കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊച്ചി ലുലു മാളില്‍ നടന്നു വരുന്ന ലുലു ഫാഷന്‍ വീക്കില്‍ സെലിബ്രിറ്റി ഷോ സ്‌റ്റോപ്പറായതിന്റെ സന്തോഷം മാതൃഭൂമിയുമായി പങ്കുവെച്ച് നേഹാ സക്‌സേന. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, കസബ തുടങ്ങിയ സിനിമകളില്‍ വേഷമിട്ട നേഹയുടെ മലയാളത്തില്‍ പുറത്തിറങ്ങാനുള്ള സിനിമ സഖാവിന്റെ പ്രിയസഖിയാണ്. കന്നഡ തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നേഹ ഫാഷന്‍ രംഗവുമായി അടുത്ത് നില്‍ക്കുന്ന താരമാണ്. 

'സിനിമാ രംഗത്തേക്ക് എത്തുന്നതിന് മുന്‍പ് ഫാഷന്‍ രംഗത്ത് മോഡലിംഗിലായിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്. ഫാഷന്‍ ഷോയുടെ ഭാഗമായി റാംപില്‍ ചുവടുവെയ്ക്കാന്‍ ലഭിച്ചിരിക്കുന്ന ഈ അവസരം വലിയ സന്തോഷത്തോടെയാണ് ഞാന്‍ സ്വീകരിച്ചത്. അടിപൊളി മ്യൂസിക്ക്്, മികച്ച വസ്ത്രങ്ങള്‍, മെയ്ക്കഅപ്പ്, ഹെയര്‍ഡൂയിംഗ് ഇവയെല്ലാമായി റാംപില്‍ ചുവട് വെയ്ക്കുമ്പോള്‍ കാണികളുടെ നോട്ടം എന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കും. എല്ലാ സ്ത്രീകള്‍ക്കും വ്യത്യസ്തമായും ഫാഷനബിളായും വസ്ത്രം ധരിക്കാന്‍ ഇഷ്ടമായിരിക്കും. എനിക്കും ഇഷ്ടമാണ്. ഇത്തരം ഷോകളിലൂടെ എന്റെ ലുക്ക്‌സില്‍ പരീക്ഷണം നടത്താനും എനിക്ക് സാധിക്കും'  നേഹാ സക്‌സേന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

'മോഡലിംഗും സിനിമാ അഭിനയവും രണ്ട് മേഖലകളാണ്. രണ്ടിനോടും തുല്യമായ പാഷനാണ് എനിക്കുള്ളത്. വിവിധ ബ്രാന്‍ഡുകളുടെ മുഖം, ടോപ്പ് മോഡലെന്ന പേര്  റാംപില്‍ നടക്കുമ്പോള്‍ ഇവയൊക്കെ എനിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. എല്ലാ ടോപ്പ് ഡിസൈനേഴ്‌സിന് വേണ്ടിയും ഞാന്‍ റാംപ് വോക്ക് നടത്തിയിട്ടുണ്ട്. ശീമാട്ടി, കേരളാ ഫാഷന്‍ ലീഗ്, ബാംഗല്‍ര്‍ ഫാഷന്‍ ലീഗ്, സ്‌റ്റൈല്‍ ഫാഷന്‍ വീക്ക് തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. പക്ഷെ, ഇതാദ്യമായിട്ടാണ് ഞാന്‍ ലുലു ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഒരു സെലിബ്രിറ്റി ഷോ സ്‌റ്റോപ്പറായി എത്താന്‍ സാധിക്കുന്നു എന്നത് എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കുന്നു. ദാലുവിന്റെ കൊറിയോഗ്രഫിയെക്കുറിച്ച് എനിക്ക് യാതൊരു വിധ ആശങ്കകളും സംശയവുമില്ല. എന്നെ സ്വീകരിച്ച എല്ലാ മലയാളി പ്രേക്ഷകരോടും എനിക്ക് പറയാനുള്ളത് ഹൃദയംഗമായ നന്ദിയാണ്. എന്റെ ജീവിതത്തില്‍ എല്ലാവരും വലിയ അനുഗ്രഹങ്ങളാണ്.'  നേഹ കൂട്ടിച്ചേര്‍ത്തു. 

ഇന്ന് (ശനിയാഴ്ച്ച) നടക്കുന്ന ഫാഷന്‍ ഷോയിലാണ് നേഹാ സക്‌സേന സെലിബ്രിറ്റി ഷോ സ്‌റ്റോപ്പറായി എത്തുന്നത്.