ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യത്തെ നാലുദിവസം ആടിന്റെ കന്നിപ്പാല്‍ കൊടുക്കണം. എളുപ്പത്തില്‍ ദഹിക്കുന്ന ധാരാളം മാംസ്യവും ധാതുക്കളും വൈറ്റമിനുകളും ലഭിക്കുന്നതിനു പുറമേ ആട്ടിന്കുട്ടികളുടെ പ്രതിരോധശക്തിയും ഇതുമൂലം വര്‍ധിക്കുന്നു. പ്രസവിച്ച് അരമണിക്കൂറിനകം കന്നിപ്പാല്‍ ലഭ്യമാക്കണം. ശരീരഭാരത്തിന്റെ അഞ്ചില്‍ ഒരു ഭാഗംതന്നെ പാല് നല്‍കാം. ആദ്യത്തെ ഒരാഴ്ച ഓരോ പ്രാവശ്യവും രണ്ടു മുതല്‍ മൂന്ന് ഔണ്‍സ് എന്ന തോതില്‍ ആറുമണിക്കൂര്‍ ഇടവിട്ട് പാല്കൊടുക്കാം.
ഒരു മാസം പ്രായമാവുന്നതോടെ ഇതു മൂന്നു പ്രാവശ്യമായും രണ്ടാമത്തെ മാസത്തില്‍ രണ്ടു പ്രാവശ്യമായും മൂന്നാമത്തെ മാസത്തില്‍ ഒരു പ്രാവശ്യമായും ചുരുക്കാം. ആദ്യത്തെ മാസം ഒരു ദിവസം കൊടുക്കേണ്ട പാല് അവയുടെ ശരീരഭാരത്തിന്റെ ആറില്‍ ഒന്ന് എന്നതോതിലാണ്. ഒരു മാസം പ്രായമാവുന്നതോടെ ആട്ടിന്‍കുട്ടികള്‍ പച്ചപ്പുല്ലും മറ്റു തീറ്റയും തിന്നുതുടങ്ങുന്നതോടെ അവയ്ക്കുകൊടുക്കുന്ന പാലിന്റെ അളവ് കുറയ്ക്കാം.
പാലുത്പാദനശേഷി കുറഞ്ഞ ആടുകളുടെ കുട്ടികള്‍ക്ക് പാല് ആവശ്യത്തിന് ലഭിക്കില്ല. കൂടാതെ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് പാല് വേണ്ടത്ര ലഭിക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാംസ്യസമ്പന്നമായ ഒരു സമീകൃതാഹാരമിശ്രിതം, ജനിച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ത്തന്നെ കൊടുക്കാം.
ഈ മിശ്രിതം തയ്യാറാക്കുന്ന വിധം
കടലപ്പിണ്ണാക്ക് 15 ശതമാനം, മുതിര 30 ശതമാനം ചോളം/ഗോതമ്പ് പൊടിച്ചത് 27 ശതമാനം, കറിയുപ്പ് ഒരു ശതമാനം, മീന്‍പൊടി 10 ശതമാനം, ഗോതമ്പ് തവിട് 15 ശതമാനം, ധാതുമിശ്രിതം 2 ശതമാനം. ഇങ്ങനെ തയ്യാറാക്കിയ 100 കിലോഗ്രാം മിശ്രിതത്തില്‍ 25 ഗ്രാം വൈറ്റമിന്‍ എയും ഡിയും അടങ്ങിയ മിശ്രിതം ചേര്‍ക്കാം.
ഇത്തരം മിശ്രിതവും പച്ചപ്പുല്ലും കൊടുക്കുന്ന ഒരാട്ടിന്‍കുട്ടിക്ക് രണ്ടു മാസത്തിനുശേഷം പാല് തീരേ നല്കിയില്ലെങ്കിലും പ്രശ്നമില്ല. ആറുമാസം പ്രായമാകുന്നതുവരെ ഈ മിശ്രിതം 100 മുതല്‍ 350 ഗ്രാംവരെ നല്‍കാം. ആറുമാസം പ്രായമാകുന്നതോടെ വളര്‍ച്ചയെത്തിയ ആടുകള്‍ക്ക് കൊടുക്കുന്ന മിശ്രിതം 500 ഗ്രാം കൊടുക്കാം. ഈ അവസരങ്ങളിലെല്ലാം ആവശ്യമായ ശുദ്ധജലം നല്കാന് പ്രത്യേകം ശ്രദ്ധിക്കണം.
ഫോണ്‍: 9447417336