പറവൂര്‍: പച്ചപ്പുല്ലും ആവശ്യാനുസരണം വെള്ളവും നല്‍കും, പശുക്കള്‍ക്ക് കുശാലായി. ശുദ്ധവായു നിറഞ്ഞ പറമ്പുകളിലെ പുല്ലുകള്‍ക്കു മീതെ ചെറു കാറ്റുകൊണ്ട് കിടക്കാം. പറവൂര്‍ കനാല്‍ റോഡ് മണപ്പുറത്ത് രതീഷ് നാരായണന്റെയും ഭാര്യ ഡോ. ഷീജയുടെയും പശു പരിപാലനം പൂര്‍ണമായും പ്രകൃതിയോടിണങ്ങിയാണ്. 

animalhusbandry
 ഗീര്‍, കപില ഇനങ്ങളില്‍പ്പെട്ട വളര്‍ത്തുപശുക്കളുമായി

ഇവര്‍ വളര്‍ത്തുന്ന വിവിധയിനം പശുക്കള്‍ക്ക് കൃത്രിമമായ കാലിത്തീറ്റകള്‍ കൊടുക്കുന്നില്ല. ഇവ ലിറ്റര്‍ കണക്കിന് പാല്‍ ചുരത്തുന്നില്ലെങ്കിലും ലഭിക്കുന്ന പാല്‍ ഔഷധ ഗുണമുള്ളവയാണ്. 

ഗുജറാത്തില്‍ നിന്നുള്ള ഗീര്‍ ഇനത്തില്‍പ്പെട്ട ദേവൂട്ടിയാണ് ഉയരത്തില്‍ മുന്നില്‍. കപില, കാസര്‍കോട് കുള്ളന്‍, വെച്ചൂര്‍ തുടങ്ങിയ ഇനങ്ങളുമുണ്ട്. ഗംഗ, സുനന്ദിനി, സുരഭി, ശിങ്കാരി, പൊന്നി, ദേവി, മീനാക്ഷി, മണികണ്ഠന്‍, അയ്യപ്പന്‍, നന്ദികേശന്‍, മണിക്കുട്ടന്‍, മണിക്കുട്ടി എന്നൊക്കെയാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. 

ജനനത്തിലെ പ്രത്യേകതയാണ് കപില എന്ന പുതിയ ഇനം പശുക്കളുടെ ഗുണമേന്മ നിശ്ചയിക്കുന്നത്. ഗോള്‍ഡന്‍ കൗ എന്നും ഇതിന് പേരുണ്ട്. ചെമ്പ് നിറവും പൂച്ചക്കണ്ണുമായിരിക്കും. വാലിലും കാലിലും വെള്ള വളയം. മൂക്കും നാക്കും വെളുപ്പ്. കുട്ടിക്കുളമ്പ്. ഇതിന്റെ പാലും ചാണകവും മൂത്രവും ഔഷധ ഗുണമേറിയതാണ്. ഒരു മൂരിക്കുട്ടന്‍ ഉള്‍പ്പെടെ ഈയിനത്തില്‍പ്പെട്ട അഞ്ചെണ്ണമുണ്ട്. നാലു വര്‍ഷം മുമ്പാണ് ഗീര്‍ ഇനത്തില്‍പ്പെട്ട പശുവിനെ വാങ്ങിയത്. പ്രതിദിനം ഇത് പത്ത് ലിറ്റര്‍ പാല്‍ നല്‍കും. ഈയിനത്തില്‍പ്പെട്ട പശുക്കള്‍ ബ്രസീലില്‍ പ്രതിദിനം 120 ലിറ്റര്‍ പാല്‍ ചുരത്തുന്നുണ്ടെന്ന് രതീഷ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള യോഗ സ്റ്റേറ്റ് റിസോര്‍ട്ട് സെന്ററിന്റെ ഇന്‍സ്ട്രക്ടര്‍ കൂടിയണ് രതീഷ്. ഭാര്യ ഡോ. ഷീജ രതീഷ് പഞ്ചഗവ്യം എന്ന വിഷയത്തില്‍ കാഞ്ചിപുരം വാക്ഭട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇവര്‍ പശുവിന്റെ പാലും ചാണകവും മൂത്രവും ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉണ്ടാക്കി വരുന്നു.