്നുപേര്‍ക്കേ ഒരു സമയം ആഹാരം കഴിക്കാന്‍ പറ്റൂ. രണ്ടുപൂച്ചകളും ഒരു പട്ടിയും കഴിച്ചു തീരുംവരെ മറ്റു പട്ടികള്‍ മാറിയിരിക്കും.

വേനലില്‍ വെള്ളം കിട്ടാത്ത അവസ്ഥയിലും പാത്രത്തില്‍ വെച്ചുകൊടുക്കുന്ന വെള്ളം കുടിക്കാന്‍ വഴക്കില്ല. വീട്ടിലെ ചോറും മുട്ടയും ഇറച്ചിയുമൊക്കെയാണ് പട്ടിയ്ക്കും പൂച്ചയ്ക്കും ആഹാരം. ഇടയ്ക്കിടെ പശുവിന്റെ പാലും. വര്‍ഷങ്ങളായി കുട്ടികളെപോലെയാണ് ചന്ദ്രനും ഭാര്യയും മൃഗങ്ങളെ പരിപാലിക്കുന്നത്.