ആമാശയ അമ്ലത ദീര്‍ഘനേരം ഉയര്‍ന്നുനില്‍ക്കുന്ന 'സറ' പശുക്കള്‍ക്ക് ഭീഷണിയാണ്. 'സബ് അക്യൂട്ട് റൂമിനല്‍ അസിഡോസിസ്' എന്ന ഉപാപചയരോഗത്തിന്റെ  ചുരുക്കപ്പേരാണിത്.  പശുക്കള്‍ കൂടുതല്‍ പാല്‍ചുരത്താനായി  രുചിയേറിയ, എളുപ്പം ദഹിക്കുന്ന, അന്നജപ്രധാനമായ  സാന്ദ്രാഹാരം  ധാരാളമായി നല്‍കുന്നതുവഴി ആമാശയത്തിന്റെ അമ്ലത  ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണിത്.

കറവപ്പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനക്ഷമതയെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്ന ഈ അവസ്ഥ വലിയ സാമ്പത്തികനഷ്ടമുണ്ടാക്കുന്നു. പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യത കുറയുകയും കാലിത്തീറ്റയെ പൂര്‍ണമായും ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നതോടെ കേരളത്തിലെ ഫാമുകളും 'സറ' ഭീഷണിയിലാണ്.  വ്യക്തവും കൃത്യവുമായ ബാഹ്യലക്ഷണങ്ങള്‍ പലപ്പോഴും കാണില്ല  എന്നതാണ് സറയുടെ  പ്രത്യേകത. പലപ്പോഴും  ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെയാവണം 'സറ' എന്ന അവസ്ഥ  പലപ്പോഴും തിരിച്ചറിയപ്പെടാതെപോകുന്നത്.  

കഴിക്കുന്ന തീറ്റയുടെ അളവ് കുറയുന്നതാണ് ഒരു ലക്ഷണം. ഈ ലക്ഷണവും ഒരു പ്രത്യേക രീതിയിലാണ് കാണപ്പെടുന്നത്.  ഒരു ദിവസം കൂടുതല്‍ തീറ്റയെടുക്കുന്ന പശു അടുത്ത ദിവസം തീറ്റയുടെ അളവ് കുറയ്ക്കുന്നു.   പാലിലെ കൊഴുപ്പിന്റെ അളവില്‍ കുറവുണ്ടാകുന്നു.  വയറിളക്കം നേരിയ തോതില്‍ കാണപ്പെടുന്നു.  ചാണകം അയഞ്ഞുപോവുകയും പതഞ്ഞ് കുമിളകള്‍ കാണപ്പെടുകയും ചെയ്യാം.  

ഇടവിട്ട ദിവസങ്ങളില്‍ വയറിളക്കം കാണപ്പെടുന്നതും  ലക്ഷണമാണ്.  അയവെട്ടല്‍ കുറയുന്നതായും നല്ല തീറ്റയെടുത്തിട്ടും  പശു ക്ഷീണിക്കുന്നതായും കാണപ്പെടുന്നു.  പാദത്തിനും കുളമ്പിനുമുണ്ടാകുന്ന  പ്രശ്‌നങ്ങളാണ് സറയുടെ  പ്രധാനവും കൃത്യവുമായ ലക്ഷണം.  ഗര്‍ഭാശയവീക്കം, പ്രത്യുത്പാദനപ്രശ്‌നങ്ങള്‍, അകിടുവീക്കം തുടങ്ങിയ  പ്രശ്‌നങ്ങളും പിന്നാലെയെത്തും. ചുരുക്കംപറഞ്ഞാല്‍ പാലുത്പാദനം കൂട്ടാനായി നല്‍കിയ  അമിതമായ ആഹാരം താത്കാലിക ലാഭം നല്‍കുമെങ്കിലും  ദീര്‍ഘകാലാടിസ്ഥാനത്തില്‍  വന്‍നഷ്ടം വരുത്തിവെയ്ക്കുന്നു.  ഇതാണ്  സറ ഉയര്‍ത്തുന്ന വലിയ ഭീഷണി.

പശുക്കളുടെ വയറ്റിലെ ഭക്ഷണം ശേഖരിക്കുന്ന അറയുടെ ആവരണത്തിനും അവയിലെ സൂക്ഷ്മജീവികള്‍ക്കും തീറ്റയുമായി പൊരുത്തപ്പെടാന്‍ നിശ്ചിതസമയം ആവശ്യമാണ്.  ഇത് ഒന്നുമുതല്‍ നാലാഴ്ചവരെ നീളും.  അതിനാല്‍ വറ്റുകാലത്തിന്റെ  സമയത്തുതന്നെ പ്രസവാനന്തരം  നല്‍കാനുള്ള തീറ്റ പശുക്കളെ ശീലിപ്പിച്ചുതുടങ്ങണം. പശുക്കള്‍ക്ക് നല്‍കുന്ന തീറ്റയില്‍  നാരിന്റെ അളവ്  കൃത്യമായി ഉറപ്പാക്കണം.   

അമ്ലങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന അപ്പക്കാരവും മറ്റും തീറ്റയില്‍ ചേര്‍ത്തു നല്‍കാം.  ഡെയറി ഫാമുകളിലെ തീറ്റ സാന്ദ്രാഹാരവും പരുഷാഹാരവും  ചേര്‍ത്തുനല്‍കുന്ന ടോട്ടല്‍ മിക്‌സഡ് റേഷന്‍ രീതിയാക്കുന്നത്  ഉത്തമമാണ്. 

(ഫോണ്‍:  9446203839,  email: drsabinlpm@yahoo.com)