'സത്യത്തില്‍ എനിക്ക് പ്രത്യേകിച്ചൊരു ഫാഷന്‍ കണ്‍സെപ്റ്റ് ഇല്ല. ഫാഷന്‍ ട്രെന്‍ഡുകള്‍ ശ്രദ്ധിക്കാറുമില്ല. പക്ഷേ, ഞാന്‍ ഒരു ഫംഗ്ഷന് ചെല്ലുമ്പോള്‍ ധാരാളം പോസിറ്റീവ് കമന്റസ് കിട്ടാറുണ്ട്. 'നന്നായിട്ടുണ്ടല്ലോ, ഇതെവിടുന്ന് വാങ്ങിയതാ..' എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ഞെട്ടാറുണ്ട്.' അഞ്ജലി പറയുന്നു.

ലുലു ഫാഷന്‍ വീക്കില്‍ ഏതു ഡ്രസ് ധരിക്കണം, ഏതു സ്‌റ്റൈലില്‍ വരണം എന്നൊന്നും അഞ്ജലി തലപുകയ്ക്കുന്നില്ല. 'അതിനല്ലേ ദാലു ഉള്ളത്. ഷോയുടെ കോറിയോഗ്രാഫര്‍ ദാലുവിന്റെ ഫാഷന്‍ സെന്‍സാണ് ഇന്നത്തെ എന്റെ കോണ്‍ഫിഡന്‍സ്.' ആ കോണ്‍ഫിഡന്‍സും, അതു തരുന്ന കൂള്‍നെസും അഞ്ജലിയുടെ പൊട്ടിച്ചിരിയിലും പ്രതിഫലിക്കുന്നു.

മാനത്തെ വെള്ളിത്തേരിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ അഞ്ജലി, ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. ടെയ്ക് ഓഫ്, സഖാവ്, കമ്മട്ടിപ്പാടം, പുലിമുരുകന്‍, ഒപ്പം, കലി, മറുപടി... അങ്ങനെ എത്രയോ സിനിമകള്‍. മലയാളത്തിനു പുറമേ തമിഴിലും അഭിനയിക്കുന്നു.

മലയാളത്തിലാണോ തമിഴിലാണോ അഭിനയിക്കാന്‍ കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍ അഞ്ജലിക്കു കൃത്യമായ ഉത്തരമുണ്ട്. 'മലയാളത്തില്‍ ക്യാരക്ടര്‍ റോളുകള്‍ കിട്ടുമ്പോള്‍ തമിഴില്‍ എനിക്ക് കിട്ടുന്നത് അധികവും ലീഡ് റോളുകളാണ്. അംഗീകരിക്കപ്പെടുന്നത് ആര്‍ക്കും സന്തോഷമുള്ള കാര്യമല്ലേ. ആ അര്‍ത്ഥത്തില്‍ തമിഴ് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നുണ്ട്. എന്നാല്‍, മലയാളത്തില്‍ എനിക്ക് ധാരാളം സിനിമകള്‍ കിട്ടുന്നുണ്ട്. അതും പ്രധാനമാണ്.'

അഞ്ചു സുന്ദരികളില്‍ അഞ്ജലിയും മകള്‍ ആവണിയും, അമ്മയും മകളുമായി അഭിനയിച്ചു. കുട്ടിപ്പുലിമുരുകന്റെയും കമ്മട്ടിപ്പാടത്തില്‍ ദുല്‍ക്കറിന്റെയും അമ്മയായി അഭിനയിച്ചു. അമ്മ റോളുകളെ എങ്ങനെ കാണുന്നു?

'അമ്മറോളുകളെ ഞാന്‍ അത്ര പേടിക്കുന്നില്ല. എന്തിനാണ് അമ്മറോളുകള്‍ ചെയ്യുന്നതെന്ന് പലരും എന്നോടു ചോദിക്കാറുണ്ട്.
മേക്കപ്പിട്ടാല്‍ ആ കഥാപാത്രമായി അഭിനയിക്കുക എന്നേ എനിക്കുള്ളു. മലയാളത്തില്‍ ഒരു വര്‍ഷം എനിക്ക് പതിനഞ്ചോളം റോളുകള്‍ കിട്ടാറുണ്ട്. അതില്‍ അധികവും എന്റെ പ്രായത്തിന് അനുസരിച്ചാണ്. ഞാന്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നുമില്ല. പിന്നെ വല്ലപ്പോഴും ചെയ്യുന്ന അമ്മറോളുകളെ ഞാന്‍ എന്തിനു പേടിക്കണം.' 

യുകെജിയിലേക്ക് കടക്കുന്ന മകള്‍ ആവണിയാണ് അഞ്ജലിയുടെ ഫാഷന്‍ ഗുരു. 'അവള്‍ ഇപ്പോള്‍ത്തന്നെ ഫാഷന്‍ കോണ്‍ഷ്യസാണ്. മാച്ചിംഗ് ആക്‌സസറീസേ ഇടൂ. മൂഡനുസരിച്ചേ ഡ്രസ് ചെയ്യൂ. ചിലപ്പോള്‍ എന്നോട് ചോദിക്കും, എന്താ അമ്മേ ഇങ്ങനെ കൂതറ ഡ്രസൊക്കെ ഇടുന്നതെന്ന്.'

സ്‌റ്റെലിഷ് ആകേണ്ട അവസരങ്ങള്‍ അഞ്ജലിക്ക് അറിയാം. 'പുലിമുരുകന്റെ വിജയാഘോഷത്തിനോ സംസ്ഥാന അവാര്‍ഡ് വിതരണത്തിനോ ഒക്കെ പോകുമ്പോള്‍, അതിനു ചേരുന്ന വിധം ഡ്രസ് ചെയ്യും. പക്ഷേ, എനിക്കിഷ്ടം സിംപിള്‍ ആന്റ് കൂള്‍ സ്‌റ്റൈലാണ്.'